രചന : മായ അനൂപ്✍

മാനസ ജാലക വാതിൽ തുറന്നൊരു
മധുമാസ രാവിൻ മണിപ്പിറാവേ
മന്ദസ്മിതത്തിൻ മധുരിമയാലെന്നെ
മോഹത്തിൻ മുത്ത് നീ അണിയിച്ചുവോ

ഏതൊരു സന്ധ്യ തൻ സിന്ദൂരം ചാർത്തി നിൻ
പൂങ്കവിളാകെ ചുവന്നിരിപ്പൂ
ഏതൊരു മാസ്മര ഭാവത്താലെന്മനം
നിന്നിലേയ്ക്കനുദിനമോടി വന്നൂ

ഏകാന്തമായോരീ തീരത്ത് വന്നെന്റെ
ചില്ലയിൽ കൂടൊന്ന് കൂട്ടിയാലും
പാറിപ്പറന്നു നീ പോയീടുമെന്നാകിൽ വീണ്ടും
തനിച്ചായിപ്പോയിടും ഞാൻ

ഈ സ്വപ്ന വാസന്ത നന്ദനവനികയിൽ ഈണവും
താളവുമായി നമ്മൾ
തമ്മിലലിഞ്ഞലിഞ്ഞൊന്ന് ചേർന്നങ്ങനെ
ഒരു മുഗ്ദ്ധ സംഗീതധാരയാകും

എങ്ങനെ കാണും നാം നിറമെഴും സ്വപ്‌നങ്ങൾ
ഈ നാട്യരംഗമാം ജീവിതത്തിൽ
എങ്ങനെ കൊളുത്തീടും കനവിന്റെ നെയ്ത്തിരി കാറ്റ്
വന്നൂതിക്കെടുത്തിടാതെ.

മായ അനൂപ്

By ivayana