രചന : ബിന്ദു വിജയൻ✍

അവസാനത്തെ പരീക്ഷ കഴിഞ്ഞു
പുസ്തകസഞ്ചി തൂക്കിയെറിഞ്ഞു
ജയിച്ചാലെന്താ തോറ്റാലെന്താ
എന്താണെങ്കിലുമായ്ക്കോട്ടെ
ചങ്ങാതികളെ വിളിക്കേണം
മൂവാണ്ടൻമാവിൽ കയറേണം
മൂത്ത മാങ്ങ പറിക്കേണം
കല്ലിലെറിഞ്ഞു ചതക്കേണം
ഉപ്പും മുളകും തേച്ചിട്ട്
കൂട്ടരുമൊത്തു കഴിക്കേണം
തേൻവരിക്കപ്ലാവിൻ ചക്ക
മടലടക്കം തിന്നണം.
ഞാവൽമരത്തിൽ ഊഞ്ഞാലാടി
ഞാവൽപഴങ്ങൾ പറിക്കേണം
ഉപ്പു വിതറി വെയിലിലുണക്കി
കൊതി തീരുംവരെ തിന്നേണം
കശുമാന്തോട്ടത്തിൽ കേറേണം
കശുമാങ്ങകൾ ചപ്പിത്തിന്നേണം
കശുവണ്ടി പെറുക്കിക്കൂട്ടേണം
കടയിൽ കൊണ്ടോയ്‌ വിൽക്കേണം
കിട്ടിയ കാശിനു നഗരത്തിൽപ്പോയ്
സിനിമകൾ ഒത്തിരി കാണേണം
കണ്ട പടത്തിലെ നായകനെപ്പോൽ
നെഞ്ചുവിരിച്ചു നടക്കേണം
തോട്ടിലും ആറ്റിലും ചാടേണം
നീന്തിക്കുളിച്ചു കളിക്കേണം
മൂക്കുപിടിച്ചു മുങ്ങുന്നേരം
എണ്ണാനായി പറയേണം
നട്ടുച്ചയ്ക്കും വെയിലറിയാതെ
കുട്ടീം കോലും കളിക്കേണം
പാടവരമ്പിൽ ,തോട്ടുവരമ്പിൽ
ആടിനെ മേച്ചു നടക്കേണം
ഇങ്ങനെയുള്ളൊരു കുട്ടിക്കാലം
ഇനി വരില്ലെന്നോർക്കേണം
ആർപ്പു വിളിച്ചും ചാടിമറിഞ്ഞും
തിമിർത്തു കളിച്ചു നടക്കേണം

ബിന്ദു വിജയൻ

By ivayana