രചന : യൂസഫ് ഇരിങ്ങൽ ✍
ഏറ്റവും സത്യ സന്ധമായി, അതിലേറെ കരുതലോടെ, സ്നേഹത്തോടെ നിങ്ങൾ ഒരാളെ ട്രീറ്റ് ചെയ്യുന്നു.. അയാളെ /അവളെ നിരന്തരം അങ്ങോട്ട് പോയി ബോദർ ചെയ്യുന്നു. അവരുടെ ഇഷ്ടങ്ങൾക്ക്, ആഗ്രഹങ്ങൾക് ഏറ്റവും മുന്തിയ പ്രയോരിറ്റി നൽകുന്നു ഇതിനൊക്കെ പകരമായി, നിങ്ങൾ അവരിൽ നിന്ന് പ്രതീക്ഷിക്കുന്നത്,ആഗ്രഹിക്കുന്നത് എന്താവും..?
തീർച്ചയായും അവരുടെ പ്രയോറിറ്റിയിൽ നിങ്ങൾ ഏറ്റവും ഉന്നതസ്ഥാനത്ത് ആയിരിക്കണം എന്ന് മാത്രമല്ല,.. അവരെ ഏറ്റവും സന്തോഷിപ്പിക്കുന്ന സാന്നിധ്യം നിങ്ങൾ മാത്രമായിരിക്കും എന്നത് കൂടിയാവും. എന്നാൽ, മേൽപ്പറഞ്ഞതോന്നും ഒരാളുടെ പ്രയോരിറ്റി ലിസ്റ്റിൽ, അവരുടെ ജീവിതത്തിൽ ഒന്നാമത്തെ ആളാവാനുള്ള മാനദണ്ഡം ആയിരിക്കില്ല എന്ന യാഥാർഥ്യം നിങ്ങൾക്ക് നിരന്തരം, ഉൾക്കൊള്ളേണ്ടി വരും എന്നതാണ് പച്ചയായ യാഥാർഥ്യം.
ഏറെ മനോഹരമായി പരിപാലിക്കപ്പെടുന്ന ചെടികളിൽ നിന്ന് സുന്ദരമായ പുഷ്പങ്ങളും കായ്കനികളും ആഗ്രഹിക്കുന്നത് പോലെ തന്നെ, ഏറ്റവും ആത്മാർഥമായ ബന്ധങ്ങളിൽ നിന്ന് സ്ഥായിയായ സ്നേഹവും കരുതലും പ്രതീക്ഷിക്കുന്നത് മനുഷ്യ സഹജമായൊരു സ്വാർത്ഥ യാണെന്ന് വേണമെങ്കിൽ പറയാം. പക്ഷെ സ്നേഹത്തിന്റെയും കരുതലിന്റെയും സമവാക്യങ്ങൾ പലപ്പോഴും നമ്മുടെ ബോധ്യങ്ങളിൽ ശരിയുത്തരമായി വരണമെന്നില്ല.
ഇത്തരം പ്രതീക്ഷകൾ പാളുമ്പോൾ പരിഭവിക്കുന്നതിലോ പരാതിപ്പെടുന്നതിലോ യാതൊരു യുക്തിയും ഇല്ല. ഒരാളെ കണ്ടാൽ, സംരിച്ചാൽ സന്തോഷം കിട്ടും, ആ ദിനം മുഴുവൻ കളറാവും എന്നതൊക്ക നമ്മളവരിൽ വെച്ച്കെട്ടുന്ന അധിക ഭാരമാണ്.
അത് സ്വീകരിക്കേണ്ട ബാധ്യത എല്ലായ്പ്പോഴും അവർക്ക് ഉണ്ടാവണമെന്നില്ല.
. സത്യത്തിൽ, നിരന്തരം ആളുകളെ പിന്തുടർന്ന് സ്നേഹം ചൊരിഞ് അവരുടെ ശ്രദ്ധയും കരുതലും നമ്മിലേക്ക് ക്ഷണിക്കുന്നതിനേക്കാൾ എളുപ്പമായ വേറൊരു പണിയുണ്ട്. ആ സ്നേഹവും ശ്രദ്ധയും നമ്മിലേക്ക് തന്നെ നിക്ഷേപിക്കുക. നിരന്തരം സ്നേഹിക്കുകയും ശ്രദ്ധിക്കുകയും ചെയ്ത് നമ്മെ മനോഹരമാക്കി ഒരുക്കി നിർത്തുക. തികഞ്ഞ ഏകാന്തതയിൽ പോലും നമ്മെ സന്തോഷിപ്പിക്കാനുള്ളമാന്ത്രിക സിദ്ധി നമ്മുടെ കയ്യിൽ തന്നെ ഉണ്ടെന്ന് നമ്മളെ തന്നെ നിരന്തരം വിശ്വസിപ്പിക്കുക.
അങ്ങനെയാകുമ്പോൾ പൂത്ത് വിരിഞ്ഞ നിൽക്കുന്ന ചെടികൾക്കരികിലേക്ക് ശലഭങ്ങൾ എന്ന പോലെ ആളുകൾ നമ്മിലേക്ക് ആകർഷിക്കപ്പെടും.
എല്ലാ അവഗണനകൾക്കും അവഹേളനങ്ങൾക്കും നിരന്തരം നമ്മളെ സ്വയം എറിഞ്ഞു കൊടുത്ത്, കിട്ടാവുന്ന എല്ലാ മുറിവുകളും ഏറ്റുവാങ്ങിയ ശേഷം അതേ നമ്മളെ ഏതെങ്കിലും പ്രിയപ്പെട്ടവർ, പരിഗണിക്കണമെന്ന്, ശ്രദ്ധിക്കണമെന് വാശി പിടിക്കുന്നത് ശുദ്ധ മണ്ടത്തരമാണ്.
അതിനാൽ നമുക്ക് നമ്മേ തന്നെ സ്വയം ബഹുമാനിക്കാം, മതി വരുവോളം സ്നേഹിക്കാം, കരുതലോടെ ഒരുക്കി വെക്കാം.
പരിഗണനകളുടെ, സ്നേഹത്തിന്റെ വാതിലുകൾ തുറക്കപ്പെടുക തന്നെ ചെയ്യും.