രചന : ഷബ്നഅബൂബക്കർ✍

കനിവ് വറ്റിയ കാലത്തിന്റെ
പരിഷ്കാര ഭാവങ്ങൾ
പകർന്നാടാൻ മറന്നൊരു
വയസ്സൻ വീട്…

ഏറെ പ്രിയപ്പെട്ടവർ തന്നെ
അഭിമാന നഷ്ടത്തിന്റെ
കണക്കെഴുതാൻ പേടിച്ച്
കുരുതി കളത്തിലേക്ക്
വലിച്ചെറിയുമ്പോൾ
ആ പാഴ് വീടിന്റെ മനസ്സെത്ര
നോവ് തിന്നിട്ടുണ്ടാവണം…

അവർ കൂടെ കൂട്ടിയവന്റെ
കൂർത്ത നഖങ്ങളുള്ള
നീളൻ കൈകളിൽ
ഞെരുങ്ങി അമരുമ്പോൾ
കഴിഞ്ഞ കാലത്തിലേക്ക്
മനസ്സിനെ പറത്തി വിട്ട്
സ്വയമൊന്ന് നോക്കി
നെടുവീർപ്പുതിർക്കുന്നുണ്ടായിരുന്നു
ആ കൊച്ചു വീട്…

മേൽക്കൂരയാണ് ആദ്യം പറിച്ചെടുത്തത്..
മഴയിൽ ഉള്ളു കുതിർന്നും,
വെയിലിൽ വെന്തുരുകിയും,
മഞ്ഞിൽ വിറച്ചും മരവിച്ചും
ഒന്നുമറിയിക്കാതെ
ഈ മേൽക്കൂരയാൽ അവരെ
എത്ര പൊതിഞ്ഞു പിടിച്ചിരിക്കുന്നു.
ചുമരുകളാണ് പിന്നെ അറുത്തു മാറ്റിയത്.
നിറമുള്ള ബാല്യം മുഴുവൻ മനോഹരമാക്കി
വരച്ചിടാനെത്ര ക്യാൻവാസ് ഒരുക്കിയതാണ്…

അവരുടെ എത്ര നോവുകളെ
അടക്കിപ്പിടിച്ചിരുന്നതാണാ ചുവരുകൾ…
ജാലകങ്ങളിലാണ് ആ കറുത്ത
കൈകൾ പിന്നേയമർന്നത്…

മനസ്സ് തണുക്കും വരേ അവർക്ക്
മിണ്ടിയിരിക്കാൻ കൂട്ടിനെത്തിയ
നിലാവിനും,
ആർദ്രമായി ചുംബിച്ചുറക്കാൻ
ഒഴുകിയെത്തിയ തെന്നലിനുമെത്ര
വഴിതീർത്തിരിക്കുന്നു ആ ജാലകങ്ങൾ …
അപകടങ്ങളിൽ നിന്നൊക്കെയുമെത്ര
മറച്ചു പിടിച്ചു സംരക്ഷിച്ചിരിക്കുന്നു…

കിടപ്പുമുറികളിലേക്കാണ്
പിന്നേ ഇടിച്ചു കയറി വന്നത്.
അവരുടെയൊക്കെ പ്രണയത്തിനും
ഒത്തുചേരലുകൾക്കുമെത്ര
അനുഭൂതിയേകിയതാണവ…

തീൻ മേശയും കസേരയുമൊക്കെ
ചവിട്ടിയെറിയുന്നുണ്ട്.
എത്രയെത്ര സ്നേഹമൂട്ടിയിരുന്നതാണ്…
തളരുമ്പോഴെത്ര താങ്ങിയിരുത്തിയതാണ്…

വാതിലുകളെയൊക്കെയും ഒട്ടും
ദയവു കാണിക്കാതെ വലിച്ചിഴക്കുന്നുണ്ട്.
കണ്ണു നട്ട് പ്രിയപ്പെട്ടവരേ കാത്തിരിക്കുമ്പോൾ
ചേർന്നു നിന്നെത്ര കൂട്ടിരുന്നതാണ്.
അപരചിതരേയും ആക്രമികളേയും
ഭയക്കാതെ ജീവിക്കാൻ അവർക്കെത്ര
കാലം കാവലാളായിരുന്നതാണ്.
ചെളിമണ്ണ് മെഴുകിയ മുറ്റത്തിന്റെ
മാറിടവും കുത്തി പിളർത്തിയിടുന്നുണ്ട്.
ഇടറുന്ന കാലടികളാൽ പിച്ചവെച്ചു
തുടങ്ങി, നടന്നും ഓടിയും വളർന്നു
വന്ന പാതകളാണവ..

എത്ര വിശേഷ ദിനങ്ങൾക്ക്
വേദിയൊരുക്കിയതാണത്…
പത്തായ പുരയുടേയും ചായ്പ്പിന്റെയും
നേരെ ഉയർന്ന കൈകൾ മാഞ്ഞു
തുടങ്ങുന്ന ചില ചിത്രങ്ങളിൽ
കുരുങ്ങി അല്പം നേരം
ശങ്കിച്ചു നിൽക്കുന്നുണ്ട്.
കളങ്കമില്ലാത്ത നാൾവഴികളുടെയെത്ര
വിലപ്പെട്ട ശേഖരങ്ങൾ
കൂട്ടിവെച്ചതാണവിടെ…

കുളിപ്പുരയും അടിച്ചു തൂത്തെറിയുന്നുണ്ട്
വസ്ത്രമൊന്നു സ്ഥാനം തെറ്റാൻ
കാത്തിരുന്നു പേക്കുത്തു
നടത്തുന്ന ഇക്കാലത്തും
വളർച്ചയിലൊക്കെയും
വിവസ്ത്രയായി കണ്ടുകൊണ്ടിരുന്നിട്ടും
ഒരിറ്റു കാമം കലർത്താതെ
അവരെ പരിശുദ്ധിയോടെ
സംരക്ഷിച്ചെത്ര നീതികാണിച്ചതാണ്…

അടുപ്പുകളെല്ലാം തച്ചുടക്കുന്നുണ്ട്,
ഒരായുസ്സ് മുഴുവൻ സ്വയം
കത്തിയെരിഞ്ഞു അവർക്ക് വെച്ചു
വിളമ്പാൻ വേണ്ടതെല്ലാമെത്ര
പാകപ്പെടുത്തിയെടുത്തിരുന്നതാണ്…

ഒന്നുമൊന്നും ബാക്കി വെക്കാതെയെല്ലാം
കൂട്ട കുരുതിക്ക് വെക്കുന്നുണ്ട്..
സുഖദുഃഖങ്ങളിൽ കൂട്ടായതും
വീണു പോയപ്പോഴൊക്കെയും
താങ്ങായതും ഓർമ്മകളുടെ
ഉള്ളാഴങ്ങളിൽ പോലുമിടമില്ലാത്തതിനാൽ
മറവിയുടെ ചില്ലകളിലേക്ക് ചേക്കേറീട്ടുണ്ട്..

ഉള്ള് പിടയുന്ന നരച്ച കുറച്ചു ജന്മങ്ങൾ
ഒട്ടിപ്പിടിച്ചിരിപ്പുണ്ട് അവിടങ്ങളിൽ..
കുന്നുകൂടി കിടക്കുന്ന മൺകൂനകളിൽ
ശ്വാസം വിലങ്ങി വിറങ്ങലിച്ചു കിടക്കുന്ന
സ്വപ്നങ്ങളേയും നോക്കി.
ആ പാഴ് വീടിനു ജീവനേകാൻ ചോര
നീരാക്കി കൂട്ടിവെച്ചതാണവ…

അപ്പോഴും അൽഷിമേഴ്സ്
പടർന്ന മനസ്സു പേറി ബാക്കിയായ
മണ്ണും കോരിയെടുക്കാൻ ആ നീളൻ
കൈയ്യന് അനുമതി നൽകുകയാണ്
പരിഷ്കാരം പുതച്ച
പുതുവീടിന്റെ വളർത്തുമക്കൾ.

By ivayana