രചന : കൃഷ്ണമോഹൻ കെ പി ✍

മനുഷ്യൻ്റെ മനസ്സിലെ മദമെന്ന മഹിഷത്തെ
മഥിച്ചൊരു ശാസ്താവതാ
മുന്നിലെത്തുമ്പോൾ
മദത്തിൻ്റെ സഹോദരി
മാത്സര്യമാം വന നാരി
മഹിഷിയായ് വന്നവൻ്റെ മനം കലക്കീ
മുടിയിൽപ്പിടിച്ചുലച്ചൂ മസ്തകത്തെ ഭുവനത്തിൻ
മടിയിലങ്ങടിച്ചപ്പോൾ
മുക്തയായവൾ
മുജ്ജന്മത്തിൻ കർമ്മങ്ങളെ
മുന്നിലായിക്കണ്ടവളോ
മന്നവാ, നീയെന്നെ വേൾക്കെ-
ന്നപേക്ഷിച്ചു പോയ്
മുക്തയായ് നീയെനിക്കൊരു മുല്ലപ്പൂവോടൊക്കുന്നൊരാ
മജ്ജന്മ സഹോദരീ മമഗൃഹത്തിൽ
മാനിനിയായിട്ടെൻ്റെ മാമാങ്കത്തെക്കാണാനായി
മാതൃഭാവത്തോടെന്നും
മരുവുക നീ
മാമകമീ ഋഷീവേഷം മാലുകളകറ്റീടുവാൻ
മാലോകരെ പാപമുക്തരാക്കീടാനായീ
മനുജൻ്റെ മനസ്സിലെ
ഉൾത്താപത്തെയൊഴിവാക്കാൻ
മാമലയിൽ വസിച്ചീടും നൈഷ്ഠിക ബ്രഹ്മം
മാനസസഹോദരിയായ് വർത്തിക്ക നീയെന്നുമെന്നും
മാ…മക സഹോദരീ
മാളികപ്പുറമേ…
മന്ദ്ര മന്ത്രണം പോലെയീ മധുരസ്വരങ്ങൾ കേട്ട്
മഞ്ജുളാംഗിയാകുംദേവിമതിമറന്നൂ⚜️🙏


കൃഷ്ണമോഹൻ കെ പി

By ivayana