രചന : ഷബ്‌നഅബൂബക്കർ ✍

അറിവ് കൂടിയ പെണ്ണ് ‘അരി’ക്ക്
കൂടൂലാന്ന് ആരോ പറഞ്ഞ
വാക്കിന്റെ പുറത്ത്
അക്ഷരമുറ്റത്തേക്ക്
പ്രവേശനം നിരോധിച്ച് കെട്ടിയ
വേലിയിൽ തട്ടിയാണ് ആദ്യമായി
അവളുടെ സ്വപ്നങ്ങൾക്ക്
മുറിവേറ്റത്…
പതിനെട്ടു കടന്ന പെണ്ണും
പതിവ് തെറ്റി കൂവുന്ന കോഴിയും
വീടിന് അപശകുനമാണെന്ന് കേട്ടിട്ടാണ്
കോഴിയെ ബിരിയാണിയാക്കിയതും
അവളെ ഒരു മണവാട്ടിയാക്കിയതും…
അടുക്കള ലോകത്തേക്കവളെ
വലിച്ചെറിഞ്ഞതിൽ പിന്നെയാണ്
മുറിപ്പെട്ട അവളുടെ സ്വപ്നങ്ങൾക്ക്
വീണ്ടും പൊള്ളലേറ്റത്.
പൊള്ളുന്നതും മുറിയുന്നതും
ശീലമില്ലാഞ്ഞിട്ടാണത്രേ!
പുസ്തകകെട്ടും ചുമന്നു
നടക്കുന്നോർക്കൊന്നും
തീക്കൂട്ടാനും കറിവെക്കാനും
അറീയൂലാന്നും,
വെക്കാനറിയാത്തവർ
ഉത്തമ സ്ത്രീയല്ലെന്നും ഓരോ
‘വഖ്ത്തി’ലുമെന്ന പോലെ
പലയിടത്തും ചൊല്ലി പറഞ്ഞു
കേൾക്കാമായിരുന്നു…
അതിൽ പിന്നെ
കൂട്ടിവെച്ച സ്വപ്നങ്ങളെല്ലാം ഒരു
തരി ബാക്കിവെക്കാതെ തൂക്കി വിറ്റിട്ടാണ്
അവളൊരു ‘ഉത്തമ സ്ത്രീ’യാവാനുള്ള
ശ്രമങ്ങൾ ആരംഭിച്ചത്…
ശമ്പളം വാങ്ങി ആണിന്റെ അന്തസ്സ്
തകർക്കാതിരിക്കാൻ അവൾ ശമ്പളവും
വിശ്രമവുമില്ലാത്ത ജോലിയിൽ കയറി
പറ്റിയും,
സ്വന്തമായ നിലപാടുകളും
കൃത്യമായ ലക്ഷ്യങ്ങളും
അഹങ്കാരത്തെ
അലങ്കരിക്കുമെന്നോർത്ത്
അവയൊക്കെ അലക്കി കളഞ്ഞും,
അഭിപ്രായങ്ങൾ ഛർദിക്കുന്ന
പെണ്ണ് അപമാനം പ്രസവിക്കുമെന്ന്
കരുതി, മൗനം ഛർദിക്കാൻ
വാചാലതയെ വിഴുങ്ങിയും,
ഒടുവിൽ ഇരട്ട പ്രസവിച്ചതിൽ
ആത്മാഭിമാനം ചാപിള്ളയായപ്പോഴും
ജീവനോടെ കിട്ടിയ കുടുംബാഭിമാനത്തിൽ
അശ്വസിച്ചും,
ക്ഷമയുടെ കൈയ്യും പിടിച്ചു ഇടറുന്ന
മനസ്സിനെ വീഴാതെ ചേർത്തുപിടിച്ചും
ഉള്ളിയെ കൂട്ട് പ്രതിയാക്കി മിഴിനീരിനെ
ആരുമറിയാതെ ഒഴുക്കിവിട്ടും,
നിറഞ്ഞ കണ്ണുകളിൽ കയറിച്ചെന്ന
വീടിന്റെ കഷ്ടപ്പാടുകൾ കാണുമെന്നു
കരുതി ഇടക്കൊക്കെ അവയ്ക്ക്
പുഞ്ചിരിയുടെ ചായം പൂശിയും,
തട്ടിയകറ്റിയ കൈകളെ തലോടിയും,
പരാതികൾ പറഞ്ഞവരുടെ
പുകഴ്ത്തലുകളിൽ
മതിമറന്നതുപോലെ
അഭിനയിച്ചും,
അവഗണിച്ച പകലുകളെ
രാത്രിയിൽ ആഞ്ഞു പുണർന്നും
വ്യക്തിത്വം തന്നെ മാറ്റിയെഴുതിയുള്ള
അവളുടെ പരിശ്രമങ്ങൾക്കൊടുവിൽ…
സ്വന്തമായി ലക്ഷ്യങ്ങളും
സ്വപ്നങ്ങളുമില്ലാത്ത,
വെക്കാനും വിളമ്പാനുമറിയുന്ന
ഉദ്യോഗമില്ലാത്ത ‘ഉദ്യോഗസ്ഥ’!യായും
ഇഷ്ടങ്ങളെ ഇഷ്ടക്കേടുകൾ കൊണ്ട്
ഗുണിച്ചും,
പലരുടെയും നിലപാടുകൾക്ക് വേണ്ടി
ഉയരുന്ന ശബ്ദമായും ഒടുവിൽ,
അവളിന്നൊരു ‘ഉത്തമ സ്ത്രീ’യാണ്!

By ivayana