രചന : അച്ചു ഹെലൻ ✍

നേരറിയാൻ എനിക്ക് നേരമില്ല.
തിരക്കെന്ന മൗനത്തിൽ ഞാനെന്നെ
ഒളിച്ചു വെച്ചിരിക്കുന്നു.
നിങ്ങളുടെ അവഗണനയുടെ
കറുപ്പ് കലർന്ന ചിരിയുടെ
ഉള്ളറിയാൻ എനിക്ക് നേരമില്ല.
വിശ്വാസം നഷ്ടമായ
സ്നേഹത്തിന്റെ നോവറിയാൻ
എനിക്ക് നേരമില്ല.
പ്രണയം നഷ്ടമായ
ബന്ധങ്ങളുടെ കുരുക്കഴിക്കാൻ
എനിക്ക് നേരമില്ല.
നിങ്ങളുടെ ഓർമകളിൽ,
എന്റെ ചിന്തകൾ നിറച്ചു
മനസ്സ് പൊള്ളിക്കാനായി
എനിക്ക് നേരമില്ല.
പ്രാന്തിന്റെ മൂടുപടമഴിച്ചു
ഞാനെന്ന നേരിനെ
നിങ്ങൾക്കായി കാണിക്കുവാനും
എനിക്ക് നേരമില്ല.
വാക്കുകൾ ചവച്ചു തുപ്പിയ
അഭിനയമികവിന്റെ
കല്ലറകൾ പൊളിച്ചു
നീയെന്ന നേരിനെ
പുറത്തെടുക്കാനും
എനിക്ക് നേരമില്ല.
കാരണം ഞാൻ
എന്നോ നഷ്ടമായ
ഞാനെന്ന നേരിനെ
തിരയുന്ന തിരക്കിലാണ് …
■■■

അച്ചു ഹെലൻ (വാക്കനൽ)

By ivayana