രചന : ബേബി മാത്യു അടിമാലി✍

ലോകത്തിൽ സ്നേഹത്തിൻ പൊൻ പ്രകാശം
വാരിവിതറിയ ലോകനാഥൻ
ഭൂമിയിൽനന്മതൻ പൂക്കാലംതീർക്കുവാൻ
വന്നഗുരുവിനെ കുരിശിലേറ്റി
മണ്ണിനെ വിണ്ണാക്കി തീർക്കുവാൻ മോഹിച്ച
നാഥന്റെ സന്ദേശംകേട്ടതില്ല
നിന്ദിതരില്ലാത്ത പീഠിതരില്ലാത്ത
ശത്രുവിനെപോലും സ്നേഹിക്കാനോതിയ
ഗുരുവിന്റെ വാക്കുകൾ വെറുതെയായി
ക്ഷമയും സ്നേഹവും സഹനങ്ങളും
പറയുവാനുള്ള പാഴ്വാക്കുകളായ്
അഞ്ചപ്പവും കൂടെസ്നേഹവും കൊണ്ടവൻ
അയ്യായിരത്തിനു ഭോജ്യമേകീ
ഇന്നിതാ കാണുന്നു അയ്യായിരമപ്പം
അഞ്ചുപേർ പങ്കിട്ടെടുത്തിടുന്നു
സ്വാർത്ഥതയേറിയ ലോകത്തിലെങ്ങും
എന്തിനോടുമുള്ള ആർത്തിമാത്രം
ദൃശ്യനാം സോദര ദുരിതങ്ങൾ കാണാത്തോരെങ്ങിനെ
അദൃശ്യനാംദൈവത്തേ സ്നേഹിക്കും
എവിടെയും കുടിലത കുടികൊള്ളം ലോകത്തിൽ .
ഇനിഒരു മാറ്റംസാദ്ധ്യമല്ലേ ?
ഇന്നീകാണും ക്രൂരതക്കെല്ലാം
ഇനിയെത്ര കുരിശുകൾ ചുമന്നീടണം
ഇനിയെത്ര ഗാഗുൽത്ത താണ്ടീടണം
പുതിയൊരു ലോകത്തെ സൃഷ്ടിക്കുവാൻ
സ്നേഹിക്കാൻമാത്രം പഠിപ്പിച്ചഗുരുവിന്റെ
വാക്കുകൾ നമ്മൾമറന്നിടല്ലേ

ബേബി മാത്യു അടിമാലി

By ivayana