രചന : മനോജ്‌.കെ.സി.✍

മനോഗംഗേ, നവസർഗ്ഗരമ്യനാളച്ചിറ്റോളങ്ങൾ ചൈത്രരഥമേറി
നിൻ മേധയിൽ ചുരത്തുമാ മഹിമയുടെയുറവകൾ
തേടുന്നതെവിടെ
പർണ്ണശാലകളിൽ ധ്യാനമൂകമാകും യതികൾതൻ
മുഖദാവിലോ, അതോ ; പുണ്യംപെറും തീർത്ഥഘട്ടത്തിലോ.
കാളിമകബന്ധങ്ങൾ നന്മതൻ വേരറുത്തീടും നിഴൽയുദ്ധ –
നടനമേളങ്ങൾ നാടാകെ ഇരുൾ വിതച്ചീടുമ്പോൾ
നീ തെരഞ്ഞലയുന്ന പുണ്യൻ, ശാന്തത തുടിയ്‌ക്കും
കാട്ടുനീർച്ചോലതൻ ശീതളിമയിൽ തപം കൊണ്ടിരിപ്പോ…?
സംസ്കാരനാമ്പുകൾ ചിതലുകേറി അതിൻ കണ്ണുകൾ
കാണേണ്ടതൊന്നും കാണാതെയും ;
കേൾക്കേണ്ടതൊന്നും കേൾക്കാതെയും
ആർക്കുമൊരാൾക്കും വഴികാട്ടിടാതെ
ഏതോ ഹുങ്കിനാൽ അലയുന്നവർ
ഇടയ്ക്കിടെ മൗനം ഭുജിച്ച് ഏതോ
പക്ഷങ്ങൾ ചേർന്ന് നടപ്പതല്ലോ.
ഓരോ മനസ്സുകൾ തോറും
ചേരികൾ തിരിച്ചുള്ള വിത്തുകൾ തിരുകി
തമ്മിൽ വിടവുകൾ തീർത്ത്
അതിലധികാരകോണികൾ ചാരാൻ
ചുണ്ടിൽ ചിരികൾ വിടർത്തി
അരികിലെത്തിടും പ്രച്ഛന്നതകളരങ്ങിൽ
തിമിർത്താടവേ,
നിൻ പുമാനേതു കാവ്യരേതസ്സിലാകും മറഞ്ഞിരിപ്പു.
അനുനിമിഷമനുനിമിഷം ആത്മനിണം
ചീന്തപ്പെട്ടീടുമീ പെണ്ണുടലുകൾ
മയക്കും ലഹരിയിൽ വികൃതികൾ
കൊരുക്കുന്ന തൈക്കൂണുകൾ
ചുങ്കമാറാപ്പുകൾ ചുമന്ന് നട്ടെല്ലുപോടിയും ജനക്കഴുതകൾ
ജീർണ്ണതകളഴുകി ഗന്ധം പരക്കേ,
ആ ശ്രേഷ്ഠനേതു ജനതതിക്കുള്ളിൽ മറഞ്ഞിരിപ്പു.
പകച്ചൂരിൽ ഇളംപത്നിമാർ വിധവകൾ ആയിടുമ്പോൾ
സത്യമേതെയതിൽ മിഥ്യയേത് നുണനിറച്ചാർത്തിനാൽ
ബോധ്യം മറയ്ക്കേനീ തേടിടും മഹിതാവ്,
ഒരു ബോധിവൃക്ഷമായി പ്രത്യക്ഷനായിടട്ടെ,
ഈ തുണ്ടു ഭൂവിലാകെ പടർന്ന്
നവോത്ഥാനയമൃതവചനപ്രകാശം തെളിച്ചിടട്ടെ ,
ഓരോ ഹൃദയങ്ങൾ തോറും.

By ivayana