രചന : ബേബി മാത്യു അടിമാലി✍

ഇന്നെന്റെയോർമ്മകൾ പുറകോട്ടുപോകുന്നു
അന്നൊരു ഏപ്രിൽ നാലായിരുന്നു
അന്നു ഞാൻ ബാലകനായിരുന്നു
എന്റെ ചിന്തയും ബാലിശമായിരുന്നു
ചാച്ചനോ പോലിസ്സിലായിരുന്നു ജോലി
ദൂരത്തൊരു നാട്ടിലായിരുന്നു
ചാച്ചൻവരുന്നതും മിഠായിയുംകാത്ത്
വീടിന്റെ മുറ്റത്തു കാത്തിരുന്നു ഞങ്ങൾ
ഞാനുമെന്റെനുജനും കാത്തിരുന്നു
ചാച്ചന്റെ വരവിനായ് കണ്ണുനട്ടു
ചാച്ചനേ കൂട്ടുകാർ കൊണ്ടുവന്നു
വെള്ളപുതപ്പിച്ചു കൊണ്ടുവന്നു
അമ്മഅലമുറയാൽ കരഞ്ഞു
ചേച്ചിമാർ പൊട്ടിക്കരഞ്ഞുനിന്നു
ഞാനുമെന്റെനുജനും സങ്കടപ്പെട്ടങ്ങു
കണ്ണുനീർമിഴികളാൽ നോക്കിനിന്നു
ആശ്വാസവാക്കുകൾ ചൊരിയുവാൻ നാട്ടുകാർ
ആവോളമുണ്ടായിരുന്നു വീട്ടിൽ
ചാച്ചന്റെ ഓർമ്മയിൽ കണ്ണുനീർ വറ്റിയ
അമ്മയുറങ്ങാത്ത രാത്രികളും
പൊയ്പോയ കാലത്തിൻ കൂരിരുൾമൂടിയ
ഏകാന്ത ജീവിതദുരിതങ്ങളും
അമ്മയും ഇന്നില്ലകൂട്ടിനായി
ചാച്ചന്റെടുത്തേക്ക് പോയിയല്ലോ
ഇന്നുമാഓർമ്മകൾ മനസ്സിന്റെയുള്ളിൽ
സങ്കടക്കടലായി പെയ്തിടുന്നു
ഇന്നു ഞാൻ നേടിയ നേട്ടങ്ങളെല്ലാം
ചച്ചന്റെനുഗ്രഹമായിരുന്നു
അമ്മതൻ സഹനങ്ങളായിരുന്നു
കണ്ണുനീർപ്പൂക്കളാൽ എകുന്നു ഞാനെന്റെ
ചാച്ചനുമമ്മക്കും അശ്രുപൂജാ
നോവുമെൻ ഹൃദയത്തിൻ ബാഷ്പാഞ്ജലി

ബേബി മാത്യു അടിമാലി

By ivayana