കാളുന്ന കണ്ണുകളോടെയവൻ
കായും വെയിലിൽ തുഴയെറിഞ്ഞു
കായൽപ്പരപ്പിലൂടേറെ നീങ്ങി
കാഞ്ഞവെയിലേറ്റു വാടി ദേഹം

ചെമ്മാനം ചോന്നു മൂവന്തിയായി
ചെമ്പട്ടണിഞ്ഞു കായൽപ്പരപ്പും
ചെറുതോണി തുഴഞ്ഞ് ഓൻതളർന്നു
ചെറുവല വീശി കൈകുഴഞ്ഞു

ചെമ്മീനോ കരിമീനോ കിട്ടീല്ല
ചെമ്പല്ലിപ്പൊടിമീൻ തടഞ്ഞില്ല
ചൂണ്ടയിൽ വമ്പന്മാർ കൊത്തുന്നില്ല
ചൂടുംചൂരും ചോർന്നു മെയ് തളർന്നു

തീരത്തണായാനോ നേരമായി
തീരം പൂകാനൊട്ടു തോന്നണില്ല
തീരെപ്പണമില്ലെ കീശകാലി
തീരാത്ത ദുഃഖത്തിലായ് കുടുംബം

അകലെയോലപ്പുരേൽ ഓൻ്റെപെണ്ണ്
അടിവയർ കത്തുമാകാംക്ഷയാല്
അവളുടെ ചുറ്റുമോ പൈതങ്ങള്
അരിവാങ്ങിയച്ഛനെത്തുന്നകാത്ത്..

By ivayana