രചന : രമണി ചന്ദ്രശേഖരൻ ✍

മൗനം വാചാലമായിടും നേരം
ഓർമ്മകൾ തംബുരു മീട്ടിടുന്നു
തളിരിളം ചൂടായി, മഴവില്ലുപോലെ
നീയെൻ മനസ്സിൽ നിറഞ്ഞു നിൽപ്പൂ

എന്നുമീ പാതയിൽ നാം നടന്നപ്പോൾ
ചുണ്ടത്തൊരീണമുണ്ടായിരുന്നു
വെയിലിലും കാറ്റിലും പാറിപ്പറക്കുന്ന
ഓർമ്മകൾ മാത്രം ബാക്കിയായി

ഏകാന്തതയുടെ തണലുകൾക്കായ് നാം
ചക്രവാളത്തിന്നതിരുകൾ തേടി
പിന്നെയും പിറക്കുന്ന പുലരിക്കായ് നാമിന്നും
എന്തിനോ വെറുതേ കാത്തു നിൽപ്പൂ

വിരഹത്തിൻ വേദന എരിയുന്ന നേരത്തും
വേഴാമ്പലേ പോലെ കാത്തിരുന്നു
പകലിലും രാവിലും ഒരു വാക്കു മിണ്ടാതെ,
മുകിലോരം പെയ്യുവാൻ കാത്തിരിക്കുന്നു.

രമണി ചന്ദ്രശേഖരൻ

By ivayana