അൻസാരി ബഷീർ ✍

രാജ്യസ്നേഹം എന്നത് ഒരു സങ്കുചിതത്വവും പക്ഷപാതിത്വവുമാണ് എന്ന് എന്നെ നിരന്തരം ഓർമ്മപ്പെടുത്തുകയും താക്കീതുചെയ്യുകയും ചെയ്യുന്ന ചില ബുദ്ധിജീവികൾ ഉണ്ട്.. രാജ്യസ്നേഹം, ദേശഭക്തി എന്ന വാക്കുകളൊക്കെ ഇത്തരക്കാരെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്.

“എല്ലാ രാജങ്ങളിലെയും മനുഷ്യർ ഒരേപോലെയല്ലേ, പിന്നെ സ്വന്തം രാജ്യത്തിനുമാത്രം എന്തിനാണ് ഇത്ര പ്രത്യേകത കൊടുക്കുന്നത് ? പ്രത്യേക അതിരുകൾക്കകത്ത് നിൽക്കുന്ന ഭൂപ്രദേശം മാത്രമാണ് രാജ്യമെന്നു പറയുന്നത്.. അതിന് മറ്റു രാജ്യങ്ങളെക്കാൾ പ്രാധാന്യമോ മഹിമയോ ഇല്ല … ലോകത്തെ മനുഷ്യരെ രാജ്യമേതെന്നു നോക്കാതെ സ്നേഹിക്കാനും ചേർത്തു നിറുത്താനും നമുക്കു കഴിയണം” എന്നൊക്കെയാണ് ഇത്തരക്കാരുടെ വാദം. പല പോസ്റ്റുകളിലും ഇൻ ബോക്സിലും രാജ്യസ്നേഹസംബന്ധിയായ എന്റെ നിലപാടുകളിൽ ഇടപെടുകയും ഇടം കോലിടുകയും ചെയ്ത് എന്നെ ”പുരോഗമനവാദിയാക്കാൻ’ ശ്രമിക്കുന്ന ഈ മനുഷ്യരോട് എനിക്ക് പറയാനുള്ളത് ഇതുമാത്രമാണ്.

     എന്റെ വീടിന്റെ തൊട്ടടുത്ത് ഒരുപാട് വീടുകൾ ഉണ്ട്. അവിടെയൊക്കെ പല ശീലങ്ങളും സ്വഭാവങ്ങളുമുള്ള അമ്മമാരുണ്ട്. ആ അമ്മമാരെയൊക്കെ എനിക്കിഷ്ടമാണ്. അവരോട് നല്ല രീതിയിൽ പെരുമാറുകയും അവരുടെ ആവശ്യങ്ങളിൽ സഹായിക്കാൻ പറ്റുന്ന സാഹചര്യങ്ങളിൽ സഹായിക്കുകയും സഹകരിക്കുകയും ചെയ്യാറുണ്ട്. അവരുടെ ജാതിയോ മതമോ രാഷ്ട്രീയ പക്ഷപാതിത്വമോ എന്നെ അലോസരപ്പെടുത്താറുമില്ല. ഒരു പുഞ്ചിരിയോടെയല്ലാതെ അവരെ ഞാൻ സമീപിക്കാറുമില്ല. 

പക്ഷേ അതിനർത്ഥം , എന്റെ ജീവിതത്തിൽ എന്റെ ഉമ്മയ്ക്കുള്ള സ്ഥാനം ഈ അമ്മമാരെക്കാൾ മുകളിലല്ല എന്നല്ല. മറ്റേതൊരു അമ്മയെക്കാളും പ്രാധാന്യം എന്റെ ഉമ്മ തന്നെയാണ്. മറ്റ് അമ്മമാരുടെ നന്മക്കുവേണ്ടി പ്രവർത്തിക്കേണ്ടത് ഒരു മനുഷ്യൻ എന്ന നിലയിൽ എന്റെ ധർമ്മം മാത്രമാണെങ്കിൽ, സ്വന്തം അമ്മയുടെ നന്മയ്ക്കുവേണ്ടി പ്രവർത്തിക്കുന്നത് ഒരു മകൻ എന്ന നിലയിൽ എന്റെ കടമയാണ്. സ്വന്തം അമ്മയെ സ്നേഹിക്കുക എന്നതിന് അപരന്റെ അമ്മയെ വെറുക്കുക എന്നർത്ഥമില്ലല്ലോ… ഇതുതന്നെയാണ് രാജ്യസ്നേഹത്തിന്റെ കാര്യത്തിലും എനിക്കു പറയാനുള്ളത്.


എന്റെ രാജ്യത്തോട് എനിക്കുള്ള കൂറും സ്നേഹവും ഏതെങ്കിലും രാജ്യത്തിനോടുള്ള വെറുപ്പല്ല. എന്റെ ഉമ്മയെ ആരെങ്കിലും ആക്രമിക്കുകയോ അപമാനിക്കുകയാേ ചെയ്താൽ എനിക്കെത്ര ദേഷ്യം വരുമാ അത്രയും ദേഷ്യം എന്റെ രാജ്യം ആക്രമിക്കപ്പെടുമ്പോഴും അപമാനിക്കപ്പെടുേമ്പാഴും എനിക്കുണ്ടാകും. അത് മറ്റു രാജ്യങ്ങളോടുള്ള വെറുപ്പേയല്ല.എനിക്കു മാത്രമല്ല രാജ്യസ്നേഹികൾക്കെല്ലാം (രാജ്യസ്നേഹം അഭിനയിക്കുന്നവർക്കല്ല) ഇതേ നിലപാടുതന്നെയാണെന്നാണ് എനിക്കു തോന്നുന്നത്.
ജയ്ഹിന്ദ്!

അൻസാരി ബഷീർ

By ivayana