രചന : ജോയ്സി റാണി റോസ്✍

അന്നൊരിക്കൽ,ഒരു വിത്ത്
മണ്ണിന്റെ മടിയിലേക്ക് തലചായ്ക്കാൻ
ഒരിത്തിരിയിടം ചോദിക്കുന്ന പോൽ
ആയിരുന്നു നീയെന്നിലേക്ക് അണഞ്ഞത്.
എന്നിൽ നീ പതിയെ വേരാഴ്ത്തി!
വേറൊരാൾക്കും വിട്ടുകൊടുക്കില്ലയെന്നൊരു
നെഞ്ചുറപ്പോടെ
നിന്റെ തായ് വേരിനെ
പൊതിഞ്ഞു പിടിച്ചു ഞാൻ!
എന്നിട്ടും,
നീ ഉയരങ്ങളിലേക്ക് വളർന്നപ്പോൾ,
നിന്നിൽ ചേക്കേറാൻ
കിളികൾ വന്നണഞ്ഞപ്പോൾ,
നിന്റെ തണലിൽ വിശ്രമിക്കാൻ
എത്തുന്നവരോട്
നീ കൂട്ടുകൂടിയപ്പോൾ,
നിനക്ക് അനേകം കൂട്ടുകാരായപ്പോൾ
നീയെന്നെ മറന്നു.
നിനക്കറിയോ,
നീയെന്നിൽ നിന്നകലുമ്പോളും
എന്റെ നെഞ്ച് പിളർത്തിക്കൊണ്ട്
നിന്റെ വേരെന്നിൽ കൂടുതൽ ആഴത്തിലേക്കു വളരുമ്പോൾ
ആ മുറിവിനും കൂടി വലിപ്പമേറുന്നു.
എനിക്കപ്പോൾ വേദനിക്കുന്നുണ്ട്
ഞാൻ പിടയുന്നുണ്ട്
പക്ഷേ നീയിപ്പോൾ ഒന്നുമറിയുന്നില്ല
നീ പതിയെ തിരികെ നടന്നു മറയുകയാണെന്ന്
ഇപ്പോൾ ഞാനറിയുന്നു..

By ivayana