രചന : വാസുദേവൻ. കെ. വി ✍

കാലിലൂടെ കേറ്റിയിടുന്നത് “കാൽസ്രായി” യെങ്കിൽ തലയിലൂടെ മാറിൽ ഇടുന്നതിനെ “മാർസ്രായി”യെന്നു വിളിക്കാം താത്വികമായി.
കുട്ടികൾക്ക് മാതൃകയാവേണ്ട മുതിർന്ന അദ്ധ്യാപിക നനുത്ത ബനിയൻശീല കാലിലൂടെ വലിച്ചു കേറ്റി പ്രദർശിപ്പിച്ചത് ചോദ്യം ചെയ്തത് സ്കൂളിലെ അവസാന വാക്ക് പ്രധാനാധ്യാപിക. പരാതിയും പരിഭവവുമായി കലിപ്പ് കാട്ടി ടീച്ചറമ്മ രോഷാകുലയാവുന്ന കാഴ്ച മാധ്യമങ്ങളിൽ .തുടർന്ന് പെൺപൊരിമ ജിഹ്വകൾ കാൽസ്രായി സംരക്ഷണത്തിനായി ഇറങ്ങി അപഹാസ്യമാവുന്നതും കാണാനാവുന്നു. ലക്ഷ്യം സരസ്വതീയങ്കണത്തിൽ വസ്ത്രവിപ്ലവമെങ്കിൽ മുണ്ടും ഷർട്ടുമിട്ടെത്തി എന്നേ അതിന്റെ പാറ്റന്റ് നേടി കവിക്കെതിരെ മീ ടൂ പ്രഖ്യാപിച്ച ടീച്ചറമ്മ.


കാമറൂൺ- ബ്രസിൽ മത്സരം അങ്ങ് ഖത്തർ ലോകകപ്പ് വേദിയിൽ.
സംബാതാളം മറന്ന കളിയുമായി ഗ്രൗണ്ടിൽ ശുനകസമാനം വട്ടം കറങ്ങിയ ബ്രസീലിയൻ മഞ്ഞപ്പടയെ നാണംകെടുത്തി തോൽപ്പിച്ചുവിട്ട ചാരിതാർത്ഥ്യത്തോടെ ആഫ്രിക്കൻ ടീമിന്റെ മടക്കം. കളി തീരാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ കാമറൂൺ നായകൻ അബൂബക്കറിന്റെ തകർപ്പൻ ഹെഡ്ഡറിലൂടെ സ്വപ്നസമാനമായ ഗോൾ പിറന്നു. ആവേശച്ചൂടിൽ താരം തന്റെ മാർസ്രായി ഊരി വീശി ആഘോഷം.


ഉടൽവടിവുകൾ നേരിട്ടോ അല്ലാതെയോ കാട്ടാൻ മോഹം മാനവർക്ക്.
നിയമം നിയമത്തിന്റെ വഴിക്ക്. ഉടുതുണി ഗ്രൗണ്ടിൽ ഊരുന്നത് കൊടിയകുറ്റം. റഫറി ഗോളടിച്ചതിന് അബൂബക്കർക്ക് അഭിനന്ദനങ്ങൾ നൽകിയതിനൊപ്പം എടുത്തു വീശിയത് മഞ്ഞ കാർഡ്. നേരത്തെ ആദ്യ മഞ്ഞക്കാർഡ് സ്വന്തമാക്കിയ താരത്തിനത് ചുവപ്പു കാർഡും.
ചെയ്ത തെറ്റ് ഏറ്റുപറഞ്ഞ് പുഞ്ചിരിയോടെ പരാതിയില്ലാതെ കാമറൂൺ നായകൻ പുറത്തേക്ക് നടക്കുന്ന
കാഴ്ച ഏവർക്കും ഹൃദ്യം.


നമ്മുടെ അധ്യാപകസമൂഹത്തിൽ ചിലർ കാണേണ്ടതുണ്ട് ആ കാഴ്ച. പഠിക്കേണ്ടതുണ്ട് വസ്ത്രം ഉപയോഗിക്കേണ്ടത് എവിടെ, എങ്ങനെയൊക്കെയെന്നൊക്കെ .
യു ട്യൂബിൽ കാണാനാവും അത്‌.
മൊത്തം മലയാളി സമൂഹത്തിനു വേണ്ടി കാൽമുത്തമിട്ട ഷൈജു ചേട്ടന്റെ ശബ്ദം കടം കൊണ്ടാൽ അതിങ്ങനെയാവും .


“നിങ്ങളിത് കാണുക… ആവേശത്തിമിർപ്പിൽ പതിനായിരങ്ങളെ സാക്ഷി നിർത്തി ഈ ആഫ്രിക്കൻ മുത്ത്‌ കാട്ടിയ ഉടലളവുകളുടെ മിന്നും ചാരുത ആവോളം നുകരുക.
നിയമലംഘനത്തിന് ചോദിച്ചു വാങ്ങിയ ശിക്ഷ നിറചിരിയോടെ ഏറ്റുവാങ്ങിയ ശുദ്ധ മനസ്സിന്റെ നൈർമ്മല്യം കാണുക. നിങ്ങളത് പകർത്തുക… “

By ivayana