രചന : കൃഷ്ണമോഹൻ കെ പി ✍

വശ്യസുന്ദരമാകും വിശ്വത്തെ ദർശിക്കാനായ്
വിശ്വനാഥൻ തന്ന അക്ഷികൾ തുറന്നപ്പോൾ
വിസ്തൃത മഹോന്നത വിണ്ണിൻ്റെ പെണ്ണാകുന്ന
വിസ്മയ ധരതന്നിൽ വിതുമ്പലുയരുന്നൂ
വിസ്തരിച്ചോതീടിന നന്മകൾ ചെറുതായീ
വിസ്മരിക്കേണ്ടുന്നതാം തിന്മകൾ വലുതായീ
വനവാസികളായ മൃഗ സോദരർ മെല്ലേ
വെറുതേയൊന്നുണർത്തുവാൻ നാട്ടിലേക്കിറങ്ങുന്നൂ
വനത്തിൽ വസിക്കുന്ന ജനസഞ്ചയത്തിനെ
വടം കെട്ടി വലിച്ചൊരുമൂലയിലാക്കീടുന്നൂ
വലിയവർ ഭരണത്തെ കൈയാളും മഹാന്മാർ തൻ
വലിയ വാഗ്ദാനങ്ങളെല്ലാം കുമിളയായ് പൊട്ടീടുന്നൂ
വലിമയില്ലാത്ത പാവം ജനങ്ങളും മൃഗങ്ങളും
വരവിട്ടു നീങ്ങീടുകിൽ നിയമങ്ങളുണർന്നീടും
വഞ്ചിതരല്ലേ നമ്മൾ ജനങ്ങളും വനത്തിലെ
വർണ്ണാഭയണിയുന്ന ജീവിവർഗ്ഗങ്ങളും, ഹാ…
വഞ്ചിക്കാൻ വാക്കുകൾ തൻ സരണികളൊരുക്കിയീ
വാസരസ്വപ്നങ്ങളിൽ എത്ര നാൾ, മരുവും നാം?!💧

കൃഷ്ണമോഹൻ കെ പി

By ivayana