രചന : സതീഷ് വെളുന്തറ.✍

രാവിലെ കടയിലേക്ക് പോകാനുള്ള ഒരുക്കത്തിനിടയിലാണ് മധു ആ വാർത്ത കേൾക്കുന്നത്. രാജേന്ദ്രൻ സാറിന്റെ ഭാര്യ മരണപ്പെട്ടു. ജീവൻ വേർപ്പെട്ട ഭൗതിക ദേഹത്തിൽ നിന്ന് ആംഗലേയത്തിൽ പറഞ്ഞാൽ ടെമ്പറേച്ചറിന്റെ അവസാന കണികകളും വിട പറയുന്നതിന് മുൻപ് തന്നെ സോഷ്യൽ മീഡിയയിൽ പരേതരുടെ ഫോട്ടോയും അടിക്കുറിപ്പും, കൂപ്പു കൈകളുടെയും, മൊട്ടിൽ നിന്ന് പകുതി മാത്രം പുറത്തുവന്ന റോസാപുഷ്പങ്ങളുടെയും അകമ്പടിയോടുകൂടിയുള്ള ആദരാഞ്ജലികൾ സന്ദേശ കാവ്യങ്ങളായി പറന്നു നടക്കുന്നതിനു മുമ്പുള്ള കാലത്ത് നടന്ന മരണം.

മൊബൈൽ ഫോൺ എന്ന സന്തതസഹചാരിയായ സഹയാത്രിയൻ ഇഹലോകത്തിലെ മനുഷ്യനെ അനു യാത്ര ചെയ്യുന്നതിനും മുമ്പുള്ള കാലം. അതുകൊണ്ടുതന്നെ രാജേന്ദ്രൻ സാറിന്റെ ഭാര്യക്ക് സോഷ്യൽ മീഡിയയിൽ ലോകം ചുറ്റാനുള്ള ഭാഗ്യം ഇല്ലാതെ പോയി. ഗസറ്റിൽ പരസ്യം ചെയ്യാതെ ലാൻഡ് ഫോൺ എന്ന് പുനർനാമകരണം ചെയ്യപ്പെട്ട ടെലഫോൺ തന്നെ സ്ഥലത്തെ പ്രധാനികളുടെ വീടുകളിൽ മാത്രം ഉണ്ടായിരുന്ന കാലം. വിവരങ്ങൾ അറിയുന്നതിന് ആകെയുള്ള ആശ്രയം ജംഗ്ഷനിലുള്ള ഒരു റബ്ബർ കടയാണ്. അറിയിപ്പുകളുടെ പത്തായപുര. റബ്ബർ കടക്കാരൻ തിരക്കിലാണെങ്കിൽ അറിയിപ്പുകൾ തൽക്കാലം അവിടെ അടയിരിയ്ക്കും.

തിരക്കൊഴിയുന്ന മുറക്ക് അറിയിപ്പിന്റെ ആസ്ഥാന മന്ദിരത്തിൽ നിന്ന് മേൽവിലാസക്കാരനിലേയ്ക്ക് അറിയിപ്പുകളുടെ പ്രക്ഷേപണം ആരംഭിയ്ക്കും. മധുവിന്റെ വീടും റബ്ബർ കടയും തമ്മിൽ 100 മീറ്റർ ദൂരമേയുള്ളൂ. അതുകൊണ്ടുതന്നെ അറിയിപ്പുകൾക്ക് ഇടതടവില്ലാതെ നിർബാധം ശീഘ്ര സഞ്ചാരം നടത്തുന്നതിന് നിയമ തടസങ്ങളൊന്നും ഉണ്ടായിരുന്നില്ല.


മൺസൂൺ മേഘങ്ങൾ കനിഞ്ഞു വര്‍ഷിച്ചു പിൻവാങ്ങിയിട്ട് അധികകാലം ആയിട്ടില്ലാത്തതിനാൽ പുരയിടത്തിന്റെ തൊടിയോട് ചേർന്നൊഴുകുന്ന ചെറു തോട് ജലസമൃദ്ധമാണ്. തെളി വെള്ളത്തിൽ കണ്ണാടി നോക്കാം. അവിടെയാണ് രാവിലത്തെ പല്ല് തേപ്പും കുളിയും. സംസ്കാര ചടങ്ങുകൾക്ക് പോകണം എന്നുള്ളത് കൊണ്ട് തന്നെ വിശാലമായ കുളിക്ക് മുതിർന്നില്ല. ലുങ്കിയും ധരിച്ച് തോർത്തും തോളിലിട്ട് ഒരു മൂളിപ്പാട്ടും പാടി ധൃതഗതിയിൽ വീട്ടിലെത്തി.ഡ്രസ്സ് ചെയ്തു വന്നപ്പോഴേയയ്ക്കും ബ്രേക്ക് ഫാസ്റ്റ് റെഡി. ആവി പറക്കുന്ന പുട്ടും പുഴുങ്ങിയ ചെറുപയറും നാടൻ വെളിച്ചെണ്ണയിൽ വറുത്തെടുത്ത പർപ്പടകവും ഡൈനിങ് ടേബിളിൽ ഇരുന്ന് പ്രലോഭിപ്പിക്കുന്ന തരത്തിൽ ഒന്ന് നോക്കി.

പക്ഷേ പ്രലോഭനത്തിൽ വീഴാൻ നിവൃത്തിയില്ല. നൃത്തം ചെയ്യുന്ന അപ്സരസിന്റെ മുന്നിൽ നിന്ന് രക്ഷപ്പെടാൻ വിശ്വാമിത്രൻ എന്തുമാത്രം പ്രയത്നിച്ചിട്ടാവും ഒടുവിൽ കീഴടങ്ങിയത് എന്ന് മനസ്സിൽ ഓർത്തു. 9 മണിക്കുള്ള ബസ്സിലെങ്കിലും യാത്ര പുറപ്പെട്ടേ പറ്റൂ. കണ്ണാടിയിൽ നോക്കി പ്രതിബിംബത്തോട് കൂടുതൽ കിന്നാരം പറയാൻ നിന്നില്ല. ജയശ്രീ….,ഞാനിറങ്ങുന്നു എന്ന് പറഞ്ഞപ്പോഴേക്കും ഭാര്യയുടെ അന്വേഷണം, അപ്പോൾ കാപ്പി കഴിക്കാതെ പോവുകയാണോ. കാപ്പിയൊന്നും കഴിക്കാനുള്ള സമയമില്ല വന്നിട്ടാകാം, എത്ര മണിയ്ക്കാണ് അടക്കം എന്നറിയില്ല.

അപ്പോൾ ഇന്ന് കട തുറക്കുന്നില്ലേ. കടയിൽ നീ പോയാൽ മതി താക്കോൽ മേശയിൽ ഉണ്ട്. ഞാൻ പോകാനോ? എനിക്കിവിടെ നൂറുകൂട്ടം പണിയില്ലേ ഭാര്യയുടെ നിവേദനം. പണിയൊക്കെ അവിടെ കിടക്കട്ടെ.മരിച്ചതേ RI – യുടെ ഭാര്യ യാ. തൽക്കാലം അങ്ങേരാ നമ്മുടെ അന്നദാതാവ്. ചെല്ലുന്നവരേക്കാൾ ചെല്ലാത്ത ഓരോരുത്തരെയും അയാൾ ഓർത്തുവയ്ക്കും. ഒരു റേഷൻ കടക്കാരന്റെ ധർമ്മസങ്കടം നിനക്കറിയില്ല. അമ്പലത്തിലെ ദൈവങ്ങളെ പ്രസാദിപ്പിച്ചില്ലെങ്കിലും ഈ ദൈവങ്ങളെ പ്രസാദിപ്പിച്ചില്ലെങ്കിൽ എന്റെ പ്രിയതമേ പണി പാളും.


കട തുറക്കുന്ന ഉത്തരവാദിത്വം സഹധർമ്മിണിയുടെ ചുമലുകളിൽ ഭദ്രമാക്കി മധു പടിയിറങ്ങി. മുറ്റത്തു നിൽക്കുന്ന സീനിയാ ചെടികളിലെ ഇലകളിൽ തട്ടിയ സൂര്യരശ്മികൾ പുഞ്ചിരിച്ചു. ആവോളം തേൻ നുകർന്ന് കുക്ഷി നിറഞ്ഞതും നിറയാത്തതുമായ വണ്ടുകൾ അന്തരീക്ഷത്തിൽ അമേരിക്കയുടെയും ആഫ്രിക്കയുടെയും യൂറോപ്പിന്റെയും ഒക്കെ ഭൂപടങ്ങൾ വരച്ചു കൊണ്ടിരുന്നു. അതൊന്നും ശ്രദ്ധിക്കാതെ റോഡിൽ എത്തി. കിതച്ചും അതിലേറെ കുരച്ചും കഫം തുപ്പിയും ഒരു നീണ്ട ഞരക്കത്തോടെ വന്നു നിന്ന പ്രൈവറ്റ് ബസ്സിൽ കയറി.

അരമണിക്കൂർ ഇതിൽ സഞ്ചരിച്ചിട്ട് വേണം തൊട്ടടുത്ത ടൗണിൽ ഇറങ്ങി അടുത്ത ബസ്സിന് പോകാൻ. തിരമാലകളാൽ അമ്മാനമാടപ്പെടുന്ന തോണിയെ അനുസ്മരിപ്പിച്ചുകൊണ്ട് റോഡിലെ കുഴികളെ തൊട്ടും തലോടിയും ബസ് നീങ്ങി. അരമണിക്കൂറിനകം തന്നെ ടൗണിൽ എത്തി. കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തി ഡിപ്പോയിലെ നീളമേറിയ വാരാന്തയിൽ സ്ഥാപിച്ചിട്ടുള്ള കസേരകളിൽ ഒന്നിൽ ഇരിപ്പുറപ്പിച്ചു. അനുരാഗ കളരിയിൽ അങ്കത്തിന് വന്നവളേ…. തച്ചോളി അമ്പുവിലെ മനോഹര ഗാനം ഒഴുകിയെത്തി. ടിവി സ്ക്രീനിലേക്ക് മിഴികൾ പായിച്ചു.

മനസ്സ് പണ്ടത്തെ പ്രീഡിഗ്രി കാലഘട്ടത്തിലേക്ക് മെല്ലെ സഞ്ചരിച്ചു. അടുത്ത ഗാനത്തിന്റെ അനുപല്ലവിയാണ് പിന്നീട് ചെവിയിലെത്തിയത്. തിലകം ചാർത്തി ചീകിയു മഴകായ് പലനാൾ പോറ്റിയ പുണ്യ ശിരസേ …. സന്ദർഭത്തിന് തികച്ചും അനുയോജ്യമായ ഗാനം. തിലകം ചാർത്തി യില്ലെങ്കിലും ഭംഗിയായി ചീകി ഒരുക്കിയ ചികുരഭാരമാണ് രാജേന്ദ്രൻ സാറിനുള്ളത്. R.I എന്ന നിലയ്ക്ക് എത്രയോ തവണ കടയിൽ വന്നു കണ്ടിട്ടുണ്ട്. മുൻകൂട്ടി അറിയിച്ചിട്ടാകും വരവ്. വെറ്റിലയും അടയ്ക്കയും ചേർത്ത് ദക്ഷിണ തയ്യാറാക്കി വയ്ക്കണമല്ലോ. ദോഷം പറയരുത്, കൊടുത്തത് കൂടിപ്പോയെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. സർക്കാരിനെയും ജനങ്ങളെയും രണ്ടു കൂട്ടരും പറ്റിക്കുന്ന പരസ്പരപൂരക സംഘത്തിനുള്ള സന്തോഷത്തിന്റെ കൈമാറ്റം.

പക്ഷേ കൊടുക്കുന്നവൻ ഒരിക്കലും സന്തോഷത്തിന്റെ ഗിരിശൃംഗമേറുന്നില്ലെന്ന് വാങ്ങുന്നവൻ ഒരിക്കലും അറിയുന്നില്ല എന്ന് മാത്രം. പ്രത്യുപകാരമായി ചില ചെറിയ കണ്ണടയ്ക്കലുകൾ. എത്രയൊക്കെ വാങ്ങിയിട്ടും പട്ടിണിയാണ് പാവങ്ങൾക്ക്. രണ്ടറ്റവും കൂട്ടിമുട്ടിയ്ക്കാൻ പെടുന്ന പെടാപ്പാട് അവർക്കേ അറിയൂ.


ചിന്തകളുടെ ഭാരം ഒരു ഘനരൂപമായി തലച്ചോറിന്റെ മൃദുലമായ മലമടക്കുകളെ പ്രഹരിക്കുന്നതോടൊപ്പം കാത്തിരിപ്പിനും കനമേറി വരുന്നു. ഘന ഗംഭീര സ്വരത്തിൽ നടത്തുന്ന അനൗൺസ്മെന്റ് ശബ്ദത്തിന്റെ തരംഗ ദൈർഘ്യങ്ങൾ സ്റ്റേഷന്റെ വാരാന്തയും കടന്ന് പുറത്തേക്കിറങ്ങി. ഒരു സിഗരറ്റ് പുകയ്ക്കാം എന്ന് കരുതി പുറത്തിറങ്ങി. മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനികരമാണെന്നുള്ള ആപ്തവാക്യത്തെ ഓർത്തുകൊണ്ട് തൊട്ടടുത്ത പെട്ടിക്കടയിൽ നിന്നും ഒരു സിഗരറ്റ് വാങ്ങി അതിന്റെ ഒരഗ്രം ചുണ്ടിൽ തിരുകി മറ്റേ അഗ്രത്തേയ്ക്ക് അഗ്നി പകർന്നു. പരിപ്പിന് നെയ്യ് എന്നതുപോലെ. കൂട് തുറന്ന് വിട്ട് സ്വാതന്ത്ര്യം ലഭിച്ച പറവകളെ പോലെ പുകച്ചുരുളുകൾ അന്തരീക്ഷത്തിലേക്ക് ഉയർന്നുപൊങ്ങി. ആത്മാവും ശരീരവും ഒരേപോലെ ചൂടുപിടിച്ചതായി തോന്നിയപ്പോൾ തിരിച്ച് ബസ് സ്റ്റേഷനിലേക്ക്. ഭാഗ്യം – പോകേണ്ട സ്ഥലത്തേക്കുള്ള ബസ് കിടപ്പുണ്ട്.അതിൽ കയറി ഇരിപ്പുറപ്പിച്ചു.
റേഷൻ കടക്കാരന്റെ ജന്മോദ്ദേശം തന്നെ R. I, സപ്ലൈ ഓഫീസർ തുടങ്ങിയ ഇഷ്ട ദേവതകളെ പ്രീണിപ്പിയ്ക്കുകയും അവരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള വഴിപാടുകൾ കഴിയ്ക്കുകയും കാണിയ്ക്കകൾ അർപ്പിയ്ക്കുകയും ചെയ്യലാണെന്ന് വാർധക്യത്തിലേക്ക് കാലുകളും കൈകളും ഊന്നി, കൊട്ടം ചുക്കാദിയുടെയും ധാന്വന്തരത്തിന്റെയും ഇഷ്ട തോഴനും സഹയാത്രികനുമായി മാറിയ അച്ഛൻ ഉപദേശിച്ചിരുന്നു കട തന്നെ ഏൽപ്പിച്ചു താക്കോൽ കൈമാറുമ്പോൾ.

ആ ഉപദേശം കടുകിട തെറ്റിച്ചിട്ടില്ല അച്ഛന്റെ മരണ ശേഷവും. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ മനസ്സിൽ ഉറപ്പിച്ചിരുന്നു. സംസ്കാര ചടങ്ങുകളിൽ ആദ്യാവസാനം സജീവമായി തന്നെ പങ്കെടുക്കണം. രാജേന്ദ്രൻ സാറിനെ ആവുംവിധമെല്ലാം ആശ്വസിപ്പിക്കണം. പട്ടിണി കഞ്ഞിയും കഴിച്ചേ മടക്കമുള്ളൂ.( ചിതയ്ക്ക് തീ കൊളുത്തിയ ശേഷമുള്ള ആഹാരത്തിന് അത് ചോറായാലും കഞ്ഞിയായാലും -പട്ടിണി കഞ്ഞി എന്നത്, ഞങ്ങളുടെ നാട്ടിലെ ഒരു പ്രയോഗമാണ് ). എല്ലാം കഴിഞ്ഞ് യാത്ര പറഞ്ഞിറങ്ങുമ്പോൾ സാറേ ഞാൻ നാളെയും വരാം എന്ന് പറയുകയും വേണം.
റേഷൻകട അച്ഛനിൽനിന്ന് ഏറ്റെടുത്ത് രണ്ടുവർഷത്തിനുശേഷമാണ് രാജേന്ദ്രൻ സാറിന്റെ അമ്മ മരണപ്പെടുന്നത്. എന്തോ കാരണവശാൽ അന്ന് പോകാൻ പറ്റിയില്ല. എല്ലാ പ്രവർത്തനത്തിനും തുല്യമായതും എതിരായതുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടെന്ന് പറയുന്നതുപോലെ അതിനും ഉണ്ടായി പ്രതിപ്രവർത്തനം.

ന്യൂട്ടന്റെ ചലന നിയമം എന്താണെന്ന് അന്നാണ് ശരിയ്ക്കും മനസ്സിലായത്. പക്ഷേ ഉദ്യോഗസ്ഥന്മാരുടെ പ്രതിപ്രവർത്തനം ഇത്രയും നീളുമെന്ന് സാക്ഷാൽ ന്യൂട്ടൻ പോലും അന്ന് കരുതിയിട്ടുണ്ടാവില്ല. ആ പ്രതിപ്രവർത്തനത്തിന് ഒന്ന് യവനിക വീഴാൻ ധാരാളം സമയം എടുത്തു. അതുകൂടി ഇന്നത്തോടെ കോമ്പൻസേറ്റ് ചെയ്യണം.
ബസ്സിന്റെ പോക്ക് ശ്രദ്ധിച്ചപ്പോൾ ഡ്രൈവർ എല്ലാ ഗിയറുകളും വേണ്ട സമയത്ത് പ്രയോഗത്തിൽ വരുത്തുന്നുണ്ടോ, ബ്രേക്ക്, ക്ലച്ച്,ഹോൺ എന്നീ നിത്യോപയോഗ സാധനങ്ങൾ വേണ്ടിടത്തൊക്കെ ഉപയോഗിക്കുന്നുണ്ടോ എന്ന് സംശയം തോന്നി. പക്ഷേ ആക്സിലറേറ്റർ കൃത്യമായിത്തന്നെ ഉപയോഗിക്കുന്നുണ്ടെന്ന് മനസ്സിലായി.

ടിക്കറ്റ് എടുക്കാൻ ആരെങ്കിലുമുണ്ടോ എന്ന് കണ്ടക്ടറുടെ അറിയിപ്പ് ഇടയ്ക്കിടയ്ക്ക് മുഴങ്ങിക്കേൽക്കാം. ടിക്കറ്റ് കിട്ടാത്തവരില്ലെങ്കിലും ബാക്കി കിട്ടാത്തവരുണ്ട് എന്ന് ഏതോ ഒരു രസികൻ പറയുന്നതും കേട്ടു. കാറ്റ് നന്നായി തഴുകി മുടിയിഴകളെ നൃത്തമാടിയ്ക്കുന്നുണ്ട്. ഇനിയും അരമണിക്കൂർ യാത്ര കൂടിയുണ്ട്, അരമണിക്കൂർ പിന്നിടുന്നതേയുള്ളൂ. മുന്നിലിരിക്കുന്ന രണ്ട് യാത്രക്കാരുടെ സംഭാഷണമാണ് ചിന്തയിൽ നിന്ന് ഉണർത്തിയത്. ഒരാൾ മറ്റേയാളോട് പറയുന്നു. എത്രയൊക്കെ സമ്പാദിച്ചിട്ടെന്താ എന്തെങ്കിലും കൂടെ കൊണ്ടുപോകാൻ പറ്റിയോ. എത്രപേരുടെ പ്രാക്ക് കിട്ടിക്കാണും അയാൾക്ക്, എന്തായാലും കുറെ റേഷൻ കടക്കാർ രക്ഷപ്പെട്ടു. അപ്പോൾ മറ്റേയാൾ പ്രതികരിച്ചു. ഓ….രക്ഷപ്പെടലൊക്കെ കണക്കാ ഇനി വരുന്നയാൾ ഇതിനപ്പുറമായാലോ. ങാ,എന്തായാലും നമുക്ക് അവിടെയൊന്ന് ആളു കാണിക്കണം ഓഫീസിൽ പോകണം.. യൂണിയനിൽ പെട്ട ആളല്ലേ.


പെട്ടെന്ന് മധുവിന് മനസ്സിൽ ഒരു സംശയം. എന്തായാലും ചോദിച്ചു കളയാം. സംസാരിയ്ക്കുന്നതിന് ഒരു തുടക്കമിടണമല്ലോ. ഇവരും ഉദ്യോഗസ്ഥരാണെന്ന് തോന്നുന്നു. അതു കരുതി വേണമല്ലോ സംസാരത്തിന് തുടക്കം കുറിയ്ക്കാൻ. എല്ലാ ഉദ്യോഗസ്ഥരും കൈക്കൂലിക്കാരല്ല. അല്ലാ, നിങ്ങൾ ആരുടെ കാര്യമാ പറഞ്ഞത്. ഒന്നുമറിയാത്തതുപോലെ അവരോട് ചോദിച്ചു. ങാ ഇവിടെ അടുത്ത് ഒരാൾ മരിച്ചു. സിവിൽ സപ്ലൈസ് വകുപ്പിൽ R.I ആയിരുന്നു. പേര് രാജേന്ദ്രൻ. ങേ അപ്പോൾ അയാളുടെ ഭാര്യ യല്ലേ മരിച്ചത് – ആത്മഗതം അറിയാതെ പിറുപിറുപ്പായി പുറത്തുവന്നിങ്കിലും മുൻസീറ്റിൽ ഇരുന്നവർ കേട്ടില്ല. മനസ്സ് ഒന്ന് റിവേഴ്സ് എടുത്തു. എന്നാൽ ഇനി യാത്രയ്ക്കും റിവേഴ്സ് എടുത്താലോ. R.I ആണ് മരിച്ചതെങ്കിൽ ഇനി അവിടെ പോയിട്ട് ആരെ കാണിയ്ക്കാനാണ്. പിന്നെ താമസമുണ്ടായില്ല കണ്ടക്ടറോട് വിളിച്ചു പറയാൻ,ആളിറങ്ങണമെന്ന്. ഇവിടെ സ്റ്റോപ്പ് ഇല്ല അടുത്ത സ്റ്റോപ്പിൽ ഇറങ്ങാം എന്ന കണ്ടക്ടറുടെ മൊഴി കേട്ട് സീറ്റിൽ നിന്നും അല്പം ഉയർന്ന പൃഷ്ടം വീണ്ടും അവിടെത്തന്നെ പ്രതിഷ്ഠിച്ചു.


യാത്ര അവസാനിപ്പിച്ച് അടുത്ത സ്റ്റോപ്പിൽ ബസിറങ്ങുമ്പോൾ തീരുമാനിച്ചു. ഇനി ഒരു ചായ കുടിച്ചിട്ടേയുള്ളൂ മടക്കയാത്ര. അല്പം തണുത്തിട്ടുണ്ടാകുമെങ്കിലും പുട്ടും പയറും പർപടകവും തന്നെ കാത്തിരിപ്പുണ്ടാകും, ഗൾഫിൽ നിന്ന് ലീവിന് വരുന്ന ഭർത്താവിനെ കാത്തിരിക്കുന്ന ഭാര്യയെ പോലെ. പുട്ട് ആവിയിൽ പുഴുങ്ങുന്നതിനാൽ അതിൽ കാർബോഹൈഡ്രേറ്റും, ചെറുപയറിൽ പ്രോട്ടീനും, പർപ്പടകത്തിൽ ഫാറ്റും ഉണ്ടെന്ന് സ്കൂൾ ക്ലാസിൽ അധ്യാപകൻ പഠിപ്പിച്ചത് ഓർമ്മയിലേയ്ക്കോടിയെത്തി. സമ്പൂർണ്ണ സമീകൃതാഹാരം.
രാജേന്ദ്രൻ സാറിന്റെ ഭൗതികശരീരം കാണാൻ പോയില്ലെങ്കിലും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരാൻ മടക്കയാത്രയിൽ മധു മറന്നില്ല.
***R. I- റേഷനിംഗ് ഇൻസ്പെക്ടർ.


വാൽക്കഷണം : കൈക്കൂലി വാങ്ങാതെ സർക്കാർ ശമ്പളം മാത്രം പറ്റിക്കൊണ്ട് സത്യസന്ധമായി ജോലിചെയ്യുന്ന ധാരാളം ഉദ്യോഗസ്ഥരുണ്ട്. പ്രിയപ്പെട്ടവരെ നിങ്ങളെ ആരെയും കുറിച്ചല്ല ഈ കഥയിലെ പരാമർശം. നിങ്ങൾ അറിയുന്ന മറ്റു ചിലരെക്കുറിച്ചാണ്.

സതീഷ് വെളുന്തറ

By ivayana