രചന : വാസുദേവൻ. കെ. വി✍

“അവള്‍ പോകുന്നിടത്തെല്ലാം പുറകെ പോകും
വീട്ടുസാധനങ്ങള്‍ മുഴുവന്‍.
അവള്‍ ഉറങ്ങുമ്പോഴല്ലാതെ അവറ്റകള്‍ക്ക് ഉറക്കമില്ല.
അവള്‍ പനിച്ചാല്‍ വീടൊന്നാകെ പനിച്ചു വിറങ്ങലിക്കും..”,
“അതിരുകളിലൂടെ കുഞ്ഞുങ്ങള്‍ നടക്കുമ്പോള്‍’ എന്ന സതീഷ് തപസ്യയുടെ കാവ്യസമാഹാരത്തിലെ ഒരു കവിതയിലെ ആദ്യ വരികള്‍.
നിഷ്കളങ്ക ബാല്യങ്ങൾക്ക് കണ്ടെതലിൽ പലതും കളിക്കോപ്പാകുന്നു.
ഫേസ്ബുക് ഫോബിയ ബാധിച്ചവന് വായിക്കാൻ ഇപ്പോൾ സഹായി വേണം.
അമ്മയുടെ കണ്ണട. എന്തും അതിന്റെ അതേ ഭംഗിയിൽ ആസ്വദിക്കേണ്ടതുണ്ടെന്ന് അവന്റെ ശാട്യം.


വിരലുകൾ കൊണ്ട് ഉണർത്തി വലുതാകുന്നതിനോട് താൽപ്പര്യക്കുറവ്. സെറ്റിംഗ്സ് തിരുത്തി ഫോണ്ട് വലുപ്പം കൂട്ടിയാൽ പിന്നെ മേലോട്ട് തള്ളൽ പർവ്വം,അതും വയ്യ.
പരിഹാരം നോക്കി അമ്മയുടെ കണ്ണടയേന്താൻ മടിച്ചില്ല.
അതിനും ഉണ്ട് കഥ പറയാൻ.
തറവാട്ടിൽ താഴ്‌വാരത്തിലെ മുക്കോടിനടിയിൽ അണ്ണാൻകൂരകെട്ടി വാഴുന്നു കൂട്ടിലെ കുഞ്ഞുങ്ങളെ തേടി മഞ്ഞചേര. കൈയിൽ കിട്ടിയത് അമ്മയുടെ കണ്ണടക്കൂട്. അതെടുത്ത് പത്തുവയസ്സുകാരൻ ഒരേറ്. കണ്ണട തെറിച്ചുവീണു പരിക്കേൽക്കാതെ. കണ്ണടക്കൂട് രണ്ടു കഷ്ണം. അമ്മയോട് പറഞ്ഞ പല നുണകളിൽ ആദ്യത്തേത് അന്ന് പിറന്നു.


ആ കണ്ണടയിലൂടെ ഇപ്പോൾ മുഖപുസ്തക പൊങ്ങച്ചപോസ്റ്റുകൾ വായിക്കുന്നു. മധ്യവയസ്കരുടെ സെൽഫി മേനിയഴക് കണ്ട് കുളിരുകോരുന്നു.
സ്കൂൾ അവധി നാളുകളിൽ വീട് അരിച്ചു പെറുക്കി ചിന്നവൾ. കണ്ണട ധരിച്ച് റീൽ പർവ്വം.
കണ്ണിനു കേടാകുമെന്ന കാണവിയുടെ ഉപദേശത്തിന് പുല്ലുവില.
മക്കൾ എടുത്തു കളിക്കട്ടെ എല്ലാം. പണ്ട് ഇങ്ങനെ കളിച്ചവന് തടയാൻ വയ്യല്ലോ..
കളികമ്പം തീർന്നാൽ കണ്ണട എടുത്ത് ധരിക്കണം
“എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം. മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം.”

By ivayana