രചന : ബേബി മാത്യു അടിമാലി✍

അധികാരമൊരുവനു ലഹരിയായ് മാറിയാൽ
അതിനായവൻമറ്റെല്ലാം മറന്നിടും
അധികാരസ്ഥാനത്തൊരുവട്ടമെത്തുവാൻ
അവനാൽകഴിയുന്നതെല്ലാം ചെയ്തിടും
ബന്ധവും സ്വന്തവും നോക്കില്ലൊരിക്കലും
ബന്ധങ്ങളെല്ലാമറത്തുമുറിച്ചിടും
കണ്ണിൽ കനലായെരിഞ്ഞിടും സ്വാർത്ഥത
കയ്യൂക്കവൻ തന്റെ ശീലമായ്മാറ്റിടും
സത്യം പറയുന്ന നാവുകളെയവൻ
നിശ്ചലമാക്കുവാൻ മുന്നിട്ടിറങ്ങിടും
പാവം ജനത്തിനെ പറ്റിക്കുവാനായി
പഞ്ചാരവാക്കുകൾ തഞ്ചമായ്ചൊല്ലിടും
പൊയ്മുഖംവെച്ചവൻ നാടിതിൽ ചുറ്റിടും
പമ്പരവിഡ്ഡികളാക്കും ജനത്തിനെ
നോട്ടുകൾ നൽകി വോട്ടു വാങ്ങിച്ചിടും
നാനാമതസ്ഥരേം കൂട്ടപിടിച്ചിടും
നാടിതിൽ കലഹവും സ്പർദയും തീർത്തിടും
നല്ലൊരു നാടിനെ നരകമായ് മാറ്റിടും
ഇങ്ങനെ നാടിന്റെ അന്തകരാകുവാൻ
വന്നിടും ദുഷ്ടരെ ഒറ്റപ്പെടുത്തുവാൻ
ഒന്നായി നമ്മൾ ഒന്നിച്ചു നിൽക്കണം
നാടിതിൻ ഭാവിയെ കരുതിയിട്ടെങ്കിലും.

ബേബി മാത്യു അടിമാലി

By ivayana