ചില ധീരതകൾ ചരിത്രപുസ്തകത്താളുകളിൽ ഇടംപിടിക്കാതെ പോകുന്നത് സ്വാഭാവികമാണ്.

ഇത്തവണ പങ്കുവയ്ക്കുന്നത് ഒരു അച്ഛമ്മക്കഥ തന്നെയാണ്.

പതിവിന് വിപരീതമായി ഇത്തവണ ചിരിക്കഥയല്ലയെന്നുമാത്രം.

ലഹളയും പൊട്ടിത്തെറിയുമൊക്കെ ഒഴിഞ്ഞ ചില ശാന്തനിമിഷങ്ങളിൽ അച്ഛമ്മ ഞങ്ങൾക്കുവേണ്ടി സ്വന്തം അനുഭവങ്ങളുടെ കഥച്ചെപ്പ് തുറക്കാറുണ്ട്.

അത്തരമൊരു നിമിഷങ്ങളിൽ അച്ഛമ്മ അന്ന് ഞങ്ങൾക്ക് തന്നത്
ചിരിക്കപ്പുറത്തേക്ക് ചിന്തകളെ കൊണ്ടുപോകുന്ന ഒരു അനുഭവകഥതന്നെയായിരുന്നു.

അടിയാനും തമ്പ്രാനും എന്ന അവസ്ഥ നിലനിൽക്കുന്ന പഴയകാലം.
മറുത്ത് പറയാനും മാറുമറയ്ക്കാനും തമ്പ്രാക്കൾ പെണ്ണുങ്ങൾക്ക്‌ അനുമതി നിഷേധിച്ച കറുത്തകാലം…

ചെറുപ്പത്തിന്റെ ഭംഗിയ്ക്കൊപ്പം
ഉശിരുള്ള മനസുമുണ്ടായിരുന്നു അന്നും അച്ഛമ്മയ്ക്ക്.

(ഒന്നിനെയും വിലവയ്ക്കുകയോ ഒരാളെയും പേടിക്കുകയോ ചെയ്യാത്ത ഒരാളായിരുന്നു അച്ഛമ്മയെന്നത് ഇപ്പോഴും നാട്ടുകാർക്കറിയാം )

ദാരിദ്ര്യം കൊടികുത്തിവാഴുന്ന അക്കാലത്ത്
മറ്റ് കുറേ സ്ത്രീകളോടൊപ്പം അന്ന് അച്ഛമ്മയ്ക്ക് ജോലിക്ക് പോകേണ്ടിവന്നത് നാട്ടിലെ ഒരു മനയിലേക്കാണ്.

പേരും പെരുമയുമുള്ള മന.
അടിയാനും തമ്പ്രാനുമെന്ന കറുത്തനിയമങ്ങളെ എതിർക്കാൻ കഴിയാതെ ജീവിതം ജീവിച്ചുതീർക്കുന്ന കുറേ പാവപ്പെട്ടവരുടെ കണ്ണീര് വീണ മണ്ണിലേക്ക് അന്ന് അച്ഛമ്മ ജോലിക്ക് ചെല്ലുമ്പോൾ
അധികാരക്കസേരയിലിരുന്ന തമ്പ്രാൻ ചെറുപ്പക്കാരിയായിരുന്ന അച്ഛമ്മയെ ഒന്ന് ഉറ്റുനോക്കി.

(അച്ഛമ്മയുടെ ചെറുപ്പകാലമാണ് കഥയിൽ. അതിനാൽ ഇന്നുള്ള മനയും മനയിലെ അംഗങ്ങളും ഈ കഥയിലെ കഥാപാത്രങ്ങളല്ല.)

പടികടന്നുചെന്ന ചെറുപ്പക്കാരിയുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് തിരുമേനി ചോദിച്ചു.

“എന്താണ് നിന്റെ പേര്.?”

നിറംമങ്ങിയ വെളുത്ത ഒറ്റമുണ്ടുടുത്ത്,
മാറിലൂടെ തോളിലേക്ക് പരത്തിയിട്ട മേൽമുണ്ടുമിട്ടുനിൽക്കുന്ന അച്ഛമ്മ തിരുമേനിയുടെ തൊട്ടുമുമ്പിൽ നിന്നുകൊണ്ടുതന്നെ പറഞ്ഞു.

“അമ്മുക്കുട്ടി.”

അച്ഛമ്മയുടെ വാക്കുകളിൽ ഒട്ടും മൃദുത്വം കാണാഞ്ഞിട്ടാകാം തിരുമേനിയുടെ കണ്ണുകൾ ഒന്ന് കുറുകിയിരുന്നു.

തന്റെനേരെ തലയുയർത്തിത്തന്നെ നിൽക്കുന്ന അമ്മുക്കുട്ടിയുടെ നിൽപ്പ് കണ്ടപ്പോൾ
തിരുമേനിയിൽ കോപം ആളിക്കത്താൻതുടങ്ങി.

തിരുമേനി അമ്മുക്കുട്ടിയെ ആകെമൊത്തം ഒന്ന് നോക്കി.
അപ്പോഴാണ് ആ കാഴ്ച തിരുമേനി കണ്ടത്.
അമ്മുക്കുട്ടി മേൽമുണ്ടിനുള്ളിൽ ജാക്കറ്റ് (റൗക്ക) ധരിച്ചിരിക്കുന്നു.
തിരുമേനി ക്രൂദ്ധനായിക്കൊണ്ട് ചോദിച്ചു.

“അമ്മുകുട്ടീ… എന്താണിത്.?”

“എന്താണ് തിരുമേനീ..?”

“ഹും. എന്താണെന്ന് നിനക്കറിയില്ല അല്ലേ?”
തിരുമേനി ചാടിയെഴുന്നേറ്റുകൊണ്ട് ചോദിച്ചു.

“പറഞ്ഞാലല്ലേ തിരുമേനീ കാര്യം അറിയൂ.
എന്താണെന്നു പറയൂ.”
അമ്മുക്കുട്ടി സധൈര്യം പറഞ്ഞു.

“നീ നമ്മെ കളിയാക്കുകയാണോ?
ഇത്ര അഹങ്കാരത്തോടെ നമ്മുടെ മുന്നിൽവന്നുനിൽക്കാൻ നിനക്കെങ്ങനെ ധൈര്യംവന്നു.?”
തിരുമേനി കോപത്തിലാണ്.

“അങ്ങ് കാര്യം പറയൂ..”

തിരുമേനിക്ക് കോപം അടക്കാനായില്ല. “അഹങ്കാരീ… നീ ഇത്രയ്ക്ക് ആയോ?
നമ്മുടെ മുമ്പിൽ മാറ് മറയ്ക്കാൻ പാടില്ലെന്ന നിനക്ക് നിയമം അറിയില്ല അല്ലേ.?
ആര് പറഞ്ഞു നിന്നോട് റൗക്കയിട്ടുകൊണ്ട് നമ്മുടെ മുമ്പിൽ വരാൻ.?”

“ഇതാണോ കാര്യം.?
മാറ് മറയ്ക്കാൻ ഒരാളും പറഞ്ഞുതരേണ്ട ആവശ്യമില്ല അമ്മുകുട്ടിയ്ക്ക്.
ഇത് എന്റെ തീരുമാനമാണ്.”
അമ്മുകുട്ടി കൂസലില്ലാതെ പറഞ്ഞു.

അമ്മുകുട്ടിയുടെ വാക്കുകൾ കേട്ടതും തിരുമേനിയിൽ കോപം അളിക്കത്തി.
“പ്ഭാ…. അഹങ്കാരം.
എന്നോട് മറുത്ത് പറയുന്നോ നീ.?
മര്യാദയ്ക്ക് റൗക്ക ഒഴിവാക്കുന്നതാണ് നിനക്ക് നല്ലത്.”

“ഇല്ല തിരുമേനീ..
അമ്മുക്കുട്ടി ഇത് അഴിക്കാൻ തയ്യാറല്ല.”
അവൾ ധൈര്യപൂർവം സ്വന്തം നിലപാടിൽ ഉറച്ചുനിന്നു.

പക്ഷേ…
തിരുമേനി കീഴടങ്ങാൻ തയ്യാറായിരുന്നില്ല.
മനയിലെ ബഹളംകേട്ട് മറ്റുള്ള തിരുമേനിമാർ ഓടിവന്നു.
മുറ്റത്ത് ഭയത്തോടെ നിൽക്കുന്ന മാറ് മറയ്ക്കാത്ത കുറേ സ്ത്രീകളും അവർക്കുനടുവിൽ മാറ് മറയ്ക്കുന്ന കുപ്പായമിട്ട് പോരാട്ടവീര്യവുമായി മറ്റൊരു ചെറുപ്പക്കാരിയും.

ഒടുവിൽ..
വന്നവരെല്ലാം തിരുമേനിയുടെ കൂടെചേർന്നുകൊണ്ട് ഒരേസ്വരത്തിൽ പറഞ്ഞു.
അമ്മുക്കുട്ടി റൗക്ക അഴിച്ചേപറ്റൂ.

നീണ്ട തർക്കത്തിനൊടുവിൽ അത് സംഭവിച്ചു. അമ്മുകുട്ടിയുടെ ഉള്ളിൽ ഉറങ്ങികിടന്നിരുന്ന ജഗന്നാഥൻ 😂😂😂😂പുറത്തുവന്നു.

ഒടുങ്ങാത്ത കോപവും നിരാശയും, വിലവയ്ക്കില്ല എന്ന വാശിയും ഒരേസമയം അമ്മുകുട്ടിയിൽ അലയടിച്ചു.
മേൽമുണ്ടും റൗക്കയും ഒറ്റവലിക്ക് അമ്മുക്കുട്ടി സ്വയം കീറിയെറിഞ്ഞു.

തിരുമേനി സന്തോഷവാനായി മാറുന്നതിനുമുമ്പെയാണ് അതും സംഭവിച്ചത്.
അമ്മുകുട്ടിയുടെ അലർച്ച.

“പഫാ.. ഉടുതുണിയില്ലാതെ പെണ്ണിനെ കാണാൻ കൊതിക്കുന്ന നാണംകെട്ടവരേ…
എന്നോട് കുപ്പായമഴിക്കാൻ പറഞ്ഞത് നിനക്കൊക്കെ പെണ്ണിന്റെ മുലകണ്ട് വെള്ളമിറക്കാനല്ലേ.
മുലമാത്രമല്ല,
ദാ ഇതുകൂടി കണ്ട് കാമം തീർക്കെടാ.”
എന്നുപറഞ്ഞുകൊണ്ട് അമ്മുക്കുട്ടി ഉടുത്തിരുന്ന ഒറ്റമുണ്ടും വലിച്ചെറിഞ്ഞു.

“കാണെടാ കാണ്.. നന്നായി കണ്ടോ..” പൂർണ്ണനഗ്നയായി അച്ഛമ്മ തിരുമേനിമാരുടെ മുന്നിലേക്കടുത്തതോടെ നടുങ്ങിപ്പോയ തിരുമേനിമാർ എഴുന്നേറ്റ് കണ്ടംവഴി ഓടിയത്രേ.
😂😂😂😂😂😂😂😂😂😂😂
വലിച്ചെറിഞ്ഞ വസ്ത്രങ്ങൾ വാരിയണിഞ്ഞുകൊണ്ട് അമ്മുക്കുട്ടി കൂടെയുള്ളവരോട്ആജ്ഞാപിച്ചു.
“നാളെമുതൽ മാറ് മറച്ചിട്ടേ എല്ലാവരും ജോലിക്ക് വരാവൂ.”

മനയുടെ പടികടന്ന് അമ്മുക്കുട്ടി തിരിച്ചുപോകുമ്പോൾ ഗ്രാമം മറ്റൊരു മാറ്റത്തിനു സാക്ഷിയാകുകയായിരുന്നു.
ഏതായാലും അന്നത്തോടെ ഞങ്ങളുടെ നാട്ടിൽ മനയിലേക്ക് ചെല്ലുമ്പോൾ മാറ് മറയ്ക്കരുത് എന്ന നിയമത്തിനു മാറ്റംവന്നുവെന്നാണ്
അച്ഛമ്മയുടെ വാക്കുകൾ. 😂😂

(ശത്രുക്കളെ തുരത്തിയോടിക്കാൻ ഇന്ത്യാ പാകിസ്ഥാൻ അതിർത്തിയിലേക്കുവരെ ഒറ്റയ്ക്ക് വിടാവുന്ന ഒരു ഒന്നൊന്നര മുതലാണ് എന്റെ അച്ഛമ്മ.
ആ അച്ഛമ്മയോടാണോ കളി? ഹിഹിഹിഹി 😂😂😂😂😂)

By ivayana