രചന : സതീഷ് വെളുന്തറ✍

ഇനിയും നിലാപ്പക്ഷി പാട്ടുപാടും
ഞാനുമാ പാട്ടിന്നു ശ്രുതി മീട്ടിടും
ഇനിയും പകലോൻ ചിരി പൊഴിക്കും
ഞാനാ ചിരിയിലലിഞ്ഞുചേരും
ഇനിയും ശിശിരങ്ങളില കൊഴിക്കും
ഇലയിൽ ഞാൻ ചിത്രമെഴുതി വയ്ക്കും
ഇനിയും വസന്തമിതൾ വിടർത്തും
ഇതൾ ചേർത്തു ഞാൻ പട്ടുമെത്ത നെയ്യും
ഇനിയുമാ നീർച്ചോലൊഴുകി വരും
ആ ചോലയ്ക്ക് ഞാനാദി താളമാകും
ഇനിയുമാ പൈങ്കിളി ചിറകടിക്കും
ചിറകടി ഹംസധ്വനി യുണർത്തും
അമൃതവർഷിണിയായി മന്ദമെത്തും
പെൺ കോകിലത്തിന്റെ മൃദുരവവും
അശ്വിനം വർഷം പൊഴിക്കുമപ്പോൾ
പുൽക്കൊടിത്തുമ്പുകൾ നൃത്തമാടും
ഈണം മുളന്തണ്ടിൽ നിന്നുതിരും
അളികുലമൊന്നായൊഴുകിയെത്തും
ഷഡ്പദ റാണിമാർ വർണ്ണജാലങ്ങളാൽ
മായികലോകം ചമയ്ക്കും നീളെ
മാരുതൻ മന്ദം തലോടും പുഴകളെ
പുളിനങ്ങൾ പുഴയിലേക്കൂളിയിടും
തിരുജട വിട്ടുടൻ ഗിരിശൃംഗ നന്ദിനി
മണ്ണിലേയ്‌ക്കെത്തുവാൻ വെമ്പൽ കൊള്ളും

സതീഷ് വെളുന്തറ

By ivayana