രചന : സോമരാജൻ പണിക്കർ ✍

ഒരു സംഘം കൃഷി ശാസ്ത്രജ്ഞരും റബ്ബർ ബോർഡും ചേർന്ന് ദശകങ്ങൾക്കു മുൻപ് കേരളത്തിലെ റബ്ബർ കർഷകർക്ക് തങ്ങളുടെ റബ്ബർ തോട്ടങ്ങളിൽ നൈട്രജന്റെ കുറവ് പരിഹരിക്കാൻ അടിക്കാട് ആയി വളർത്താൻ ഒരു തരം പയർ വിത്തുകൾ വിതരണം ചെയ്തു…ഇവ അടിക്കാട് ആയി വളരുകയും വർഷം തോറും ഇത് ഉഴുത് മറിച്ച് മണ്ണിനടിയിൽ ആക്കുന്നതോടെ റബ്ബറിനു വളരെ നല്ല വളർച്ച ഉണ്ടാകുകയും അങ്ങിനെ റബ്ബർ ഉൽപ്പാദനം വർദ്ധിക്കുകയും അങ്ങിനെ റബ്ബർ കർഷകർക്ക് അഭിവൃദ്ധി ഉണ്ടാവുകയും ചെയ്യും എന്നതായിരുന്നു അവർ നിരന്തരം പ്രചരിപ്പിച്ചിരുന്നത് …

എന്നാൽ കേരളം പോലെ ഒരു സംസ്ഥാനത്തെ കൃഷിക്കാരെ തലമുറകളോളം ദ്രോഹിക്കാൻ പറ്റുന്ന ഒരു അധിനിവേശ സസ്യം സംഭാവന ചെയ്യുകയായിരുന്നു എന്ന സത്യം അവർ മുൻ കൂട്ടി കണ്ടതും ഇല്ല …ഈ പയർ കേരളത്തിലെ റബ്ബർ തോട്ടങ്ങൾ മുഴുവൻ വ്യാപിച്ചു …ഭാരിച്ച പണചിലവ് വരുന്ന ” ഉഴുതു മറിക്കൽ ” നടത്താൻ പറ്റാത്ത കർഷകർ എല്ലാം ഈ അടിക്കാട് വർഷം വർഷം വെട്ടി നശിപ്പിക്കാൻ പാടു പെട്ടു …എന്തിനു പറയുന്നു ചുരുങ്ങിയ കാലം കൊണ്ട് ഈ കാട്ടു പയർ സകല കൃഷി ഭൂമികളും കൈയ്യടക്കി …


അരീക്കര ഉൾപ്പടെ സകല ചെറുകിട കർഷകരും നേരിടുന്ന വലിയ വെല്ലുവിളി ഈ കാട്ട് പയർ അധിനിവേശം എങ്ങിനെ നിയന്ത്രിക്കും എന്നതാണ്…
രണ്ടു വർഷത്തിനു മുൻപ് ഞങ്ങളുടെ റബ്ബർ കാലാവധി എത്തിയതോടെ തടി വെട്ടി വിറ്റു …തോട്ടം മുഴുവൻ ജെ സീ ബീ ഉപയോഗിച്ച് റബ്ബറിന്റെ കുറ്റികളും ഈ വളർന്നു നിറഞ്ഞ കാട്ടു പയറും ഒക്കെ നീക്കം ചെയ്തു വൃത്തിയാക്കി …

റബ്ബർ തടി വിറ്റു കിട്ടിയ പണം പകുതിയോളം ചിലവ് ചെയ്ത് ഭൂമി ഒരുക്കി കുറച്ചു വാഴയും കപ്പയും കൈതയും ചേനയും ഒക്കെ വെച്ചു …എന്നാൽ വെറും ആറു മാസം കൊണ്ട് ഈ കാട്ടു പയർ കൽക്കെട്ടുകളിൽ ( കയ്യാല ) നിന്നും നശിപ്പിക്കാൻ സാധിക്കാതെ പോയ വേരുകളിൽ നിന്നും വളർന്നു പറമ്പ് മുഴുവൻ ഘോര വനം ആക്കി മാറ്റി …നട്ട വാഴയിലും കപ്പയിലും കൈതയിലും എല്ലാം ഈ പയർ പടർന്നു കയറി അവയുടെ വളർച്ച തടഞ്ഞു …ഈ പയർ വള്ളികൾ പടരാത്ത ഒരേ ഒരു സ്ഥലം വീട് നിൽക്കുന്ന ഇടം ആണ്…ആൾ താമസം ഇല്ലായിരുന്നെങ്കിൽ വീടിനു മുകളിലും ഇവ പടർന്നു കയറിയേനെ ….


അരീക്കരയിലെ ചെറുകിട കർഷകർ ഇവയെ നശിപ്പിക്കാൻ ഇടക്കിടെ വെട്ടി നശിപ്പിക്കുകയോ സ്പ്രേ ചെയ്യുന്ന ഒരു കള നാശിനി പ്രയോഗിക്കുകയോ ഒക്കെ ചെയ്യുന്നത് കാണാറുണ്ട് ..എന്തു ചെയ്താലും അവ വീണ്ടും അടുത്ത മഴക്ക് തഴച്ചു വളരും‌…ചിലർ ഇടക്കിടെ ബ്രഷ് കട്ടർ സേവനം ഉപയോഗപ്പെടുത്തി വലിയ കാടുകൾ വെട്ടി വളർച്ച നിയന്ത്രിക്കുന്നുണ്ട് …എന്നാൽ ദിവസം 3000 രൂപയോളം അതിനു ചിലവ് വരും‌..മണിക്കൂറിനു 300 രൂപയാണ് പൊതുവിൽ നിലവിലുള്ള ചാർജ്ജ് …
ഞങ്ങളുടെ പഴയ റബ്ബർ തോട്ടത്തിലെ കാട് വളർന്നു വ്യാപിക്കുന്നത് തടയാൻ ബ്രഷ് കട്ടർ സേവനം ആണ് സാദ്ധ്യമായ ഒരു വഴി ..


ഇത്തവണ ചേട്ടൻ വിജയരാജൻ ആണ് തന്റെ ഉറ്റസുഹൃത്ത് ആയ സാം തന്റെ കൃഷിത്തോട്ടം വൃത്തിയാക്കാൻ ബ്രഷ് കട്ടർ ഉപയോഗിക്കുന്ന വിവരം പങ്കു വെച്ചത് ..സ്വയം ഉപയോഗിക്കാൻ പഠിക്കുന്നത് നല്ലതായിരിക്കും എന്നും സാം തന്റെ ബ്രഷ് കട്ടർ അതിനു വിട്ടു നൽകാം എന്നും പറഞ്ഞപ്പോൾ ആ വഴിക്കു ഒന്നു ശ്രമിച്ചു കൂടാ എന്ന് ആലോചിച്ചു തുടങ്ങി …


അങ്ങിനെ സാമിന്റെ ബ്രഷ് കട്ടർ അദ്ദേഹം തന്നെ വീട്ടിൽ വന്ന് ഒരു ഡെമോ ഒക്കെ നടത്തി എന്നെ ബ്രഷ് കട്ടർ ഉപയോഗിക്കാൻ ആദ്യ പരിശീലനം നൽകി …
ബ്രഷ് കട്ടർ ഉപയോഗിക്കാൻ ഒട്ടും പ്രയാസം ഉള്ള കാര്യം അല്ല ..എന്നാൽ ശരീരം മുഴുവൻ നന്നായി കവർ ചെയ്യുന്ന സുരക്ഷിത വേഷം വളരെ പ്രധാനമാണ്…അല്ലെങ്കിൽ അതിവേഗത്തിൽ തെറിച്ചു വരുന്ന ചെറു കല്ലുകളും പുൽ കഷണങ്ങളും മറ്റും ശരീരത്തിൽ തട്ടി പരിക്കു പറ്റാൻ സാദ്ധ്യത ഉണ്ട് …


അതിനാൽ തലയും മുഖവും സംരക്ഷിക്കാൻ ഹെൽമെറ്റും ശരീരം മുഴുവൻ സംരക്ഷിക്കാൻ പറ്റിയ ജീൻസോ ബോയിലർ സ്യൂട്ടോ കൈയ്യിൽ കൈയ്യുറകളും ഒക്കെ സംഘടിപ്പിച്ച് വീടിനു ചുറ്റുമുള്ള കാട് തെളിക്കാൻ ബ്രഷ് കട്ടർ പരിശീലനം തുടങ്ങി …സ്കൂട്ടർ പഠിക്കുന്നത് പോലെ ആദ്യ ദിവസങ്ങളിൽ അൽപ്പം പ്രയാസം നേരിട്ടു എങ്കിലും പിന്നീട് സംഗതി എളുപ്പം വഴങ്ങുന്ന ഒരു പരിപാടി ആയി മാറി ..
ഇപ്പോൾ അമ്മ ഉറങ്ങുന്ന സമയം നോക്കി രാവിലെയും വൈകിട്ടും ഒരോ മണിക്കൂർ ” കാട് തെളിക്കൽ ” യജ്ഞം പതിവാക്കി …ഇത് നല്ല ആശയം ആയി വിജയിച്ചാൽ ഒരു ബ്രഷ് കട്ടർ വാങ്ങാം എന്നു കരുതുന്നു‌…


വിപണിയിൽ 6500 രൂപ മുതൽ 45000 രൂപ വരെ വിലവരുന്ന ബ്രഷ് കട്ടറുകൾ ലഭ്യമാണ്…എങ്കിലും സാമാന്യം നല്ല ഒരു ബ്രാൻഡ് കൃഷി വകുപ്പിന്റെ സബ്സിഡി ഓടെ വാങ്ങിയാൽ പകുതി വിലക്കു ലഭിക്കും..15000 രൂപയോളം മുടക്കിയാൽ സാമാന്യം നല്ല ഒരു ബ്രാൻഡ് ബ്രഷ് കട്ടർ വാങ്ങാം…
പറമ്പ് മുഴുവൻ വ്യാപിക്കുന്ന ഈ അധിനിവേശ സസ്യത്തെ നിയന്ത്രിക്കാൻ ഈ ബ്രഷ് കട്ടർ സ്വയം ഉപയോഗിക്കുകയല്ലാതെ മറ്റു എളുപ്പ വഴികൾ ഒന്നുമില്ല ..
ഈ ബുദ്ധി നമുക്ക് നേരത്തെ തോന്നാഞ്ഞത് എന്താണ് എന്നു മാത്രമെ ഇപ്പോൾ എനിക്ക് തോന്നുന്നുള്ളൂ ….


ഈ ബ്രഷ് കട്ടർ കടം തന്നു സഹായിക്കുന്ന സാമിനും ഈ ആശയം പകർന്നു തന്ന വിജയ് ചേട്ടനും ഈ ബ്രഷ് കട്ടർ ഡെമോ വീഡിയോയിൽ പകർത്തിയ അമ്മയുടെ സഹായി രമണിക്കും നന്ദി പറഞ്ഞു കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ …

സോമരാജൻ പണിക്കർ

By ivayana