രചന : ടി.എം. നവാസ് വളാഞ്ചേരി ✍

അഭ്രപാളികളിലും സീരിയലുകളിലും ആടിത്തിമർക്കുന്ന നായക വേഷങ്ങൾ ജീവിതത്തിന്റെ നേർച്ചിത്രത്തിലേക്ക് വരുമ്പോൾ എരിവും പുളിയും മധുരവും കയ്പും എല്ലാം നിറഞ്ഞതാണ്. ജീവിതത്തിന്റെ രസതന്ത്രം മനസ്സിലാക്കി വേഷം പകർന്നാടുന്ന വനാണ് യഥാർത്ഥ ഹീറോ.

സ്നേഹമാം അക്ഷയ പാത്രം നിറച്ചു
കൊണ്ടാഘോഷമാക്കണം വീടകം നീ
അമ്മക്കു മച്ഛനും താങ്ങായി മാറണം
എന്നും തണലായി നിന്നിടേണം.
വാവക്കൊരായിരം പൊന്നുമ്മ നൽകി
നീ കൊഞ്ചുമാ വാവയെ നെഞ്ചേറ്റണം.
പാതിയവൾക്ക് പ്രണയ കടലിലെ
മുത്ത് പെറുക്കി നീ നൽകിടേണം.
കട്ടക്ക് നിക്കാതെ കൂട്ടായി നിന്നിട്ട്
കെട്ടുകളൊക്കെയഴിച്ചിടേണം.
രക്ത ബന്ധങ്ങളെ ചേർത്തുപിടിക്കുവാൻ
ഒട്ടും മറക്കാതിരുന്നിടേണം.
തൊട്ടുള്ള വീട്ടിനും കൂട്ടിനും നാട്ടിനും
എന്നും തുണയായി മാറിടേണം.
ഞാനുമെൻ കെട്ട്യോളും പിന്നൊരു തട്ടാനും
എന്നുള്ള ചിന്ത നീ മാറ്റിടേണം.
നശ്വര ലോകത്ത് സ്വാർത്ഥമാം ചിന്തകൾ
വ്യർത്ഥമാണെന്നതറിഞ്ഞിടേണം.
ഇമ്പമായുള്ള കുടുംബമായി മാറിടാൻ
മുമ്പനായ് നീ തന്നെ നിന്നിടേണം.
ക്ഷമയെന്നൊരായുധം ചേർത്ത് പിടിച്ച് നീ
വിജയചരിതം രചിച്ചിടേണം.

ടി.എം. നവാസ് വളാഞ്ചേരി

By ivayana