രചന : സുമോദ് പരുമല ✍

കുളിച്ച് വൃത്തിയായി
വെളുവെളുത്ത മുണ്ടും
അലക്കിത്തേച്ച ജൂബയുമിട്ട്
മുടി ചീകിയൊതുക്കുവാൻ
നിലക്കണ്ണാടിയ്ക്ക് മുമ്പിൽ
നിൽക്കുമ്പോഴാണ്
കാക്കത്തൂവൽപോലെ
കറുകറുത്തതൊലിയും
പൊന്തിത്തെറിച്ചുനിൽക്കുന്ന
പല്ലുകളുമായി
കണ്ണാടി ചോദിച്ചത് ..
”എള്ളുണങ്ങന്നത് എണ്ണയ്ക്കാണ് .
ഇതെന്തിന് …? “
പെട്ടെന്നയാൾ
സ്വന്തം ,
അച്ഛനെയൊർത്തുപോയി .
ആവിതട്ടിയ കണ്ണുകളോടെ
അറിയാതെ മനസ്സു പറഞ്ഞു …
” എന്റച്ചോ … അത് വല്ലാത്തൊരു വികൃതിയായ്പ്പോയി … “
തലമുടി തട്ടിയുഴപ്പി
മുഷിഞ്ഞ ഷർട്ടും
കറ പടർന്ന മുണ്ടുമായി
അയാൾ പെട്ടെന്ന്
പടിയിറങ്ങിപ്പോയി .
വൈകാതെ ,
ഒരു റോഡപകടത്തിൽ
മസ്തിഷ്കമരണം സംഭവിച്ച്
വൃക്കകളും ഹൃദയവും
നേത്രപടലങ്ങളുമായി
പല ശരീരങ്ങളിൽ
കുടിയേറിയപ്പോൾ
രൂപാന്തരപ്പെട്ടയാൾ
കണ്ണാടിയ്ക്കുമുമ്പിൽ
ചിരിച്ചുനിന്നിട്ടുണ്ട് .
എങ്കിലും
പിന്നീടൊരിയ്ക്കലും
അയാൾ കേട്ടിട്ടില്ല
നിലക്കണ്ണാടിയുടെ
പഴയ “കുസൃതിച്ചോദ്യം.

By ivayana