രചന : സെഹ്റാൻ✍

കാട്ടൂരങ്ങാടിയിലേക്ക് നടക്കുന്ന
യൗസേപ്പ്.
ദൈന്യതയുടെ കരിപുരണ്ട
പുഞ്ചിരി കണ്ണിൽ,
ചുണ്ടിൽ…
എങ്ങോട്ടാണിതെന്ന് തന്നോടുതന്നെ
യൗസേപ്പ്.
മറിയയ്ക്ക് മരുന്നു വാങ്ങാനെന്ന്
തന്നോടുതന്നെ യൗസേപ്പ്.
പൂട്ടിപ്പോയ തീയേറ്റർ.
ടിക്കറ്റ് കൗണ്ടറിന് മുന്നിൽക്കിടന്ന്
യൗസേപ്പിനോട് കുരയ്ക്കുന്ന
നായ്ക്കൂട്ടം.
കണ്ണിലെ, ചുണ്ടിലെ ദൈന്യച്ചിരി
നായ്ക്കൂട്ടത്തിനെറിയുന്ന യൗസേപ്പ്.
അടങ്ങുന്ന നായ്ക്കൂട്ടം.
മദ്യക്കട,
മരുന്നുകട,
മധുരക്കട,
തുണിക്കട
അരിക്കട പിന്നിട്ട്
നടക്കുന്ന യൗസേപ്പ്.
തലയ്ക്കുള്ളിലിരമ്പം.
ഇരമ്പുന്ന ബൈക്ക്.
കുനിഞ്ഞിരുന്നു പറക്കുന്നു
യൗസേപ്പിന്റെ മകൻ!
“കുരുത്തം കെട്ടവൻ”
പ്രാകുന്ന യൗസേപ്പ്.
മുറിയിൽപ്പരന്ന നീലപ്പുക.
സിഗററ്റ് ഗന്ധം.
ചുമയ്ക്കുന്ന മറിയ.
ചുമയുടെ തിരമാലകൾ.
“തല തിരിഞ്ഞവൻ”
ശപിക്കുന്ന യൗസേപ്പ്.
യൗസേപ്പിന്റെയും, മറിയയുടെയും
മകന്റെ പേരെന്ത്…?
നീലക്കണ്ണുകൾ മിഴിക്കുന്ന
പോൺസൈറ്റ്.
നഗ്നനാഗങ്ങളായ് കെട്ടുപിണയുന്നു
മേരിയും, (പ്ലസ് വൺ)
യൗസേപ്പിന്റെയും, മറിയയുടെയും
മകനും.(പ്ലസ് ടു)
നീലക്കണ്ണുകളടയ്ക്കുന്ന
പോൺസൈറ്റ്.
ചതിയനെന്ന് ആർത്തു കരയുന്ന
മേരിയുടെ ഇടംകൈയിലെ
നീലഞെരമ്പ്.
പാളുന്ന ബ്ലേയ്ഡ്.
സ്റ്റെയിൻലെസ് സ്റ്റീൽ തിളക്കം!
യൗസേപ്പിന്റെയും, മറിയയുടെയും
മകന്റെ പേരെന്ത്?
തീർച്ചയായും യേശുവെന്നല്ല.
യോഹന്നാനെന്നോ,
പീറ്ററെന്നോ,
മാത്യുവെന്നോ അല്ല.
പിന്നെ…?
താഴ് വരയിൽ ബൈക്കിരമ്പം.
കുനിഞ്ഞിരുന്നു പായുന്നു
യൗസേപ്പിന്റെയും, മറിയയുടെയും
മകൻ.
നാവിലലിയുന്ന ലഹരിയുടെ
നീലക്കൽക്കണ്ടത്തുണ്ടുകൾ.
താഴ് വരയറ്റത്ത് നാട്ടിയ
മരക്കുരിശുകൾ…
കാട്ടൂരങ്ങാടിയിലെ
കനാൽപ്പാലം കയറി
ആകാശത്തേക്ക് നടക്കുന്ന
യൗസേപ്പ്.
എങ്ങോട്ടാണിതെന്ന് തന്നോടുതന്നെ
യൗസേപ്പ്.
അറിയില്ലെന്ന് തന്നോടുതന്നെ
യൗസേപ്പ്.
➖➖⭕➖➖

സെഹ്റാൻ

By ivayana