രചന : സുരേഷ് പൊൻകുന്നം✍

പ്രണയമിപ്പോഴുമിപ്പാരിലുണ്ടെന്ന്
അവള്
ചൊല്ലുമ്പോൾ എന്തോന്ന് ചൊല്ലുവാൻ
കരളുരുകി കാമമുരുകി
ചിറക്
കത്തിയൊരു പക്ഷി പാറുന്നു
മലയിറമ്പിൽ വന്നെത്തി നോക്കുന്നൊരു
അരുണസൂര്യനെ
കണ്ടതും കാന്തിയാൽ
മുഖമുയർത്തി വിയർപ്പുമായ് നാണത്താൽ
അരുമയായൊരു സൂര്യകാന്തിപ്പൂവേ
പ്രണയമാണോ പരിഭവപ്പാച്ചിലോ
പണയമായിപ്പോയോ ഹൃദന്തം
പുഴകടന്നു വരുന്നുണ്ട് കാമുകൻ
മാറിൽ
കുറുകെയായിട്ട ചേലകൾ മാറ്റുക
കളിവിളക്കിൻ തിരി താഴ്ത്ത് നീയും
അണിഞ്ഞൊരുങ്ങേണ്ട
നഗ്നമായ് രാവിൽ
മദന ഗന്ധോഷ്ണ സ്വപ്നങ്ങളിൽ
നീയാ
മദമിളകും കുതിരയെ മേയ്‌ക്കുക
മിഴിയടക്കേണ്ട രാവേറെയായാലും
പ്രണയകാവ്യ കവനം തുടരുക
മദനനെത്തുന്നു
ദാ..
വാതിൽപ്പഴുതിലൂടൊളിഞ്ഞു
നോക്കുന്നു തങ്കനിലാവൊളി
പ്രണയമിപ്പോഴുമിപ്പാരിലുണ്ടെന്ന്
അവള്
ചൊല്ലുമ്പോൾ എന്തോന്ന് ചൊല്ലുവാൻ
കരളുരുകി കാമമുരുകി
ചിറക്
കത്തിയൊരു പക്ഷി പാറുന്നു.

സുരേഷ് പൊൻകുന്നം

By ivayana