രചന : സുമോദ് പരുമല ✍

ഇടറുന്നൊരവസാനവാക്കും കൊഴിച്ചിട്ടുമറയുന്ന
നീലിമേ…
ഇനി നിൻ്റെ രാത്രികൾക്കോമനിയ്ക്കാനിവിടെയൊരുനോക്ക് പൂക്കില്ല .
പകൽക്കോണികൾ കടന്നേറെയായ്
സന്ധ്യകൾ വിങ്ങിപ്പിടയുന്ന
പശ്ചിമതീരം
വിഷക്കാറ്റിലൊടുവിലൊരു
തീനാളമണയുന്നു .
തുടുത്തൊരീക്കടലിൻ്റെ
പാൽമണൽക്കരയിൽ
ഉരുളുന്നവെൺശംഖിലൊരു തുടംതീർത്ഥം .
തിളവറ്റിയൊരുപുഴമായുന്നു.
ഹിമശൃംഗമവിടെ
വെൺമയടർന്ന് നഗ്നമാം
മൺപുറ്റുകൾ നീട്ടി
നിശ്ചലമൊരുനിഴൽച്ചിത്രം
വരയ്ക്കുന്നു .
എവിടെ ,
വിഷുപ്പക്ഷി … ഹൃദയം തുരന്നൊഴുകുമാതിരക്കാറ്റിൽ
നിറയും കടുന്തുടി ?
മിഴിയടർന്നിറ്റും
വിലാപങ്ങൾ …
എരിവെയിൽച്ചൂളകൾ
പങ്കിട്ടെടുത്ത വിലോലമാം ഹൃദയം ?
ഇന്നീയിരുൾച്ചുരുളി
ലാനാദരേണുവിൻ
സ്പന്ദനമൊരു
നിഴൽപ്പക്ഷിയായ്പ്പാടവേ
ചന്ദനവാതിൽപ്പടിയിലുരുമ്മുന്ന
പൂഞ്ചേലയില്ല
വെണ്ണയൊലിക്കുന്നൊരുണ്ണിവയറില്ല,
പാൽപ്പുഞ്ചിരിപ്പത
കവിളിൽപ്പുരണ്ടോരു
വെൺമുഖവടിവിലൊരമ്മമനമില്ല .
ഉള്ളിലെയലിവുകൾ മൂളുമൊരു മുരളിക
മുറിവുകളിൽ തീക്കാറ്റു
മുരളുന്ന മൺകുടം .
മൃതിച്ചൂരിലലിയാതെ
നീളും നിതാന്തത .
കരിനീലമിഴികളെ
തഴുകിമയക്കുവാനുടലഴകില്ല
ശ്യാമതീരങ്ങളിൽ
പടരുന്നനീലിമ …
കുളിരഴകുവഴിയുന്ന
രാകേന്ദുകിരണങ്ങൾ .
പാട്ടിൻ്റെ വെൺമണൽത്തീരങ്ങളിൽ
വീണ്ടുമെന്നും തളിരിടും
നൊമ്പരഗന്ധികൾ …
ഒറ്റയാമൊരുകമ്പി
കെട്ടിയവീണയിൽ
അഴിയുന്നൊരീണം
മയങ്ങിവീഴുംപോലെ …
നനവേറ്റുകുറുകുന്ന
രാക്കിളിപ്പിടയിലേക്കൊരു
മൂകരാഗം
മിഴികൾ നീട്ടും പോലെ
ആയിരംതാരാട്ടുപാട്ടുകൾ
കൈകളാൽ
വാത്സല്യത്തൊട്ടിലിലാട്ടി
മയക്കും പോൽ
ഓർമ്മയിൽപ്പാടുന്നു ,
വീണ്ടുമൊരാൾ
നിനവേറ്റുപാടുന്നു ,
പാഴ്ശ്രുതികളറിയാതെ .

സുമോദ് പരുമല

By ivayana