ഞങ്ങൾ ആണ്ടോടാണ്ട് കൊണ്ടാടുന്ന ഒരു മഹാ വിശേഷ ദിവസമാണിന്ന്. ശ്യാമേട്ടനെ എന്റെ ജീവിത പങ്കാളിയായി കിട്ടിയിട്ട് 20 വർഷമാകുന്നു.
കുറേക്കാലങ്ങൾക്ക് ശേഷമാണ് ഞങ്ങൾക്കത് ഒന്നിച്ചിങ്ങനെ ആഘോഷിക്കുവാൻ പറ്റുന്നത്. എന്നു വച്ചാ മിക്കവാറും ശ്യാമേട്ടൻ സൗദിയിലായിരിക്കും.

എന്നിരുന്നാലും ആ ദിവസം സാധാരണ ഫോണിലൂടെ എന്റെ ഒരു നാലു വരി പ്രണയഗാനമാണ് നേരം വെളുക്കുന്നേന് മുൻപ് ചേട്ടനെ വിളിച്ചുണർത്തുന്നത്. മിക്കപ്പോഴും നെറ്റിന്റെ നെറികേട് മൂലം എന്റെ കവിത ചന്നം പിന്നം പോകാറാണ് പതിവ്.

ഇത്തവണ നെറ്റെന്ന ഏടാകൂടം ഞങ്ങൾക്കിടയിലില്ലാത്തോണ്ടും എന്റെ കവിതയുടെ ഇരയായ ശ്യാമേട്ടൻ എന്റെ മുന്നിലുള്ളതുകൊണ്ടും മാത്രമല്ല എന്നെ പേടിച്ച് എണീച്ചോടാതെ എന്റെ കവിതകൾ കേൾക്കു മെന്ന് ഉറപ്പുള്ളോണ്ടും ഞാനങ്ങ് വല്ലാതെ ആനന്ദിച്ചിരിക്കുവായിരുന്നു.

പക്ഷേ അമ്മ പറയുന്ന പോലെ രാഹൂറിന്റെ അപഹാരം കഠിനമായി നിൽക്കുന്നോണ്ടാണോ അതോ എന്റെ കവിത സഹിക്കണമല്ലോന്ന ഈ മനുഷ്യന്റ ഉയിരെരിച്ചിൽ കൊണ്ടാണോന്നറിയില്ല ,🤔 നാലു ദിവസമായി എനിക്ക് അതി കഠിനമായ പല്ലുവേദന .

ഏതാണ്ട് വിസ്ഡം ടൂത്ത് എന്നൊന്നുണ്ടത്രേ അത് പുറത്തേയ്ക്ക് വന്നതാണ്. കുറേക്കാലം മുൻപേ ഈ ശല്യം കുറേശ്ശേ അനുഭവപ്പെട്ടതായിരുന്നു , അന്നത് വകവെച്ചില്ല ഉപ്പുവെള്ളം കൊണ്ടും ഗ്രാമ്പു ചവച്ചും അഡ്ജസ്റ്റ് ചെയ്തു.
ഇതിപ്പോ ഒരു നിവർത്തിയുമില്ലാത്ത വേദന .
പണ്ട് സ്കൂളിൽ ബെഞ്ചിലിരുന്ന് ഞെരുക്ക് കൂടുന്നതു പോലെ വിസ്ഡം ടൂത്ത് വന്ന് “എനിച്ചും ഇരിച്ചാൻ വേണം സലം വേണം: ” എന്ന് നിനച്ച് ബാക്കിയുള്ള ദന്തനിരയെ തള്ളാൻ തുടങ്ങിയപ്പോ തുടങ്ങിയതാണീ വേദന.

കൊറോണയെ പേടിച്ച് ആശുപത്രിയിൽ പോകാനും വയ്യ.

വായ്ക്കകമല്ലേ ; ഇനി എന്റെ കണ്ടകശനിയ്ക്ക് ഡോക്ടർക്കോ , നഴ്സിനോ , മറ്റ് രോഗികൾക്കോ കോവിഡുണ്ടെങ്കിൽ പിന്നെ പറയണ്ട കൊറോണയെ ഓടിച്ചിട്ട് പിടിച്ച് എന്റെ വായ്ക്കകത്ത് വച്ച പോലാവും.

ഞാനാണേ പണ്ടേ ദുർബല പിന്നെ ദന്തക്ഷയവും കൂടെ കോറോണയും കൂടി വന്നാൽ പിന്നെ ജീവിതം കോഞ്ഞാട്ടയാവും. അതൊക്കെയോർത്ത് വേദന സഹിച്ചിരുന്നു. പക്ഷേ വിസ്ഡം ടൂത്ത് വിടാൻ ഭാവമില്ല , വേദന കലശലായി. അങ്ങനെ
രണ്ടും കൽപ്പിച്ച് ഞാൻ ആശുപത്രിയിൽ പോകാൻ തന്നെ തീരുമാനിച്ചു.
നെറ്റിൽ നോക്കി നോക്കി ഒടുക്കം ഒരു ആശുപത്രി ഉറപ്പിച്ചു.
പിതൃക്കളെയും , പിതാമഹൻമ്മാരെയും മനസാ സ്മരിച്ചു.

എന്തിനാന്നോ ഇനി ഞാനെങ്ങാനും കൊറോണ വന്ന് അന്തരിച്ചു പോയാൽ അടുത്ത തവണ ബലിച്ചോറെടുക്കാൻ വരുന്ന പിതൃക്കൾക്ക് ഒരു പണി വരുന്നുണ്ടെന്ന സൂചന പ്രാർത്ഥനയിലൂടെ നൽകിയതാണ്;😈 അതിനായി പ്രാർത്ഥനേടെ കൂടെ നാലുവരി “ശ്യാമള കോമള ബലിച്ചോറിന്നുടയോരെ , എൻ പിതൃക്കളെ ” എന്ന എന്റെ ആധുനിക കവിത നിർത്താതെ നാലു തവണ ചൊല്ലിയാണ് പ്രാർത്ഥന അവസാനിപ്പിച്ചത്.

എന്നെയും എന്റെ കവിതകളെയും സഹിക്കാനുള്ള ത്രാണി അതുങ്ങൾക്കൊന്നും കാണില്ല. അതുകൊണ്ട് തന്നെ പൊതുവെ സമാധാന പ്രിയരായ എന്റെ പിതൃക്കൾ ആയിരം കരണം മറിഞ്ഞിട്ടായാലും എന്റെ ഉയിരു പോകാതെ കാത്തു കൊള്ളുമെന്ന വിശ്വാസം എന്നെ ധൈര്യപ്പെടുത്തി.🤞

അങ്ങനെ ഞങ്ങൾ ആശുപത്രിയിലെത്തി. ഡോർ തുറന്ന ഉടനെ ഒരു തരം പ്രത്യേഗ നീല വസ്ത്രധാരിയായ നഴ്സ് എന്റെ നേരെ തോക്ക് പോലൊരു സാധനം ചൂണ്ടി വന്നു നെറ്റിയിൽ വച്ച് പനിയുണ്ടോന്ന് നോക്കി.
പിന്നീട് ഒരു സ്ഥലത്ത് ഒരു കസേരയിട്ട് എന്നെ ഇരുത്തി. എന്നു വച്ചാ ഒന്നൊന്നര ഇരുത്തായിപ്പോയി. ആ ഇരുപ്പിൽ അരയുറക്കം പിടിച്ചപ്പോഴാണ് ഡോക്ടർ വന്നത്. മാസ്ക് ഊരാതെ പല്ലെടുക്കാനിരുത്തുന്ന കസേരയിലെന്നോട് ഇരിക്കാൻ പറഞ്ഞു.

എല്ലാർക്കും പ്രാണഭയം തന്നെ. സത്യത്തിൽ എന്നെക്കാട്ടിലും പേടി പാവം ഡോക്ടർക്കും, നഴ്സിനുമായിരുന്നു.

അങ്ങനെ നല്ല സുരക്ഷിതത്തോടെ പറഞ്ഞാ കേക്കാത്ത എന്റെ വിസ്ഡം ടുത്തിന് നാലടി കൊടുത്ത് പറിച്ചിളിക്കി കളഞ്ഞു.

അന്നേരം ആകാശത്തിരുന്ന് എന്റെ പിത്യക്കൾ “ഹാവൂ ” എന്ന് നെടുവീർപ്പെട്ടു 😇.
ആ സമയം തന്നെ വഡോദരയിൽ കടുത്ത മഴയും ചെയ്തു.

എല്ലാം ശുഭം .🙂

പക്ഷേ ഒരു കുഴപ്പം ആനിവേഴ്സറി കേക്ക് കണ്ടോണ്ടിരിക്കാനേ പറ്റൂ… തിന്നാൻ പറ്റൂല്ല…
കവിതേം ചെല്ലാൻ പറ്റൂല്ല…😔

ഇനീപ്പോ പേപ്പറിൽ ഞാൻ കുത്തിക്കുറിച്ച വരികൾ ചേട്ടനെ കൊണ്ട് ചൊല്ലിക്കാമെന്നാശ്വസിച്ചിരിക്കുന്ന ഞാൻ👇…

By ivayana