രചന : വൈഗ ക്രിസ്റ്റി✍

ചെന്നായയുടെ മുഖമുള്ള
കാമുകൻ
പിന്നിൽ …
നായിക
രണ്ടടി വച്ച ശേഷം
അവിടെ നിന്നു
വേഗം …
വേഗം വാ …
തിരിഞ്ഞു നോക്കാതെ…
എഴുത്തുകാരൻ ധൃതികൂട്ടി
അവളയാളെ നോക്കിയില്ല
കാമുകൻ ,
ഒട്ടും ധൃതിയില്ലാതെ
ഒന്നു പല്ലുഴിഞ്ഞു
എന്നിട്ട് ,
നിലാവിനെ നോക്കി
ഒന്നു തെളിഞ്ഞുകൂവി
വേഗമാകട്ടെ ,
ഈ സീനിൽ നിന്നിറങ്ങിപ്പോകൂ
നീയിങ്ങനെയല്ല മരിക്കേണ്ടത്
എഴുത്തുകാരൻ കരഞ്ഞു
അവൾ ,
അയാൾക്കു നേരെ
വെറുപ്പിൻ്റെ ഒരമ്പെയ്തു
എന്നിട്ട് ,
കാമുകൻ്റെ കൂവലിലേക്ക്
നടന്നുപോയി
കാമുകൻ്റെ ചെന്നായമുഖം
അയാളെ നോക്കി
പല്ലിളിച്ചു
എന്നിട്ടവളെ ആട്ടിൻതോലുടുപ്പോട്
ചേർത്തു പിടിച്ചു
പൊന്നേ …
നീയിങ്ങനെയല്ല മരിക്കേണ്ടത്
അമ്പേറ്റ എഴുത്തുകാരൻ
അവസാനശ്വാസം
ചോരചേർത്തു വിഴുങ്ങി
ഇളംപുല്ലു കൊടുത്ത് ,
അയാൾ വളർത്തിയ നായിക
കാമുകൻ്റെ ,
തേറ്റയുഴിഞ്ഞുകൊടുത്തു
എന്നിട്ടവൻ്റെ
കരവലയത്തിൽ നിന്നും
പുറത്തു കടന്നു
എഴുത്തുകാരൻ്റെയരികിലെത്തി
അയാളുടെ കഴുത്തിലേക്ക് കുനിഞ്ഞിരുന്നു
മന്ത്രിക്കുന്ന സ്വരത്തിൽ ,
അയാൾക്ക്
സുഖമരണം വാഗ്ദാനം ചെയ്തു
എന്നിട്ട് ,
ഒട്ടും വേദനിപ്പിക്കാതെ
അയാളുടെ ഞരമ്പുകളിൽ
പല്ലമർത്തി ,
ചോരയൂറ്റിക്കുടിക്കുവാൻ തുടങ്ങി

വൈഗ

By ivayana