രചന : ചോറ്റാനിക്കര റെജികുമാർ✍

പൊന്നണിഞ്ഞെത്തും കിനാക്കളിൽ മുങ്ങിയും
പൊങ്ങിയും പൊൻവസന്തങ്ങൾ തീർപ്പൂ..
ചിന്നിച്ചിതറിത്തെറിക്കുന്ന മുത്തുപോ-
ലെന്നുംവരുന്ന,തെൻ മുന്നിലായും..
പിന്നെ,പ്പരിഭവക്കാൽച്ചിലമ്പിൻ താള –
മെന്നപോൽ ഹൃത്തിലെന്നീണമായീ..
നിന്ന,തെന്നോർമ്മയിൽ മഞ്ഞിൻ കണങ്ങളാൽ
കുഞ്ഞൊരുകൂടിതാ കൂട്ടിടുന്നൂ..
തൂവൽകിടക്കയിൽ ചാഞ്ഞിരുന്നെന്നുമേ
തൂകുന്നു മന്ദസ്മിതങ്ങളെന്നിൽ..
മാമ്പൂമണക്കും മധുമാസരാവുകൾ –
ക്കിമ്പമായ് തുമ്പമായ് തുള്ളി നിൽപ്പൂ..
സ്വച്ഛമീ നീല വിഹായസ്സിലേക്കണി –
ത്താരകം പോൽ കണ്ണുചിമ്മിടുന്നൂ..
മെല്ലെയെൻ ചില്ലയിൽ തൂവൽ കുടഞ്ഞൊരു
ചെല്ലക്കിളിപ്പൈതലായ്ക്കുറുകീ..
പിന്നെയോ ചിന്തയിൽ കൊക്കുരുമ്മിക്കൊണ്ടു
ചന്തത്തിലെന്നിൽക്കവിതകളായ്…

ചോറ്റാനിക്കര റെജികുമാർ

By ivayana