രചന : ചോറ്റാനിക്കര റെജികുമാർ ✍

ഓർമ്മയിൽ നീമാത്രമായിരുന്നന്നെന്നി-
ലൊരു കുഞ്ഞു പൂവായ് വിടർന്നതെന്നും..
ഓർക്കാതിരിയ്ക്കുവാനാകുമോയിനി നീയെൻ
മുന്നിൽ നിന്നെന്നേയ്ക്കുമായ് മായുകിലും..
ഓർമ്മകൾക്കിത്രമേൽ മധുരമെന്നോ നിന്നെ –
ഓമനിച്ചീടുവാൻ ഞാൻ കാത്തുവല്ലോ..
തിരകളീ തീരങ്ങളിലുമ്മവയ്ക്കും നീല –
മുകിലുകൾ സ്വയം മറന്നിളകിയാടും..
അകലെനിന്നെത്തുന്നൊരീ പൂങ്കുയിൽപ്പാട്ടിൽ
അറിയാതെ നീ താളം പിടിച്ചു നിന്നൂ..
പൊഴിയുമെന്നറിയാമെങ്കിലും നിന്നുള്ള –
മാർദ്രമായ് തുളുമ്പുകയായിരുന്നോ..
പുലരികൾ പലതുകണ്ടൊന്നുറങ്ങീടുവാൻ
കൊതിയുള്ള നിൻ മനം ഞാനറിഞ്ഞു..
കളിയോതി നീ ചിത്രശലഭങ്ങളെന്നും നിൻ
മധുവിന്റെ മാധുര്യം നുകർന്നിടുമ്പോൾ..
ഉള്ളിൽതിളയ്ക്കുന്ന നൊമ്പരത്തോടെ നീ-
യരുമയായ് ദലങ്ങളാൽ തഴുകിടുന്നൂ..
കൊഴിയുന്ന നേരമായെന്നു തോന്നുന്നുവോ
നിൻ മിഴികളെന്തേ നിറഞ്ഞു പോയീ..
ഇരുൾമൂടിയല്ലോ..പകൽ മാഞ്ഞു, സന്ധ്യയായ്
ഇനിയേതു ജന്മം നാം കണ്ടുമുട്ടും..
മിഴികളിൽ മധുരമാം സ്മൃതിതൻ തിളക്കമോ –
ടെൻ കിനാവിൽ നീ വിരിഞ്ഞു നിൽപ്പൂ..

ചോറ്റാനിക്കര റെജികുമാർ

By ivayana