രചന : ദേവിപ്രിയ ✍

ആ മലമുകളിലേക്ക് പോകണം
കാലിലെ ചങ്ങലക്കിലുക്കം കേൾപ്പിക്കാതെ
ചിരിയിലെ അലർച്ചകൾ ഒതുക്കി വച്ച്
കണ്ണിലെ തീക്കനൽ മറച്ചു വച്ച്
താളത്തിൽ നൃത്തം ചെയ്തു
തളർന്ന തിരമാലകളുടെ മുകളിലൂടെ
ചക്രവാളത്തിൻ മതിൽക്കെട്ടിൽ
ചവുട്ടി മലനിരകളിൽ കയറണം
ഒതുങ്ങി നില്ക്കും മലനിരകളിൽ
നുഴഞ്ഞുയരും സൂര്യനെ കാണണം
ഉച്ചയ്ക്ക് നിനക്കെന്തൊരഹങ്കാരം
ആണെന്ന് ഉച്ചത്തിൽ ചോദിക്കണം
തീക്കട്ടകൾ നന്നായി ചേർത്തുടച്ച്‌
ഉച്ചയ്ക്കൊരു മുറുക്കൊണ്ട് മൂപ്പർക്ക്
എന്നിട്ടൊരു നീട്ടി തുപ്പലാണ് ! ഹോ !
ഒരു കീറു കരിമേഘപ്പുതപ്പു മുറിച്ചെടുക്കണം
അതിൽ അവനെ പുതപ്പിക്കണം
ഈറൻ പടർന്നു അവനൊന്നു കുതിരട്ടെ
നനഞ്ഞ മുഖവുമായ് മുഖം മറച്ചവൻ
നാണം കെട്ട് കടലിൽ ചാടി ചാവട്ടെ
അതു വരെ പതുങ്ങി നിന്ന അമ്പിളിക്കുട്ടൻ
അന്നേരം തിരശ്ശീല നീക്കി വരും
അവനോടും ചോദിക്കണം നീയെന്താ
ഇത്ര ഭീരുവായേ ! തണുത്തു വിറച്ചു
നില്ക്കുന്ന അവനു തനിയെ നില്ക്കാൻ
വലിയ ഭയമാണത്രേ ! കള്ളൻ !
ഒപ്പം കുറെ ഇളക്കക്കാരികളും !
മേഘങ്ങളുടെ പുറത്തു കയറി
ഒന്നു ആകാശത്തിന്റെ
നെറുകയിൽ ചുംബിക്കണം
അടയുന്ന അവളുടെ കണ്ണുകളിൽ
പൊടിയിട്ടു വേദനിപ്പിക്കാതെ
ഒന്നു മെല്ലെ കുത്തണം
ഒത്ത നടുക്ക് തന്നെ
പിന്നെ പതിയെ പിളർന്നു
പുറത്തോട്ടൊരു ചാട്ടം…

ദേവിപ്രിയ

By ivayana