രചന : സബിത ആവണി ✍

കൊടും വേനലിന്റെ ശേഷിപ്പെന്നോണം
അയാളിൽ അവസാന പ്രണയത്തിന്റെ
കാമ്പുകൾ പിന്നെയും നിലകൊണ്ടിരുന്നു.
അഗാധമായി പ്രണയിച്ചശേഷം,
അല്ലെങ്കിൽ,
അഗാധമായി പ്രണയിക്കപ്പെട്ടതിനു ശേഷം
മാത്രമാണ് അയാൾ എന്നിലേക്ക് വന്നത്.
ആദ്യം അയാൾ ആവശ്യപ്പെട്ടതും അതു തന്നെ.
മറക്കാൻ സഹായിക്കുക.
അവസാന പ്രണയത്തെ നീയാൽ തുടച്ചു മാറ്റുക.
തമ്മിൽ കാണുമ്പോൾ അയാളെന്റെ കൈപിടിച്ച് നടന്നിട്ടില്ല.
അയാളെന്നെ ചുംബിച്ചിരുന്നില്ല.
എന്നിട്ടും അയാളെന്നെ കാമുകിയെന്നു തന്നെ വിളിച്ചു.
ഹൃദയങ്ങൾ തമ്മിലേറെ അകലമില്ലാതെ
ഞങ്ങൾ ഒരുമിച്ചിരുന്നു.
“ചൂടാറും മുന്നേ കുടിച്ച് തീർത്തൊരു
ചായ മാത്രമായിരുന്നു കഴിഞ്ഞ പ്രണയം”
എന്നയാൾ ഓർമ്മിപ്പിച്ചു.
ഞാനോ!
അയാളുടെ ഹൃദയത്തന്റെ
ആകുലതകളിൽ പിടഞ്ഞ്
അയാളെ തന്നെ പ്രണയിച്ചു.
ഇന്നലെ ഞങ്ങൾ തമ്മിൽ ഒന്നുകൂടി കണ്ടു.
പഴയ പ്രണയത്തിന്റെ ഒരു ഓർമ്മയും അയാൾ പങ്കുവെച്ചില്ല.
പകരം ഓർത്തെടുത്തത് മുഴുവൻ
തമ്മിൽ കണ്ട ദിനങ്ങളുടെ ഓർമ്മകൾ മാത്രം.
പതിയെ അയാളിൽ ഞാൻ ഉടലെടുത്തിരിക്കുന്നു.
തലയിലെ വാടിയ മുല്ലപ്പൂ കൈയ്യിലെടുത്ത്
അയാളതിൽ ചുംബിക്കുന്നു.
അയാളുടെ ഓർമ്മകളിൽ ഞാൻ നിറയുന്നു.
എന്നാൽ ഞാനോ ?
നാളേയ്ക്ക് ഞാൻ അയാളിൽ ഓർമ്മയാവുന്നെന്നു ഭയന്ന്,
അയാളിൽ ചേർന്നിരിക്കാൻ ശ്രമിക്കുന്നു.
പുഞ്ചിരി അലക്ഷ്യമായി നോവുന്നു.
അയാളുടെ ചുംബനങ്ങൾ എന്നെ പൊള്ളിക്കുന്നു.
ഓർമ്മയായതിനു ശേഷം
അയാൾ മറ്റൊരാളിൽ എന്റെ ഓർമ്മകളെ അടക്കം ചെയ്യുമെന്ന് ഞാൻ ഭയക്കുന്നു.
ആലിംഗനങ്ങളിൽ ഞാൻ പതറുന്നു.
‘സ്നേഹമില്ലാതെയിരിക്കുക എന്നാൽ
ഹൃദയം ഇല്ലാതെ ഇരിക്കുക’
എന്നുകൂടി അർത്ഥമുണ്ടെന്ന് അയാൾ പറയുന്നു.
പ്രണയത്തെ ഭയക്കുന്ന
എന്റെ മിഴികളിൽ
അയാൾ അമർത്തി ചുംബിക്കുന്നു.
എന്റെ കാഴ്ച മങ്ങുന്നു.
ഹൃദയം അയാളാല്‍ നിറയുന്നു.

By ivayana