രചന : സിജി സജീവ്✍

മോൻ സ്കൂൾ വിശേഷങ്ങൾ പറയുന്നതിനിടയിലാണ്
“നിർമ്മൽ “എന്ന നിർമ്മലമായ നാമം എന്റെ മനസ്സിലുടക്കിയത്,
സ്കൂൾ വിശേഷങ്ങൾ ഒന്നൊഴിയാതെ പറയുന്നതിന് മുന്നോടിയായി ഏതെങ്കിലും ഒരു കാരണത്തിൽ തൊട്ടുതുടങ്ങുന്നത് അവന്റെ ശീലമാണ്,,
ഇന്നും പറയുവാൻ തുടങ്ങിയത്,


മുറ്റത്ത്‌ പാകി കിളിപ്പിച്ച മാതളനാരകതൈയ്യിൽ നിന്നുമായിരുന്നു .
നനുനനെ വെള്ളം തളിച്ചു കൊണ്ട് ഞാൻ പറഞ്ഞു “”മോനേ ഇതു കുറച്ചു കൂടി വലുതായിട്ട് ഒരു കവറിലാക്കി തരാം,,
സ്കൂളിൽ കൊണ്ട് നടണം വൈകുന്നേരങ്ങളിൽ മറക്കാതെ വെള്ളമൊഴിച്ചു കൊടുത്താൽ മതി വളർന്നു വന്നോളും “ന്ന്,
മോൾടെ സ്കൂളിൽ മുൻപ് ഒരു തൈ നട്ടിരുന്നു..
അതു നല്ല മിടുക്കി കുട്ടിയായി വളർന്നു വരുന്നു,,


അതിന്റെ പ്രതീക്ഷയിലാണ് മോനോടും ഒന്നു കൊണ്ടുപൊയ്യ്ക്കോളാൻ പറഞ്ഞത്..
അപ്പോഴാണ് അവൻ പറയുന്നത് നിർമ്മൽ വെള്ളമൊഴിച്ചോളുമെന്ന്,, നിർമ്മൽ ആരാണെന്നും എന്തിനാണ് അവൻ അങ്ങനെ ചെയ്യുന്നതെന്നുമറിയാനുള്ള ആകാംഷ എന്നിലുണ്ടാകുന്നത് സ്വാഭാവികം,


മോൻ സ്കൂളിൽ ചെന്ന നാൾ മുതൽ കാണുന്നതാണ് നിർമ്മൽ എന്ന കുട്ടി സ്കൂൾ കോമ്പൗണ്ടിലെ ചെടികൾക്കുവെള്ളമൊഴിക്കുന്നതും അവയ്ക്കിടയിലൂടെ എപ്പോഴും നടക്കുന്നതും,, എന്റെ മനസ്സിൽ അപ്പോൾ തെളിഞ്ഞു വന്നത്,,
കളകൾ നുള്ളിയും ചെടികൾക്ക് വെള്ളമൊഴിച്ചും വിടർന്നു വരുന്ന പൂവുകളോട് കിന്നാരം പറഞ്ഞും നടക്കുന്നൊരു കൗമാരക്കുട്ടിയുടെ രൂപമാണ്,, അവന്റെ മുഖം സന്തോഷത്താൽ ശോഭിക്കുന്നുണ്ടായിരുന്നു.. കാണാപ്പാഠം പഠിക്കേണ്ട സിലബസിന്റെ പേജുകൾ അവനെ അലട്ടാത്തതുപോലെ,,


ക്ലാസ്സ്‌ മുറിക്കുള്ളിലിരിക്കുമ്പോഴും തന്റെ ഓമന ചെടികളിലൊന്നിന്റെ വാടിയ മുഖമാവും അവന്റെ കൊച്ചു മനസ്സിൽ അതാവും ഒരിടവേളയുംഫ്രീ പിരീഡും വെറുതെ കളയാതെ തന്റെ പ്രിയക്കൂട്ടുകാരായ ചെടികൽക്കരികിലേക്ക് ഓടിയെത്തുന്നത്…
മണ്ണിൽ ചെരുപ്പിടാതെ നടക്കാൻ അറയ്ക്കുന്ന,
കൈകളിൽ മണ്ണുപറ്റിയാൽ ചൂടുവെള്ളത്തിൽ ഉപ്പിട്ടും ഡെറ്റോൾ ഒഴിച്ചും കഴുകുവാൻ ശീലിച്ച ന്യൂ ജനറേഷൻ കുട്ടികൾക്കിടയിൽ ഇവിടെയിതാ ഒരു കുട്ടി തീർത്തും വ്യത്യസ്തനാകുന്നു…


മണ്ണിനേയും മരങ്ങളെയും ചെടികളെയും പൂക്കളെയും സ്നേഹിക്കുന്നവൻ,
കൃഷിയെ ഹൃദയത്തിൽ ചേർത്തു പിടിച്ചവൻ ഇവൻ നിർമ്മൽ,,
അവന്റെ കൈയ്യാൽ ആ മാതളനാരകം ഭദ്രമായി വളരും,, മോനേ നിനക്ക് എന്റെ വക ഒരു ബിഗ് സല്യൂട്ട് 🫡…

സിജി സജീവ്

By ivayana