രചന : ഷബ്നഅബൂബക്കർ✍

കറുപ്പ് വളർന്നു തളരുവോളം
കരിപ്പിടിച്ച കാലത്തിലിരുന്ന്
കറപറ്റാതെ കരളോട് ചേർത്ത്
തട്ടിയുറക്കിയ മഹാ സഹനത്തിന്റെ
പേരായിരുന്നമ്മ…
മിഴികൾ വലിച്ചു കെട്ടി നിദ്രയെ പടിയിറക്കി
രാവെളുക്കുവോളം തൊട്ടിലാട്ടിയെനിക്ക്
കൂട്ടിരുന്ന ക്ഷമയുടെ കടുപ്പമുള്ള പേരായിരുന്നമ്മ…
രാഗലയങ്ങളോ ശ്രുതിതാളങ്ങളോയില്ലാതിരുന്നിട്ടും
അത്രമേൽ മനോഹരമായി തരാട്ടിന്റെ ഈരടികൾ
മൂളും സ്വരലയത്തിന് കാലം നൽകിയ
മൊഞ്ചുള്ള പേരായിരുന്നമ്മ…
അറച്ചു നിൽക്കാതെയെന്റെ
വിസർജ്ജ്യത്തിനഴുക്കു നീക്കി
അനിഷ്ടമില്ലാതെ ചേർത്തു പിടിച്ച
കാരുണ്യത്തിന്റെ നനുത്ത പേരായിരുന്നമ്മ…
ഇടറുന്ന കുഞ്ഞി കാലടികൾക്ക്
വീണ്ടുമൊരു ഉയിർത്തെഴുന്നേൽപ്പിന് വേണ്ടി
വാത്സല്യം പുരട്ടിയ വിരൽത്തുമ്പിനാൽ
പകുത്തു നൽകിയ ധൈര്യത്തിന്റെ പേരായിരുന്നമ്മ…
അരമുറുക്കിയുടുത്ത് സ്വന്തം
വിശപ്പിനെ ഞെരിച്ചു കൊന്ന്
വയറു നിറഞ്ഞാലും മനസ്സ് നിറയും
വരേയെനിക്ക് അന്നമൂട്ടിയ നിറഞ്ഞ
സ്നേഹത്തിന്റെ പേരായിരുന്നമ്മ…
എന്റെ വളർച്ചയുടെ വഴിയേ
ഇടിച്ചു കയറി വരുന്ന തമസ്സിലേക്ക്
തിരക്കുകൾക്കിടയിലും ഓടിയെത്തി
നന്മയുടെ വെളിച്ചം തൂവിയ
മിന്നുമൊരു താരകത്തിന്റെ പേരായിരുന്നമ്മ…
രാവിരുട്ടി വൈകിയാൽ പിന്നെ
ഞാനെത്തുന്നതു വരെയും
മുഷിയാതെ കണ്ണുംന്നട്ടു കാത്തിരുന്ന്
നെഞ്ചുരുകി തപിക്കുന്ന
പ്രാർത്ഥനയുടെ പേരായിരുന്നമ്മ…
തളർച്ചയിലൊക്കെയും തണൽ വിരിച്ച്
മാറോടണക്കുന്ന നിത്യവസന്തം തൂകും
മഹാവൃക്ഷത്തിന്റെ പേരായിരുന്നമ്മ…
അച്ഛനെന്ന ആഴമറിയാത്ത
സ്നേഹ സാഗരത്തിലേക്കിറങ്ങിച്ചെല്ലാൻ
മടിച്ചിരുന്ന നാളുകളിലെന്നോ പടുത്തു വെച്ച
ഉറപ്പുള്ളൊരു പാലത്തിന്റെ പേരായിരുന്നമ്മ…
നല്ലൊരു മനുഷ്യനാക്കാൻ
തല്ലിയും തലോടിയും വേദനകളിൽ പോലും
പുഞ്ചിരിച്ചും പരിഭവിച്ചും പരിചരിച്ചും
ഒരായുസ്സ് മുഴുവനെനിക്കു വേണ്ടി
ജീവിച്ചു തീർത്ത ഉപാധികളില്ലാത്ത
ഉത്തമ സ്നേഹത്തിന് കാലം നൽകിയ
നേരിന്റെ പേരായിരുന്നമ്മ…
മൈലാഞ്ചി ചെടിയുടെ തണലിൽ
തണുപ്പ് പടർന്ന് നിത്യനിദ്ര പുൽകിയാലും
അദൃശ്യമായി തിരക്കിയെത്തുന്ന
തീരാത്ത അനുഗ്രഹത്തിന്റെ പേരായിരുന്നമ്മ.

By ivayana