ലേഖനം : ഒ.കെ. ശൈലജ ടീച്ചർ ✍
ഒരു സ്ത്രീയുടെ ഗർഭപാത്രത്തിലാണ് ഒരു കുഞ്ഞ് ജന്മം കൊള്ളുന്നതും വളരുന്നതും. സ്ത്രീയോനിയിലൂടെ ഭൂമിയിലേക്കു ആഗതമാകുന്നു. അവളുടെ ജീവരക്തം പാലമൃതായി നുണയുന്നതാണ് ആദ്യ ഭക്ഷണം. അമ്മയുടെ മാറിലെ ചൂടേറ്റാണ് ഉറങ്ങുന്നതും. ആദ്യക്ഷരം ഉച്ചരിച്ചു തുടങ്ങുന്നതും അമ്മയുടെ വാമൊഴി കേട്ടാണ്. അങ്ങനെ ആദ്യഗുരുവാകുന്ന അമ്മയെന്ന സ്ത്രീയിലൂടെ സ്നേഹവാത്സല്യവും ശിക്ഷണവും അനുഭവിച്ചു വളരുന്ന ഒരു ആൺകുട്ടിയിൽ താൻ പ്രായപൂർത്തിയാകുമ്പോൾ അവൻ്റെ ചിന്തയിലും കാഴ്ചപ്പാടിലും ഒരുപാട് മാറ്റങ്ങൾ വരുന്നു.
വിചാരവികാരങ്ങൾ അവനെ നിയന്ത്രിക്കുന്നു. സമൂഹം അവനെ സ്വാധീനിക്കുന്നു. വിദ്യാഭ്യാസവും വിവരവും വിവേകവും അവനെ പ്രാപ്തനാക്കുന്നു.
പുരുഷൻ്റെ കാഴ്ചപ്പാടിലെസ്ത്രീ ബഹുമാന്യയായ മാതാവ്, കൂടപ്പിറപ്പായ സഹോദരി, തൻ്റെ രക്തത്തിൽ പിറന്ന മകൾ എന്നിവരാണ്.
ഇവരൊഴിച്ചു മറ്റുള്ള സ്ത്രീകളെ ബഹുമാനിക്കാനും നിർമ്മലമായി സ്നേഹിക്കാനും അവന് കഴിയണം.
വിദ്യാഭ്യാസത്തിലൂടെ നേടുന്ന അറിവ് അവനെ തിരിച്ചറിവുള്ളവനാക്കണം.
ചുരുക്കം ചില പുരുഷന്മാരുടെ കാഴ്ചപ്പാടിൽ സ്ത്രീ അവരുടെ ഇംഗിതത്തിനനുസരിച്ച്, കീഴ്പ്പെട്ടുജീവിക്കേണ്ടവരാണ് എന്നുള്ളതാണ്. അവൾക്ക് അവർ നല്കുന്നൊരു ബഹുമാന്യപദമാണ്’ ‘ചരക്ക്’ ‘.
എന്നുവെച്ചാൽ ഭോഗവസ്തു . അവൻ ആഗ്രഹിക്കുന്ന സമയത്ത് തൻ്റെ ചൊൽപ്പടിയിലാക്കി (അതുചിലപ്പോൾ പ്രണയം നടിച്ചാകാം, ഭീഷണിപ്പെടുത്തിയാകാം, തന്ത്രപൂർവ്വം ട്രാപ്പിൽ പെടുത്തിയാകാം) ആസ്വദിച്ചുരസിക്കാനുള്ളതാണ്.
സ്ത്രീയെ അവളുടെ വ്യക്തിത്വത്തെ, ആത്മാഭിമാനത്തെ മാനിക്കാതെ, അംഗീകരിക്കാതെ അവളെ ചരക്കായി കാണുന്നവർക്ക് സ്ത്രീകൾ നല്കുന്നൊരു പേരുണ്ട് ഞരമ്പുരോഗി.
ശരിയാണ് ഇതൊരു രോഗമാണ്. മാനസിക വൈകല്യം. ഇങ്ങനെയുള്ളവരാണ് സ്വന്തം അമ്മപെങ്ങമ്മാരേയും പെൺമക്കളെയും മരുമക്കളെയും തിരിച്ചറിയാതെ, അവരെ വെറും സ്ത്രീ ശരീരം മാത്രമായി കണ്ട് തങ്ങളുടെ കാമദാഹം തീർത്തു കൂത്താടി രസിക്കുന്നത്.
ഇങ്ങനെയുള്ളവരെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനുള്ള പ്രാപ്തിയും മനോധൈര്യവും നേടിയെടുത്തു സധൈര്യം മുന്നോട്ടു പോകാൻ ഓരോ സ്ത്രീയും കായികമായും മാനസികമായും ബുദ്ധിപരമായും ശക്തി ആർജ്ജിക്കേണ്ടതുണ്ട്.
ഗൃഹാന്തരീക്ഷത്തിൽ വെച്ചുതന്നെ സഹജീവിയായ സ്ത്രീയെ ബഹുമാനിക്കാനും മാന്യമായി പെരുമാറാനും പ്രവർത്തിക്കുവാനുമുള്ള ശീലം ആൺകുട്ടികളിൽ വളർത്തിയെടുക്കേണ്ടത് രക്ഷിതാക്കളാണ്.
അതുപോലെ താൻ ജീവിക്കുന്ന ചുറ്റുപാടിനെ തിരിച്ചറിഞ്ഞ് സ്വയം സംരക്ഷിക്കാൻ, തനിക്കു നേരെ വരുന്ന ദുഷ്പ്രവണതകൾക്കു നേരെ പ്രതിരോധിച്ചു മുന്നോട്ടു പോകാനുള്ള ആത്മധൈര്യവും വിവേകവും പെൺകുട്ടികളിൽ വളർത്തിയെടുക്കേണ്ടതുമാണ്.
സ്നേഹവും വാത്സല്യവും കരുതലും അഭിപ്രായസ്വാതന്ത്രവും ലഭിക്കുന്ന കുടുംബാന്തരീക്ഷമാകട്ടെ നമ്മുടേത്. അത് പോലെ ഉത്തമസൗഹൃദങ്ങളെ തിരഞ്ഞെടുക്കാനുള്ള പ്രായോഗികബുദ്ധിയും മക്കൾക്കുണ്ടാകട്ടെ.
സ്ത്രീകളെ ബഹുമാനിക്കുന്ന, അവർക്ക് കരുതൽ നൽകുന്നവരാകട്ടെ നമ്മുടെ പുരുഷസമൂഹം. സ്ത്രീയും പുരുഷനും പരസ്പരസ്നേഹത്തോടെ, ബഹുമാനത്തോടെ കരുതലോടെ ജീവിക്കുമ്പോഴാണ് അവിടെ സന്തുഷ്ടമായ കുടുംബവും അതിലൂടെ സമൂഹത്തിൻ മഹനീയമായ സംസ്ക്കാരവും ഉടലെടുക്കുന്നത്. സംസ്ക്കാരസമ്പന്നമായ സമൂഹത്തിൽ ദുഷ്പ്രവണതകൾ ഒരിക്കലും അരങ്ങേറില്ല.
അപ്പോൾ സ്ത്രീയെ ചരക്ക് എന്ന വാക്കിലൂടെ അപമര്യാദയായി നോക്കിക്കാണുന്നതും പ്രവർത്തിക്കുന്നതും അവളുടെ സത്രീത്വത്തെ ഹനിക്കുകയാണെന്നും, ഇത് തെറ്റാണെന്നും ഒരിക്കലും ചെയ്യാൻ പാടില്ലാത്തതുമാണെന്ന ചിന്ത സമൂഹത്തിനുണ്ടാകണ്ടേ? തീർച്ചയായും ഉണ്ടാകണം. ഉണ്ടാകും. നല്ല മാറ്റങ്ങൾ നമുക്ക് പ്രതീക്ഷിക്കാം.
അതുപോലെ മറ്റൊരു നീചമായ പ്രവണതയാണ് സ്ത്രീഎഴുത്തുകാരുടെ രചനയ്ക്കു നേരെ നൽകുന്ന സംസ്ക്കാരശൂന്യമായ മറുമൊഴി. വായനയിൽ ആ രചന ഒരുപക്ഷേ ഇഷ്ടപ്പെട്ടില്ലെന്നു വരാം. അതിന് മാന്യമായ രീതിയിൽ ആരോഗ്യപരമായി വിമർശിക്കാം. അല്ലാതെ തരംതാണ രീതിയിലുള്ള കമൻ്റോടുകൂടിയുള്ള പോസ്റ്റർ മറുമൊഴിയായി നല്കി സ്ത്രീഎഴുത്തുകാരെ അപമാനിക്കുന്ന പുരുഷന്മാർ ഒന്നോർത്താൽ നല്ലത്. നിങ്ങൾക്ക് വായിൽ തോന്നുന്നതെന്തും പറഞ്ഞ് ആക്ഷേപിച്ച് അപമാനിക്കേണ്ടവരല്ല സ്ത്രീ എഴുത്തുകാർ. അഭിപ്രായസ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തരുത്. സ്ത്രീകൾ മൗനം പാലിക്കുന്നത് വെറും ഊളകളെ ഭയന്നിട്ടല്ല.
സോഷ്യൽമീഡിയയിലായാലും എവിടെയായാലും അവൾ സ്വന്തം മാന്യത നിലനിർത്തുന്നത് ഇത്തരം നെറിയില്ലാത്തവരോട് മൗനം പാലിച്ചു കൊണ്ടാണ്. വിദ്യാഭ്യാസവും പദവിയും ഉണ്ടായതുകൊണ്ടായില്ല. മാന്യമായി മര്യാദയോടെ മനുഷ്യനായി പെരുമാറാൻ പഠിക്കണം.
