രചന : മനോജ്‌.കെ.സി.✍

മാംസനിബദ്ധങ്ങൾക്കും ആത്മരതികൾക്കുമപ്പുറം
ഹൃദയം സ്നിഗ്ധരാഗോന്മാദവേരാഴങ്ങൾ തേടിയുംനമ്മൾ,
നമ്മൾ ഒരേ മനോ – പ്രാണബിന്ദുവായി ലയിച്ചും രമിച്ചും
ഈ ഭവാബ്ധി നീന്തി കടന്നിടും മുന്നേ…
പ്രതിബദ്ധതയുടെ രുചിക്കൂട്ടിനുള്ളിൽ
നിരാസങ്ങൾതൻ ചവർപ്പുനീർ കടുക്കുന്നു…
വിണ്ടുകീറിടുന്നു മേധാവബോധങ്ങൾ
പ്രാണനുമപ്പുറം നിന്നെ ഉൾക്കൊണ്ട ഈ ആത്മാവ്
ഏകാന്തതയുടെ ഇരുളറയിൽ ഗതികേടിൻ ചുവരുംചാരി
ആകാശതാരകളോട് പരിദേവനത്തിൻ ഭാഷയും പങ്കിട്ടിരിക്കുമ്പോൾ…
നൊമ്പരത്തിന്റെ ഉപ്പുകാറ്റ് അനുനിമിഷം
അതിൻ കവിളുകളിൽ ഇരുൾ പടർത്തി കടന്നുപോയീടുന്നു…
നമ്മിൽ അന്യോന്യം, സമർപ്പിതമെന്നു നിനച്ചൊരാ
പ്രാണ കല്ലോലങ്ങളെ വർണ്ണാഭമാക്കുവാൻ
ഈ ആത്മാവാൽ പെയ്തിറങ്ങുമാ
നിഷ്കാമ പ്രണയ തങ്കനിലാമഴ ചാറ്റലാസ്വാദ്യമായി നനഞ്ഞും നുകർന്നും
നിൻ മനമാകെ നിറഞ്ഞാലുടൻ
നിന്നിലെ വൈകല്യശീലുകൾ അതിൽ
മൗനക്കരിവാവ് പൂശി കടന്നുമാറീടും വേളയിൽ
ഈ നീലിച്ച ഞരമ്പുകളിലാകെയും നോവുകൾ
വാടിക്കുറുകുന്നതൊട്ടുമേ ഗൗനിയ്ക്കാതെ ഉള്ള
നിൻ ദയാരാഹിത്യ പിൻവാങ്ങലുകൾ
നിന്നിലെ ദുരൂഹതകളിലേക്കുള്ള
ചൂണ്ടുപലകകളാകുന്ന നാഴികക്കല്ലിൽ
ഈ ഹൃത്തടം തലതല്ലിയമരുകയല്ലോ പിന്നെയും പിന്നെയും…
തൃപ്തമായ് സഖേ ഇനി,
വില്വാദ്രിയിലെ പുനർജ്ജനിയിലൂടെ ദേഹത്തെ
കടത്തിവിട്ടെൻ ദേഹിതൻ നൊമ്പരങ്ങളെ സമാശ്വസിപ്പിച്ചും
കാലം കഴിച്ചിടാം
ഇനി പങ്കിടാനില്ലല്ലോയെന്നിൽ പ്രണയം ബാക്കിയായി….
ഇനിയുള്ളതോ ഈ പുറന്തോടു മാത്രമേ…

By ivayana