രാമായണമാസത്തിൽ രാമനെ പരിചയപ്പെടുത്താൻ എല്ലാവരും തിരക്കുകൂട്ടുമ്പോൾ നമുക്ക് രാവണനെപ്പറ്റി അറിയണ്ടേ? ആരാണ് രാവണൻ?

രാവണൻ ലങ്കാധിപതി
“””””””””””””””””””””””””””””””””””””””””””
രാമായണ മാസം (കർക്കടകം ) ആരംഭിക്കുന്ന ഈ സന്ദർഭത്തിൽ രാവണനെക്കുറിച്ചുകൂടി അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.
….
മഹാബ്രാഹ്മണൻ
മഹാരാവണൻ
സംഗീതജ്ഞൻ
ആയൂർവേദാചര്യൻ
യുദ്ധതന്ത്രജ്ഞൻ
പ്രജാക്ഷേമരാജാവ്
സർവകലാവല്ലഭൻ
ശക്തനായവിശ്വാസി
മഹാജ്ഞാനി

ഇത്തരം വിശേഷണങ്ങൾ പല ഭാഗങ്ങളിലും രാവണനുണ്ടെങ്കിലും ഒരു ക്രൂരനായ അസുരചക്രവർത്തിയായ് മാത്രമേ നാം
അദ്ദേഹത്തെ പഠിച്ചിട്ടുള്ളൂ, പഠിപ്പിച്ചിട്ടുള്ളൂ…
എന്നതാണ് സത്യം.

തട്ടിക്കൊണ്ട് പോയ സീതാദേവിയെ പരിശുദ്ധയായ് സൂക്ഷിച്ചത് എല്ലാ പുരാണ ഗ്രന്ഥങ്ങളിലും പ്രതിപാദിക്കുന്നുണ്ട്.ശിവന്റെ കടുത്ത ഭക്തനായാണ് പുരാണങ്ങളില്‍ രാവണനെ അവതരിപ്പിച്ചിട്ടുള്ളത്. അതിനാലാകണം ഇന്ത്യയിലെ പല ശിവക്ഷേത്രങ്ങളിലും രാവണന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നതാ‌യി കാണാം. കര്‍ണാടകയിലെ ഹാസനിലുള്ള ഹാസനാമ്പ ക്ഷേത്രത്തില്‍ കലാഹൃദയമുള്ള രാവണനെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ക്ഷേത്രത്തിനുള്ളില്‍ കാണാവുന്ന ഏക ചിത്രം പത്ത് തലയുള്ള രാവണന്റേതാണ്. രാവണന്‍ വീണ വായിക്കുന്നതായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.
*******************************************
രാവണൻ
“””””””””””””””
ബ്രഹ്മാവിന്റെ മാനസപുത്രൻമാരായ സനത്കുമാരൻമാർ ഒരിക്കൽ വൈകുണ്ഠം സന്ദർശിച്ചപ്പോൾ ഭഗവാൻ മഹാവിഷ്ണുവിന്റെ ദ്വാരപാലകരായ ജയവിജയന്മാർ അവരെ തടഞ്ഞുനിർത്തുകയും ഇതിൽ കോപിച്ച്‌ സനത്‌ കുമാരൻമാർ അവരെ മൂന്നു ജൻമം അസുരൻമാരായി ഭൂമിയിൽ പിറന്ന്‌ വിഷ്ണുവിനെ ദുഷിച്ച്‌ ജീവിക്കുവാൻ ഇടവരട്ടെ എന്നു ശപിക്കുകയും ചെയ്തു.
ഈ മൂന്നു ജൻമങ്ങളിലും വിഷ്ണു തന്നെ അവരെ നിഗ്രഹിക്കുമെന്നും അവർ അരുളിചെയ്തു. ഈ ശാപത്താൽ ആദ്യത്തെ ജൻമം അവർ ഹിരണ്യാക്ഷനും ഹിരണ്യകശിപുവും ആയി പിറന്നു. വരാഹം, നരസിംഹം എന്നീ അവതാരങ്ങളിലൂടെ വിഷ്ണു ഇവരെ നിഗ്രഹിച്ചു. രണ്ടാം ജൻമം ഇവർ രാവണനും കുംഭകർണ്ണനും ആയി പിറന്നു. രാമാവതാരത്തിൽ ഇവർ ഇരുവരും നിഗ്രഹിക്കപ്പെട്ടു. ഇവരുടെ മൂന്നാം ജൻമം കുംഭനും നികുംഭനും ആയിട്ടായിരുന്നു. കൃഷ്ണാവതാരത്തിൽ ഇവരും നിഗ്രഹിക്കപ്പെട്ടു.

*************************************
വാല്മീകിയുടെ രാമായണത്തിനു മുമ്പ് അഫ്ഗാൻ പ്രദേശത്തെ ഇടയരുടെ നാടോടിക്കഥയാണ് രാമായണത്തിന്റെ മൂല കഥ എന്ന് കരുതപ്പെടുന്നു. പിന്നീട് ജൈന രാമായണവും, ബൗദ്ധരുടെ ദശരഥജാതകവും ഉണ്ടാകുന്നുണ്ട്. ഇതിനും ശേഷമാണ് വാല്മീകി രാമായണം രൂപപ്പെടുന്നത്. രാവണനെ വിശേഷപ്പെട്ട സന്യാസി യുടെ സ്ഥാനത്താണ് ജൈനർ കാണുന്നത്. ദശരഥജാതകത്തിൽ രാവണനെയില്ല. ഇതിൽ നിന്നും അറിയാവുന്നത് ദേവപക്ഷത്തിനു വേണ്ടി വാദിച്ചവർ രാവണനെ കുറ്റവാളിയുടെയും തിന്മയുടെയും പക്ഷത്തു നിർത്തി എന്നാണ്. ശൂർപ്പണഖയുടെ ചെവിയും മൂക്കും മുലയും രാമ- ലക്ഷ്മണന്മാർ മുറിച്ചു കളഞ്ഞതിന്റെ അരിശത്തിലാണ് രാവണൻ സീതയെ തട്ടിക്കൊണ്ടുപോയത്.രാമനിൽ നിന്ന് ഒരു ക്ഷമാപണം കൂടിയും ഉണ്ടായില്ല. വീഭീഷണൻ എന്ന സഹോദരനെ രാവണനിൽ നിന്നും അകറ്റിക്കൊണ്ടാണ് യുദ്ധത്തിൽ അദ്ദേഹത്തെ തോല്പിച്ചതും. പിതാവ് ബ്രാഹ്മണനായിട്ടും മാതാവ് കാട്ടാള സ്ത്രീയായതിനാൽ മാത്രമാണ് രാവണനെ ഒറ്റപ്പെടുത്തിയത് എന്ന് പ്രത്യേകം ഓർക്കണം. ഇന്ന് തിന്മയുടെ പ്രതീകമായി രാവണനെ നിർത്തുന്നത് ഏകപക്ഷീയത കൊണ്ടു മാത്രമാണ് എന്ന് വ്യക്തമാണ്.
**********************************

രാവണന്റെ വേദങ്ങളിലും ശാസ്ത്രങ്ങളിലും ഉള്ള പ്രാവീണ്യം കാണിക്കുവാനായി പത്തുതലകളോടെയാണ് രാ‍വണനെ കലകളിൽ ചിത്രീകരിച്ചിരിക്കുന്നത്. പത്തു തലകൾ രാവണന് “ദശമുഖൻ” ( പത്തു മുഖങ്ങൾ ഉള്ളയാൾ), “ദശഗ്രീവൻ” ( പത്തു കഴുത്തുകൾ ഉള്ളയാൾ), “ദശകണ്ഠൻ” (പത്തു കണ്ഠങ്ങൾ (തൊണ്ടകൾ) ഉള്ളയാൾ) എന്നീ പേരുകൾ നേടിക്കൊടുത്തു. രാവണനു ഇരുപതു കൈകളും ഉണ്ട് – ഇത് രാവണന്റെ ദുരയെയും ഒടുങ്ങാത്ത ആഗ്രഹങ്ങളെയും പ്രതിനിധാനം ചെയ്യുന്നു.

വിശ്രവസ്സ്‌ എന്ന ബ്രാഹ്മണമുനിയുടെ മകനായി ആണ് രാവണൻ ജനിച്ചത്. ദൈത്യ രാജകുമാരിയായ കൈകസി ആയിരുന്നു രാവണന്റെ അമ്മ. കൈകസിയുടെ പിതാവും ദൈത്യരാജാവും ആയ സുമാലി തന്റെ മകൾ ലോകത്തിലെ ഏറ്റവും ശക്തനായ രാജാവിനെ വരിച്ച് അതിശക്തനായ ഒരു പുത്രനെ പ്രസവിക്കണം എന്ന് ആഗ്രഹിച്ചു. സുമാലി ലോകത്തിലെ രാജാക്കന്മാരൊക്കെ തന്നെക്കാൾ ശക്തികുറഞ്ഞവർ എന്നുകണ്ട് അവരെ പരിത്യജിച്ചു. കൈകസി മുനിമാരുടെ ഇടയിൽ തിരഞ്ഞ് ഒടുവിൽ വൈശ്രവനെ ഭർത്താവായി തിരഞ്ഞെടുത്തു. അതുകൊണ്ട് രാവണൻ ഭാഗികമായി രാക്ഷസനും ഭാഗികമായി ബ്രാഹ്മണനും ആണ് എന്നു കരുതപ്പെടുന്നു.

ഉത്തര്‍പ്രദേശിലെ ഗ്രേയ്റ്റര്‍ നോയ്ഡയിലെ ബിസ്രാഖ് എന്ന ഗ്രാമത്തിലാണ് ലങ്കയുടെ രാജവായിരുന്ന രാവണന്‍ ജനിച്ച‌ത് എന്നാണ് വി‌ശ്വസിക്കപ്പെടുന്നത്. മഹാ ബ്രാഹ്മണ്‍ എന്നായിരുന്നു രാവണന്‍ അറിയപ്പെട്ടിരുന്നത്.വൈശ്രവന്റെ മക്കളിൽ ഏറ്റവും മൂത്തയാൾ ആയിരുന്നു. ജനനസമയത്ത് രാവണന് ദശാനനൻ/ദശഗ്രീവൻ എന്നീ‍ പേരുകൾ നൽകപ്പെട്ടു -രേവതി നക്ഷത്രത്തിൽ, ഗണ്ഡാന്തത്തിന്റെ അന്ത്യത്തിൽ, കൃഷ്ണ പക്ഷ ദ്വാദശിയിൽ ശനിയാഴ്ച രാവണൻ ജനിച്ചുവത്രേ.
പത്തു തലകളുമായി ആണ് രാവണൻ ജനിച്ചത് (ചില കഥകൾ അനുസരിച്ച് ജനനസമയത്ത് പിതാവ് നൽകിയ ഒരു പളുങ്കുമാലയിൽ തട്ടി മുഖം പ്രതിഫലിച്ചതുകൊണ്ടാണ് പത്തുതലകൾ വന്നത്. മറ്റു ചില കഥകളിൽ പത്തുപേരുടെ മാനസിക ശക്തിയുള്ളതുകൊണ്ടാണ് ഈ പേരു ലഭിച്ചത്).

രാവണന്റെ സഹോദരർ വിഭീഷണനും കുംഭകർണ്ണനും ആയിരുന്നു. തായ്‌വഴിയായി രാവണൻ മാരീചന്റെയും സുബാഹുവിന്റെയും ബന്ധക്കാരൻ ആയിരുന്നു. കൈകസിക്ക് മീനാക്ഷി എന്ന മകളും ഉണ്ടായിരുന്നു (മീൻപോലെയുള്ള കണ്ണുകൾ ഉള്ളവൾ) പിൽക്കാലത്ത് ശൂർപ്പണഖ (കൂർത്ത നഖങ്ങൾ ഉള്ളവൾ) എന്നപേരിൽ കുപ്രസിദ്ധയായത് മീനാക്ഷിയാണ്

രാവണൻ അഹങ്കാരിയും ആക്രമണോത്സുകനും ആണെങ്കിലും വിദ്യാ പ്രവീണനാണെന്ന് പിതാവായ വൈശ്രവൻ രാവണന്റെ കുട്ടിക്കാലത്തേ ശ്രദ്ധിച്ചു. വൈശ്രവന്റെ ശിക്ഷണത്തിൽ രാവണൻ വേദങ്ങളും പുരാണങ്ങളും കലകളും ക്ഷത്രിയരുടെ മാർഗ്ഗങ്ങളും പഠിച്ചു. ഒരു മികച്ച വീണാ വാദകനും ആയിരുന്നു രാവണൻ. രാവണന്റെ കൊടിയടയാളം‍ വീണയുടെ ചിത്രമാണ്. രാവണൻ ദൈത്യരുടെ സദ്ഗുണങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പുവരുത്താനായി സുമാലി രഹസ്യമായി പരിശ്രമിച്ചു.

രാവണൻ തന്റെ മുത്തച്ഛനായ സുമാലിയെ പുറത്താക്കി സൈന്യത്തിന്റെ ആധിപത്യം ഏറ്റെടുത്തു സ്വയം രാജാവായി പിന്നെ ലങ്ക പിടിച്ചടക്കി. ലങ്ക എന്ന ദ്വീപ് വിശ്വകർമാവ് കുബേരന് വേണ്ടി നിർമിച്ചതാണ്.രാവണൻ കുബേരനോട് ലങ്ക മൊത്തത്തിൽ വേണമെന്ന്‌ പറഞ്ഞു. രാവണനെ തോല്പിക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ കുബേരൻ അതിനു സമ്മതിക്കുകയെ വഴിയുണ്ടാരുന്നുള്ളു. രാവണൻ നല്ലൊരു ഭരണകർത്താവ് ആയിരുന്നു.

അദ്ദേഹത്തിന്റെ ഭരണകാലത്ത് ലങ്കയിൽ പട്ടിണി എന്തെന്ന് പ്രജകൾ അറിഞ്ഞിട്ടില്ല.
വർഷങ്ങൾ നിണ്ടു നിൽക്കുന്ന ബ്രഹ്മതപസ്യ.എ സമയത്ത് അദ്ദേഹംതന്റെ ശിരസ് 10തവണ ബ്രഹ്മാവിന് സമർപിച്ചു ഓരോപ്രാവശ്യം ശിരസ്സ് വെട്ടുമ്പോഴും പുതുയ ശിരസ് വന്നു കൊണ്ടിരുന്നു അങ്ങനെ പത്താം തവണ ശിരസു അർപിക്കാൻ നേരം ബ്രഹ്മാവ് പ്രത്യക്ഷപ്പെടുകയും വരം ആവശ്യപെടാൻ പറയുകയും ചെയ്തു.രാവണൻ അമരത്വം ആണ് വരമായി ചോദിച്ചതു,എന്നാൽ ബ്രഹ്മാവ് അത് നിരസിച്ചു.പക്ഷെ ബ്രഹ്മാവ് ദിവ്യ അമൃത് വരമായി നൽകി അത് അദ്ദേഹത്തിന്റെ പൊക്കിൾ കോടിക്ക് താഴെ സൂക്ഷിച്ചു അത് ഉള്ളടുത്തോളം കാലം അദ്ദേഹത്തെ ആർക്കും വധിക്കാൻ കഴിയില്ല എന്ന വരം നൽകി. തന്നെ ഈശ്വരൻമാരായ ആർക്കം കൊല്ലാൻ കഴിയരുത് എന്ന് വരം കൂടി രാവണൻ അവശ്യ പെട്ടു .എന്നാൽ മനുഷ്യനെ അതിൽ ഉൾപെടുത്താൻ രാവണൻ മറന്നു പോയി,വിഷ്ണുവിന്റെ മനുഷ്യജന്മമാണ് (രാമൻ) രാവണനെ വധിച്ചത്.

പത്തു തലയുടെ ശക്തിയും നൽകി രാവണനെ ബ്രഹ്മാവ് അനുഗ്രഹിച്ചു.
മൂന്നു ലോകങ്ങളെ കീഴടക്കാനും ദിക്പാലകരെ വരുതിയിലാക്കാനും ഇറങ്ങി തിരിച്ച രാവണന്‍ അതെല്ലാം നേടി. ഒന്നുകില്‍ യുദ്ധം ചെയ്യാനും അല്ലെങ്കില്‍ തോല്‌വി സമ്മതിക്കാനും ഓരോ രാജാവിനോടും രാവണന്‍ ആവശ്യപ്പെട്ടു. പല രാജാക്കന്മാരും യുദ്ധമില്ലാതെ തോല്‍വി സമ്മതിച്ചു. സമ്മതിക്കാത്തവരെ യുദ്ധത്തില്‍ ജയിക്കുകയോ വധിക്കുകയോ ചെയ്തു. മരുത്തനെ ജയിച്ചു. അനരണ്യനെ വധിച്ചു. ഇങ്ങനെ രാവണന്‍ വിരാജിക്കുമ്പോഴാണ് ജനിക്കുമ്പോള്‍ തന്നെ ജര, നര, രോഗം, വിശപ്പ്, ദാഹം എന്നിവകളാല്‍ ജനിക്കുമ്പോഴേ കൊല്ലപ്പെട്ടുകഴിഞ്ഞ മാനവരെ തോല്പിക്കുന്നത് രാവണന്റെ അന്തസ്സിനു യോജിക്കുന്ന കാര്യമല്ലെന്നും യമനെ കീഴടക്കുന്നതാണ് ഉചിതമെന്നും നാരദന്‍ ഉപദേശിച്ചത്. യമലോകത്ത് എത്തിയ രാവണന്‍ നരകസ്വര്‍ഗ്ഗങ്ങള്‍ കണ്ടതിനുശേഷം യമനെ തോല്പിച്ചു. നരകത്തില്‍ കിടന്ന ദുഷ്‌കൃതികളെ മോചിപ്പിച്ചു.
രാമായണത്തിലെ ഒരു കഥാപാത്രമാണ് മണ്ഡോദരി. അസുരന്മാരുടെ ശില്പിയായ മയന് ഹേമ എന്ന അപ്സരസ്ത്രീയിൽ ഉണ്ടായ പുത്രിയാണ് മണ്ഡോദരി എന്നു പറയപ്പെടുന്നു. ദക്ഷപുത്രിയായ ദനുവായിരുന്നു മയന്റെ ഭാര്യ. അവര്‍ക്ക് രണ്ടാണ്‍മക്കളുണ്ടായിരുന്നു. ഇവരാണ് മായാവിയും ദുന്ദുഭിയും. ഇവര്‍ രണ്ടുപേരും ബാലിയുടെ കൈയാല്‍ വധിക്കപ്പെട്ട കഥ നമുക്കറിയാം. ആണ്‍മക്കളുടെ മരണത്തോടെ ഇനി തങ്ങള്‍ക്കൊരു പെണ്‍കുഞ്ഞുജനിക്കണമെന്നാഗ്രഹിച്ച്‌ അവര്‍ ശിവനെ തപസ്സുചെയ്യാന്‍ തുടങ്ങി. അക്കാലത്ത് മധുര എന്നുപേരുള്ള ഒരപ്സരസ്സ് കാലാരിയായ ശിവനെ ഭര്‍ത്താവായി ലഭിക്കാന്‍ തപസ്സു തുടങ്ങി. പതിവായി തിങ്കളാഴ്ചവ്രതം നോറ്റ് സദാ നമഃശിവായ ജപിച്ച്‌ അവളുടെ തപസ്സു നീണ്ടു ഒരുനാള്‍ അവള്‍ക്ക് ശിവനെക്കാണാനുള്ള ആഗ്രഹം വര്‍ദ്ധിച്ച്‌ കൈലാസത്തിലേക്കു ചെന്നു. അപ്പോള്‍ പാര്‍വതി അവിടെയില്ല. കാമാരിയായ ശിവന്‍ ധ്യാനത്തിലിരിക്കുന്നു. ശിവസൗന്ദര്യത്തില്‍ മനം മയങ്ങി കാമാസ്ത്രമേറ്റ് തളര്‍ന്ന് അവള്‍ ശിവനെ ആലിംഗനം ചെയ്തുകൊണ്ട് തന്റെ ആഗ്രഹം അറിയിച്ചു. ശിവന്‍ അവള്‍ക്കു വഴങ്ങി. മധുരയുമായി വേഴ്ചയിലേര്‍പ്പെട്ടു. സംതൃപ്തയായി അവള്‍ പുറത്തിറങ്ങുന്ന നിമിഷം പാര്‍വതി അവിടെയെത്തിച്ചേര്‍ന്നു. മധുര ആകെ വിളറിപ്പോയി. എന്താണു സംഭവിച്ചതെന്ന് ഊഹിച്ച ദേവി ശപിച്ചു. “നീയൊരു തവളയായി 12 വര്‍ഷം പൊട്ടക്കിണറ്റില്‍ കിടക്കട്ടെ.” അങ്ങനെ മധുര ഒരു വനത്തിലെ കിണറ്റില്‍ തവളയായി ജനിച്ചു. പക്ഷേ കരുണാനിധിയായ ശിവപെരുമാള്‍ അദൃശ്യനായി അവിടെയെത്തി അവള്‍ക്കു ദര്‍ശനം കൊടുത്തനുഗ്രഹിച്ചു. നീ 12 വര്‍ഷം കഴിയുമ്പോൾ മനോഹരിയായ ഒരു പെണ്‍കുഞ്ഞായിത്തീരും. മയനെന്ന അസുരശില്പിയുടെ വളര്‍ത്തുമകളാകും. യൗവനത്തില്‍ നീ ത്രിലോകത്തിലും കീര്‍ത്തികേട്ട ഒരാളുടെ ഭാര്യയാകും. നിന്റെ ഉദരത്തില്‍ എന്റെ ബീജമുണ്ട്. വളര്‍ന്ന് നീ പ്രസവിക്കുന്ന പുത്രന്‍ മഹാവീരനുമായിത്തീരും.12 വര്‍ഷം കഴിഞ്ഞ് മധുര സൗന്ദര്യത്തില്‍ ലക്ഷ്മിയെപ്പോലൊരു പെണ്‍കുഞ്ഞായിത്തീര്‍ന്നു. അതിനടുത്തുതന്നെയായിരുന്നു മയനും മനുവും തപസ്സുചെയ്തിരുന്നത്. കിണറ്റില്‍ നിന്നൊരു മനുഷ്യക്കുഞ്ഞിന്റെ രോദനം കേട്ട് മയന്‍ അതിനുള്ളില്‍ നോക്കിയപ്പോള്‍ മഹാലക്ഷ്മിയെപ്പോലൊരു പെണ്‍കുഞ്ഞിനെ കണ്ടു. ഇത് ശിവന്റെ സമ്മാനമെന്ന് നിശ്ചയിച്ച്‌ മകളായി വളര്‍ത്തി. നല്ല ഒട്ടിയ സുന്ദരമായ ഉദരമുണ്ടായിരുന്ന അവള്‍ക്ക് മനോദരിയെന്നു പേരിട്ടു. അതു പിന്നീട് മണ്ഡോദരിയായി മാറി.
പഞ്ചകന്യകമാരിൽ ഒരാളായ മണ്ഡോദരിയെയാണ് രാവണൻ വരിച്ചത്‌..ഒരിക്കൽ ജൈത്രയാത്ര കഴിഞ്ഞ് മടങ്ങവേ രാവണൻ മയനെ സന്ദർശിച്ചു. സുന്ദരിയായ മണ്ഡോദരിയെ കണ്ട രാവണൻ അവളിൽ അനുരക്തനാവുകയും വിധിപ്രകാരം വിവാഹം ചെയ്ത്കൊണ്ടുപോവുകയും ചെയ്തു. ലങ്കയിലേക്ക്സീതാന്വേഷണാർത്ഥം ലങ്കയിൽ എത്തിയ ഹനുമാൻ ആദ്യമായി സുന്ദരിയായ മണ്ഡോദരിയെ കാണാൻ ഇടയായപ്പോൾ സീതയാണെന്നു തെറ്റിധരിച്ചതായി വാല്മീകി രാമായണത്തിൽ പറയുന്നുണ്ട്. രാവണനിൽ മണ്ഡോദരിയ്ക്കു ഇന്ദ്രജിത്ത്, അതികായൻ, അക്ഷകുമാരൻ എന്നിങ്ങനെ മൂന്നു പുത്രന്മാരുണ്ട്
മണ്ഡോദരിയുടെ വാക്കുകള്‍ കേട്ട് രാവണന്‍ പറഞ്ഞു, മക്കളേയും സഹോദരനേയും, മിത്രങ്ങളേയും, മന്ത്രിമാരേയും, സേനാപതികളേയുമെല്ലാം യുദ്ധക്കളത്തിലേക്കയച്ച് അവരെ കൊലക്കു കൊടുത്ത് ഇനി ഞാന്‍ മാത്രം വനത്തില്‍ ഒതുങ്ങി തപസ്വിയായി കഴിച്ചുകൂട്ടുക എന്നത് ചിന്തിക്കാന്‍ പോലും യോഗ്യമായ കാര്യമല്ല. അത് നീതിക്കും, ന്യായത്തിനും ചേര്‍ന്നതുമല്ല. അല്ലെങ്കിലും ഒരു കാര്യവും നമ്മള്‍ വിചാരിക്കുന്ന രീതിയില്‍ സംഭവിക്കുകയില്ല. അതുകൊണ്ട് ഏതായാലും രാമനെ എതിര്‍ത്ത് യുദ്ധം ചെയ്ത് ഞാന്‍ വൈകുണ്ഠം പ്രാപിക്കാന്‍ ഇച്ഛിക്കുന്നു. ഇത്രയും മണ്ഡോദരിയോട് പറഞ്ഞശേഷം രാവണന്‍ യുദ്ധസന്നദ്ധനായി പുറപ്പെട്ടു.

രാവണന്റെ പുറപ്പാടുകണ്ട് പ്രധാന സേനയും ചതുരംഗപ്പടകളും യുദ്ധത്തിനു തയ്യാറായി എത്തിച്ചേര്‍ന്നു. അവര്‍ രാവണനെ വണങ്ങി എല്ലാവരും യുദ്ധഭൂമിയിലേക്ക് നീങ്ങി. സമുദ്രം പോലെ ഇളകിവരുന്ന രാക്ഷസപ്പടയെ കണ്ട് വാനരന്മാര്‍ ഭയന്നോടാന്‍ തുടങ്ങി. അത് കണ്ട് രാമന്‍ അവരോടായി നിങ്ങളാരും യുദ്ധത്തിന്നിറങ്ങണമെന്നില്ല. ഇത് ഞാന്‍ ഒറ്റക്ക് കൈകാര്യം ചെയ്തുകൊള്ളാം എന്നു പറഞ്ഞുകൊണ്ട് രാമന്‍ രാക്ഷസസേനയുടെ ഉള്ളിലേക്ക് എടുത്തുചാടിക്കൊണ്ട് വര്‍ദ്ധിച്ച കോപത്തോടെ അസ്ത്രപ്രയോഗം തുടങ്ങി.

ഈ സമയത്ത് രാമന്‍ നിലത്തും രാവണന്‍ രഥത്തിലുമായി നിന്ന് കടുത്ത യുദ്ധം നടത്തുന്നതുകണ്ട് ഇന്ദ്രന്‍ സാരഥിയായ മാതലിയോട് രാമന്റെ സഹായത്തിന് ചെല്ലാന്‍ ആജ്ഞാപിച്ചു. മാതലി തേരും ദിവ്യാസ്ത്രങ്ങളുമായി വന്ന് രാമനെ വണങ്ങി. ഇന്ദ്രനിര്‍ദ്ദേശം അറിയിച്ചു. തനിക്കതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞെങ്കിലും ഇന്ദ്രനിര്‍ദ്ദേശം മാനിച്ചുകൊണ്ട് രാമന്‍ രഥത്തെ വന്ദിച്ച് അതില്‍ കയറി രാമരാവണന്മാര്‍ പരസ്പരം വീറോടെ പൊരുതി. ഗാന്ധര്‍വാസ്ത്രത്തിന് ഗാന്ധര്‍വം, ദൈവാസ്ത്രത്തിന് ദൈവാസ്ത്രം എന്നിങ്ങനെ രാവണന്‍ രാക്ഷസാസ്ത്രമയച്ചപ്പോള്‍ ഗരുഡാസ്ത്രം കൊണ്ട് രാമനതിനെ മടക്കി.

ശ്രീരാമന്‍ അഗസ്ത്യന്‍ കൊടുത്ത ആദിത്യഹൃദയസ്‌തോത്രം സൂര്യനെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് മൂന്നുതവണ ജപിച്ചു. എന്നിട്ട് രാവണന്റെ നേരെ തിരിഞ്ഞു. ഭഗവാന്‍ ക്രോധം കൊണ്ട് ചുവന്നു. ആ രൗദ്രഭാവംകണ്ട് സകലജീവികളും ഭയന്നു. ശ്രീരാമന്‍ ആ രാക്ഷസനെ ദഹിപ്പിക്കത്തക്കവിധം ഒന്നുനോക്കി. എന്നിട്ട് ഇന്ദ്രധനുസ്സിനൊത്ത ഒരസ്ത്രം കൈയിലെടുത്ത് രാവണനെ ലക്ഷ്യമാക്കി അയച്ചു. ഐന്ദ്രാസ്ത്രം രാവണന്റെ ഒരു ശിരസ്സു മുറിച്ചിട്ടു. തുടരെതുടരെ രാമബാണങ്ങള്‍ പാഞ്ഞു. രാവണന്റെ തലകള്‍ പനമ്പഴം വീഴുന്നതുപോലെ ഒന്നൊന്നായി വീഴാന്‍ തുടങ്ങി. രാമന് വലിയ അതിശയമുണ്ടായി. ഒരു ശിരസു വീഴുമ്പോള്‍ മറ്റൊന്ന് ആ സ്ഥാനത്ത് മുളച്ചുവരുന്നു. നൂറ്റിയൊന്നു ശിരസ് അറുത്തിട്ടു. എന്നിട്ടും ദശാനനന്റെ തല പത്തിനും കുറവില്ല.

അപ്പോള്‍ വിഭീഷണന്‍ പറഞ്ഞു: ”ഭഗവന്‍, ബ്രഹ്മാവ് പണ്ടുകൊടുത്ത വരബലംകൊണ്ട് ഇയാളുടെ ഭുജങ്ങളും ശിരസുകളും മുറിച്ചാലും അവ വീണ്ടും മുളയ്ക്കും. അയാളുടെ നാഭിദേശത്ത് കുണ്ഡലാകാരത്തില്‍ അമൃതം ഉണ്ട്. അങ്ങ് ആഗ്നേയാസ്ത്രം കൊണ്ട് അതു വറ്റിക്കുക.” രാവണന്റെ രഹസ്യം മനസ്സിലാക്കിയ രാമന്‍ ആഗ്നേയാസ്ത്രം നാഭിയിലേക്ക് തൊടുത്തുവിട്ടു. ആഗ്നേയാസ്ത്രം തറച്ചപ്പോള്‍ രാവണന്റെ ശക്തിയെല്ലാം ചോര്‍ന്നു. രാവണന്റെ ഒരു ശിരസ്സൊഴിച്ച് ബാക്കിയെല്ലാം മുറിഞ്ഞുവീണു. കുപിതനായ രാവണന്‍ ശക്തിയെടുത്ത് വിഭീഷണന്റെനേരെ എറിഞ്ഞു. രാമന്‍ അതിനെ അസ്ത്രംകൊണ്ടു മുറിച്ചു. ആ സമയത്ത് മാതലി പറഞ്ഞു. ”ഹേ രഘുനന്ദന, അങ്ങ് ഇവന്റെ തലകൊയ്തതുകൊണ്ട് ഇവന്‍ മരിക്കുകയില്ല. ഇവന് ജീവമര്‍മ്മം ഹൃദയത്തിലാണ്. ബ്രഹ്മാസ്ത്രം കൊണ്ട് ഇവന്റെ ഹൃദയം പിളര്‍ക്കുക. ഇവന് ദേവന്മാര്‍ കല്പിച്ചിട്ടുള്ള മരണകാലം അടുത്തിരിക്കുന്നു.” ശ്രീരാമന്‍ ആവനാഴിയില്‍നിന്ന് ആഗ്നേയാസ്ത്രം പുറത്തെടുത്തു. അഗസ്ത്യനാണിത് രാമന് സമ്മാനിച്ചത്. ഒരിക്കലും വ്യര്‍ത്ഥമാകാത്തതും, ബ്രഹ്മാവ് ഇന്ദ്രനുവേണ്ടി നിര്‍മ്മിച്ചതും, ചിറകുകളില്‍ വായുഭഗവാനും മൊട്ടില്‍ ആദിത്യനും അഗ്നിയുമിരിക്കുന്ന ഇതിന്റെ ശരീരം ആകാശരൂപമാണ്. ഉറപ്പില്‍ മേരുപര്‍വതത്തിന് തുല്യവും സ്വര്‍ണാലങ്കൃതവും സൂര്യനെപ്പോലെ ജ്വലിക്കുന്നതുമാണ്. പ്രളയാഗ്നിപോലെ ആളിക്കത്തി വിഷസര്‍പ്പത്തിന് തുല്യമായി ശത്രുക്കളെയും സൈന്യത്തെയും പിളര്‍ക്കാന്‍ കഴിവുണ്ട്. അനേകം ആനകളും അശ്വസേനയും കോട്ടയും കിടങ്ങുകളും തകര്‍ക്കാന്‍ കഴിവുള്ള ഈ അസ്ത്രം പിശാചുക്കള്‍ക്കുപോലും ഭയമുളവാക്കുന്നതാണ്. രാമന്‍ ആ അസ്ത്രത്തെ വേദോക്തമന്ത്രങ്ങള്‍ ജപിച്ച് രാവണനുനേരെ തൊടുത്തുവിട്ടു. അതു മഹാകായനായ രാവണന്റെ മാറില്‍ ചെന്നുതറച്ചു. ഹൃദയം പിളര്‍ന്ന് ശരീരത്തിന്റെ മറുഭാഗത്തെത്തി. എന്നിട്ട് ആവനാഴിയില്‍ തിരിച്ചെത്തി. രാവണന്റെ വില്ല് തെറിച്ചുപോയി. പ്രാണന്‍ പോയ ശരീരം വലിയൊരു വൃക്ഷം വീഴുന്നതുപോലെ നിലംപതിച്ചു. രാവണന്‍ മരിച്ചുവീഴുന്നതുകണ്ട് രാക്ഷസന്മാര്‍ ഭയന്ന് നാലുപാടും ഓടി. വാനരന്മാര്‍ ആര്‍ത്തുവിളിച്ചുകൊണ്ട് രാക്ഷസന്മാരെ തുരത്തി.

അദ്ധ്യാത്മരാമായണത്തിൽ പറയുന്നത്, സകല ദേവന്മാരും നോക്കിനില്‍ക്കെ രാവണന്റെ ദേഹത്തില്‍നിന്നും സൂര്യനെപ്പോലെ പ്രകാശമുള്ള ഒരു ജ്യോതിസ് പുറപ്പെട്ട് രഘുരാമനില്‍ പ്രവേശിച്ചു. അതുകണ്ട് ദേവന്മാര്‍ പറഞ്ഞു: ” സത്യഗുണപ്രധാനികളും വിഷ്ണുവിന്റെ കൃപാപാത്രങ്ങളുമായ നാം സംസാരത്തില്‍ കിടന്നുഴലുന്നു. ഈ രാവണന്‍ മഹാക്രൂരനായ രാക്ഷസന്‍. ബ്രഹ്മഘാതിയും തമോഗുണിയും ഭഗവദ് വിരോധിയുമായിരുന്നു. അയാള്‍ ഇതാ ഭഗവാനില്‍ ലയിച്ചുചേര്‍ന്നു. ഇയാളെത്ര ഭാഗ്യവാന്‍.” അതിന് നാരദന്റെ മറുപടി രാവണന്‍ രഘുരാമനോടുള്ള വിദേ്വഷത്താല്‍ ഹൃദയത്തില്‍ സദാ രാമനെത്തന്നെ ചിന്തിച്ചുകൊണ്ടിരുന്നു. സ്വപ്നത്തില്‍പോലും രാമനല്ലാതെ മറ്റാരുമില്ല. ഗുരുപ്രദേശത്തെക്കാള്‍ അയാള്‍ക്കത് പ്രയോജനപ്പെട്ടു. രാമന്റെ അസ്ത്രമേറ്റു മരിക്കയാല്‍ സകലപാപവും തീര്‍ന്നു. ബന്ധവിഹീനനായതിനാല്‍ രാമനില്‍ സായൂജ്യമോക്ഷം ലഭിച്ചു. സദാ രാമമന്ത്രം ജപിച്ചാല്‍ നമുക്കും മുക്തിപ്രാപിക്കാം എന്നായിരുന്നു.

By ivayana