രചന : കൃഷ്ണമോഹൻ ✍

മധുരിപുവാകും മഥുരാനായകൻ
മമ ഹൃത്തിൽ വന്നു കുടിയേറി
മധുരിതമാകും വേണുഗാനത്താൽ മദഭരമാക്കീ മമ മോഹം
മുരളി തന്നുടെ വാദനത്തിനാൽ
മുകുളിതമായ ചിന്തകൾ
മുരഹരനുടെ പദമലരുകൾ
മുകരുവാനായി വെമ്പിപ്പോയ്
മധു കൈടഭരെ നിഹനിച്ചെപ്പോഴും
മനതാരിൽത്തന്നെ മരുവുന്ന
മമ കൃഷ്ണാ നിൻ്റെ
സകല ഭാവവും
മലരായെന്നുള്ളിൽ വിടരുമ്പോൾ
മനസ്സിനുള്ളിലെ കല്മഷങ്ങളോ
മൃദുല മഞ്ഞു പോലുരുകിപ്പോയ്
മലർമാതിൻ കാന്തൻ മൃദുഹാസത്തോടെ
മധുര നൈവേദ്യമേകിയോ
മുകുന്ദനെപ്പോഴും മുഴുകിടുന്നൊരാ
മനുജ ജീവിത സരണി തൻ
മണൽപ്പരപ്പിലെ അണുവായ് മാത്രമെൻ
മണമില്ലാ ജന്മ മലയുമ്പോൾ
മകരന്ദമായി മനസ്സിലെത്തി നീ മരന്ദമാക്കുകെൻ ജീവിതം
മമ മോഹം നിൻ്റെ പദതളിരിങ്കൽ
മനമോടർപ്പിപ്പൂ ഭഗവാനേ🙏

കൃഷ്ണമോഹൻ

By ivayana