രചന : കല ഭാസ്‌കർ ✍

പ്രണയാനന്തരം
ചില ആകാശങ്ങളൊക്കെ
അങ്ങനെയായിരിക്കും.
വിഷാദ മേഘങ്ങൾ
നിറഞ്ഞ് കറുത്ത്
വിങ്ങി നിൽക്കും.
സ്വാഭാവികമാണ്.
ആരെങ്കിലുമൊന്ന്
നോക്കിയാൽ മതി,
ഒരു തണുത്ത കാറ്റൊന്ന്
തൊട്ടാൽ മതി
പെയ്യാനെന്ന്
തോന്നിപ്പിക്കും.
ഏറ്റവും വേദന നിറഞ്ഞ
ഒന്നോ രണ്ടോ ചാറ്റൽ
മഴകൾ കഥയെന്നോ
കവിതയെന്നോ
തുള്ളിപ്പെട്ടേക്കാം ,
ഇല്ലെന്നല്ല.
വരണ്ട കവിതകളിലെ
ഈർപ്പം പോലെ
പ്രണയത്താൽ
നനഞ്ഞെന്നൊരു തോന്നലും
കറുപ്പിലൊളിച്ചിരിക്കുന്ന
നിറക്കൂട്ടുകൾ പോലെ
എന്നെങ്കിലും വിരിയും
മഴവില്ലെന്നൊരു മോഹവും
ഉള്ളിലൊതുക്കി
അവർ കനത്തു നിൽക്കും.
ചുറ്റും പരക്കുന്ന വെളിച്ചം
ഉദയത്തിന്റേതോ
അസ്തമയത്തിന്റേതോ
എന്നതൊന്നുമേ കൂസാതെ ,
ഉള്ളിലിടവിടാതുണരുന്ന
വേദനയുടെ
മിന്നൽപ്പിണരുകളിൽ
വിരലോടിച്ച്
അതിന്റെ വെളിച്ചത്തിൽ
പൊള്ളിയും കണ്ണു പുളിച്ചും
കനത്ത് വിങ്ങി നിൽക്കുന്നതു
മൊരാനന്ദമായിരിക്കും
ചിലപ്പോൾ .
ചില വിരഹ വിഷാദ
ജന്മങ്ങൾ കടന്നുപോകുന്നത-
ങ്ങനെയായിരിക്കും.

(ചിത്രം : ബാലേന്ദു )

കല ഭാസ്‌കർ

By ivayana