രചന : ഹാരിസ് ഖാൻ ✍

യുവജനോത്സവവേദിയുടെ പരിസരത്തൂടെ ഇന്നൊന്ന് കറങ്ങി വന്നു. ഭക്ഷണത്തിൻെറ മെനുവിലെല്ലാം മാറ്റങ്ങൾ തുടങ്ങിയെങ്കിലും പരിപാടിയിലൊന്നും വലിയ മാറ്റങ്ങൾ ദൃശ്യമല്ല..


മോണോ ആക്ടുകളിലെ ഹാജിയാരുടെയും മുസ്ലിയാരുടേയും ഭാഷയിലെല്ലാം ഇപ്പോൾ (പണ്ടും) ആരാണാവോ സംസാരിക്കാറുള്ളത്? ശെയ്ത്താനും, ഹിമാറും ഹലാക്കിൻെറ അവിലും കഞ്ഞിയും പാറപ്പുറത്ത് ചിരട്ട ഉരസുന്ന ശബ്ദവും. ഇതിലും നന്നായി പ്രയദർശൻെറ മരക്കാര് സംസാരിക്കുമല്ലോ…?


ഇതേ കുറിച്ചൊരു മാഷോട് ചോദിച്ചപ്പോൾ പറഞ്ഞത് “ഭാഷ മാറ്റിയാൽ പെർഫോമൻസും, വിഷയവും നന്നായി പക്ഷെ ഹാജിയാരുടെ സംഭാഷണം ശരിയായില്ലെന്ന് പറഞ്ഞ് ജഡ്ജസ് സമ്മാനം തരൂലാന്ന്..ങാാ ബെസ്റ്റ് !
കഴിഞ്ഞകാല നന്മകളുടെ നെടുവീർപ്പും, നൊക്ലാജിയകളും തന്നെയാണ് ഇപ്പോഴും വേദിയിൽ നന്നായി വിറ്റ് പോവുന്നത്…


നമ്മുടെ മുത്തഛൻമാർക്ക് ചേനയോ,ചേമ്പോ, താളോ, കൂടെ ഒരു ചമ്മന്തിയോ മതിയായിരുന്നു. ഇപ്പോളത്തെ പിള്ളേർക്കൊന്നും ബിരിയാണിയും മന്തിയും നൂഡിൽസും ഇല്ലേല് ഭക്ഷണം ഇറങ്ങൂല, പഴയതെല്ലാം നല്ലത്, ഇപ്പോൾ മോശം ഈ ഒരു ലൈനിലാ പരിപാടിയുടെ ഗുണപാഠമെല്ലാം..


എൻെറ പൊന്നു മാഷമ്മാരെ നമ്മുടെ മുത്തഛൻമാർക്ക് ബിരിയാണി തിന്നാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ലായിരുന്നു, അതിനുള്ള പാങ്ങില്ലായ്രുന്നു അന്ന്, ദാരിദ്ര്യമായിരുന്നു. പണക്കാരൻ അന്നും കോഴി ബിരിയാണി കഴിച്ചിരുന്നു. ബിരിയാണി തിന്നുവരുന്ന മാഷമ്മാര് മുൻഗാമികളായ മാഷമ്മാരെ അനുകരിച്ച് നൂഡിൽസ് തിന്നുന്ന പയ്യൻമാരെ ഇതൊക്കെ പഠിപ്പിച്ച് സ്റ്റേജിൽ കയറ്റി വിടുകയാ..


സാംബശിവൻെറ കഥാപ്രസംഗം ഒഴികെ മറ്റ് കലകളെല്ലാം ആസ്വദിക്കാനുള്ള ഞരമ്പ് പണ്ടേ എനിക്കുണ്ടായിരുന്നു. ലളിതഗാനം, നാടോടി നൃത്തം, ഗ്രൂപ്പ് ഡാൻസ് എന്നിവയായിരുന്നു കലോത്സവ വേദികളിലെ ഇഷ്ട ഐറ്റങ്ങൾ. അന്ന് ഗ്രൂപ്പ് ഡാൻസെല്ലാം ഒന്നിനൊന്ന് മെച്ചമായിരുന്നു. അതെല്ലാം കണ്ടിട്ട് കുറേ കാലമായി..
നാടോടി നൃത്തത്തിൽ കുറവൻ ചത്ത കുറത്തിയും, വേടനും, കൈനോട്ടക്കാരിയും പച്ചമല പനങ്കുരുവിയും തന്നെയാണോ ഇപ്പോഴും..? എല്ലാ ഡാൻസിൻെറയും മുക്കാൽ ഭാഗമാവുമ്പോൾ സ്റ്റേജിലേക്ക് കരഞ്ഞ് നെഞ്ചത്തടിച്ച് ഒരു വീഴ്ച്ചയുണ്ട്. നേരം ഇരുട്ടി എൻെറ കുറവനെ കണ്ടില്ലാന്ന് പറഞ്ഞ്. ഇപ്പോഴും ഇതേ ഐറ്റംസ് തന്നെയാണോ..?
ഏലമണി കാട്ടിലെ മലം കുറവുള്ള കുറവൻെറ ശോദന പ്രശ്നമെല്ലാം പരിഹരിച്ചോ ആവോ?


പിന്നേ കപ്പ് ഞങ്ങളെ കോഴിക്കോടിനാട്ടോ..
ഞങ്ങള് ബിരിയാണിയും ഹൽവയും തിന്ന് വെർതെ നടക്കാന്ന് ങക്കൊക്കെ ഒരു വിചാരണ്ട്,
അതോണ്ട് ഒന്ന് ഓർമ്മിപ്പിച്ചതാ…

By ivayana