രചന : കൃഷ്ണമോഹൻ കെ പി ✍

രജതസിംഹാസനത്തിൽ കയറിപ്പറ്റും വരെ
രസിച്ചു വചനങ്ങൾ ചൊല്ലുന്നു ഭിക്ഷാംദേഹി
രമണീയവസ്ത്രമിട്ടു ജനത്തിൻ മുന്നിലെത്തി
രസകര വാഗ്ദാനങ്ങൾ ചൊല്ലിടുമനുദിനം
രവമൊന്നൊതുങ്ങിയാ തെരഞ്ഞെടുപ്പും വിട്ടാൽ
രസികരെയൊന്നും നമ്മൾ കാണില്ലയതും സത്യം
ഇന്നലെ വരെ വന്നു കൈകൂപ്പി യാചിച്ചവർ
ഇന്നിതാ സിംഹാസനം തന്മേലെ മരുവുമ്പോൾ
ഇന്നിനിയെന്താണാവോ നേടേണ്ടതതെന്നുള്ള
ഇച്ഛയെ പ്രാപിച്ചവർ ജനത്തേ മറക്കുന്നൂ
ഇന്നു ഞാൻ മന്ത്രിയല്ല, രാജാവായിരിക്കുന്നൂ
ഇന്നു ഞാൻ ജനങ്ങൾ തൻ യജമാനനായി മാറീ
ഇന്നു ഞാൻ കാംക്ഷിക്കുന്ന ലൗകിക സുഖങ്ങളെ
ഇക്കണ്ട മഹാജനം നികുതിയാലേ കീടണം
എന്നുള്ള മന:സ്ഥിതി കാത്തു വച്ചീടുന്നവർ
എത്രയും നിന്ദ്യരായി മാറീ,ജനസേവകർ
എന്നുമേ വന്ദിക്കേണ്ട ഭരണഘടനാ മൂല്യം
എങ്കിലുമിവരെന്തേ മറന്നു പോയ് കഷ്ടം, കഷ്ടം
ഐഹികമായതെല്ലാം മിഥ്യയെന്നുരുവിട്ട
സൈദ്ധാന്തികന്മാരെന്തേ സ്വാർത്ഥത വരിച്ചു പോയ്!
ഐരാവതത്തിൽ മേലേ ഇന്ദ്രനായ് കണ്ട പുമാൻ
അയ്യേയെന്നായിപ്പോയി ജനത്തിൻ ഹൃദയത്തിൽ
രാജാവായ്ത്തീരുവോളം രാക്കളെ പകലാക്കി
രാജകുമാരാ നീയോ എന്നുമേ വിളയാടി
രാജാവായ്ത്തീർന്നപ്പോഴോ രാപ്പാട്ടു മതിയാക്കി
രാക്ഷസനായിത്തീർന്നൂ രാജ്യമോ ദരിദ്രമായ്
ഉച്ഛ്വാസവായുവിലും രണത്തെ മണത്തവർ
ഉത്സാഹഭരിതരായ് നിണത്തെ സ്നേഹിച്ചവർ
ഉത്സാഹിച്ചില്ലാ പാവം ജനത്തെ സ്നേഹിക്കുവാൻ
ഉണ്മയൊന്നുരുവിടാം, ഞാനുമൊരധകൃതൻ
തെറിയെന്നെ വിളിയ്ക്കേണ്ട,
ഉറഞ്ഞു തുള്ളീടേണ്ട
പറവാനുള്ളതെല്ലാം പറഞ്ഞേ പറ്റൂ സഖേ
കറതീർന്നൊരാശയമായ് കൗമാരകാലേ കണ്ടു
ചിറകുകൾ വിരിച്ചുള്ള ഇടതിൻ്റെ പറവ ഞാൻ
അപച്യുതി കണ്ടിട്ടെൻ്റെ അകമൊന്നങ്ങാളീടുമ്പോൾ
അപസ്വരങ്ങൾ, ഗദ്ഗദമായ് വരികളായ്….🥸


കൃഷ്ണമോഹൻ കെ പി

By ivayana

Leave a Reply

Your email address will not be published. Required fields are marked *

Warning: Undefined variable $checkbox_text in /home/.sites/137/site9576960/web/wp-content/plugins/comments-subscribe-checkbox/front-end/add-checkbox-to-comments.php on line 25