രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍

നാട്ടിൽ നിന്ന് അമേരിക്കയിൽ എത്തിയിട്ട് രണ്ടു ദിവസമായി.ഉറക്കം തന്നെയായിരുന്നു.പകൽ രാത്രി തമ്മിലുള്ള വ്യത്യാസം ഒന്ന് ശരിയായി വരുന്നതേ ഉള്ളൂ.മകൻ വരാൻ സമയമായി. രാവിലെ പോയാൽ വൈകുന്നേരമേ വരൂ. പുറത്തു വിശാലമായ പുൽമേടുകൾ..ഇടയിലൂടെ വീടുകളിലേക്കുള്ള റോഡുകളും നടവഴികളും. മനോഹരമായ വീടുകൾ.
ഗ്രേന്റ് എ ഹിൽ എന്ന വലിയ ബോർഡ് തലയുയർത്തി നിൽക്കുന്നു. കുറച്ചു സമയം സ്വിമ്മിംഗ് പൂളിലെ ചെയറിൽ കാറ്റു കൊണ്ടിരിക്കുമ്പോൾ നാടും വീടും ഓർമയിലേക്ക് ഇരച്ചു കയറുകയായിരുന്നു.


എന്തുതന്നെയായാലും സ്വന്തം നാടും വീടും…അതു മറക്കാൻ കഴിയുമോ…അയാളുടെ ദീർഘനിശ്വാസം സ്വിമ്മിംഗ് പൂളിലെ വെള്ളത്തിൽ അലിഞ്ഞുചേര്‍ന്നു.
തിരിച്ചുചെന്നപ്പോൾ ശ്രീമതി എഴുന്നേറ്റ് ചായ ഉണ്ടാക്കുകയായിരുന്നു. പുതിയ അടുക്കളയും, സംവിധാനങ്ങളും അവൾക്ക് പ്രയാസമുണ്ടാക്കുന്നതായിരുന്നു.
ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ മകൻ വന്നതറിയിച്ചു ബെൽ മുഴങ്ങി.
ചിരിച്ചു കൊണ്ടു മകൻ വന്നപ്പോൾ തന്റെ ഹൃദയതാളം ഉയരുന്നത് അയാളറിഞ്ഞു.അവന്റെ അമ്മ ചായക്കപ്പുമായി വന്നപ്പോൾ അവന്റെ ചെറുപ്പം പുനർജ്ജനിക്കുന്നത് അയാൾ നോക്കിയിരുന്നു.


മകൻ കുളിച്ചൊരുങ്ങി വന്നു. അച്ഛൻ ഡ്രസ് മാറി വരൂ. നമുക്കൊന്നു പുറത്തു പോകാം.
അതു കേടാടപ്പോൾ സന്തോഷം തോന്നി.
എങ്ങോട്ടാ…? അമ്മയോടു പറയണ്ടേ
ഇവിടെ അടുത്തുള്ള ഒരു സ്ഥലം വരെ. നമുക്ക് വേഗം തിരിച്ചു വരാം
പോകുമ്പോൾ പുറത്തുള്ള കാഴ്ചകൾ അവൻ വിശദീകരിക്കുന്നുണ്ടായിരുന്നു. ടെക്സസിലെ ഒരു പട്ടണത്തിലായിരുന്നു മകന്റെ വീട്. ഒറ്റക്കാണെങ്കിലും വലിയ വീടായിരുന്നു മകന്റേത്.
ഒരു വലിയ കെട്ടിടത്തിനു മുന്നിൽ വാഹനം പാർക്കു ചെയ്തു. ഞങ്ങൾ ഉള്ളിലേക്ക് നടന്നു.


ചെന്നുകയറിയത് വിശാലമായ ഒരു വൈൻ ഷാപ്പിലേക്കായിരുന്നു .വിവിധതരം ബ്രാന്റുകളുടെ വൻ ശേഖരം. പല രാജ്യങ്ങളിലെ വിവിധതരം മദ്യവും, വൈകും,ബിയറും,സോഫ്റ്റ് ഡ്രിങ്ക് വിഭവങ്ങൾ. ആദ്യം എല്ലാം ഒന്നു ചുറ്റിക്കറങ്ങി.
മകൻ രണ്ടുമൂന്നു കുപ്പി വൈൻ എടുത്തു. അച്ഛന് എന്താ വേണ്ടത്? അവൻ ചോദിച്ചു.
ഇൻഡ്യൻ ബ്രാന്റുകൾ ഇവിടെ കിട്ടുമോ. ..ഒരു കൗതുകത്തോടെ ചോദിച്ചു.
ഓ….കൊണ്ടസ്സാ റം. …അതു മാത്രമേ ഇവിടെ കിട്ടൂ. അച്ഛനു വേണോ. ..
വേണ്ട. ചോദിച്ചു എന്നു മാത്രം. ഓരോ ബ്രാന്റും പരിചയപ്പെടുത്തൂമ്പോൾ അവിടെ കൊണ്ടസയും ഉണ്ടായിരുന്നു. എന്നാൽ അയാളുടെ കണ്ണുകൾ ഉടക്കിയത് സോഫ്റ്റ് ഡ്രിങ്ക് സെക്ഷനിലായിരുന്നു.


അവിടെ പലതരം സോഡയും, സോഫ്റ്റ് ഡ്രിങ്കുകൾക്കുമിടയിൽ ഒരു ഭാഗത്ത് ഫാന്റാ എന്ന മഞ്ഞ നിറത്തിലുള്ള പാനീയത്തിന്റെ കുപ്പികൾ കണ്ടു.
ഇതിനിടയിൽ മകൻ മൂന്നുനാലു വിസ്കി കുപ്പികൾ തിരഞ്ഞെടുത്തു. അയാൾ ഫന്റാ കുപ്പീകൾ നോക്കുന്നത് കണ്ട് അടുത്തു വന്ന് ചോദിച്ചു. എന്താ അച്ഛന് ഇതൂ വേണൊ. ….എടുക്കട്ടെ.
വേണ്ട വേണ്ട. …ഞാൻ വെറുതെ നോക്കിയതാ. അയാൾ കുപ്പി അവിടെ വെച്ച് പുറത്തേക്കു നടന്നു.


മാളിൽ നിന്നു പുറത്തു കടന്നു വണ്ടിയിൽ കയറുമ്പോൾ അയാൾ ദീർഘ നിശ്വാസം വിടുന്നുണ്ടായിരുന്നു.
വഴിയിൽ മലേഷ്യൻ ഹോട്ടലിൽ നിന്ന് ഭക്ഷണം പാർസൽ വാങ്ങി ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു. വഴി നീളെ അയാളുടെ മൗനം മകനെ അസ്വസ്ഥനാക്കിക്കൊണ്ടിരുന്നു.
തിരിച്ചു വരുമ്പോഴും മനസിൽ ആ മഞ്ഞ നിറത്തിലുള്ള ഫാന്റാ തന്നെയായിരുന്നു.വീട്ടിൽ എത്തിയത് അറിഞ്ഞതേയില്ല. വണ്ടി നിന്നപ്പോഴാണ് അയാൾ ചിന്തയിൽ നിന്നുണർന്നത്.


കുളി കഴിഞ്ഞ് മകൻ വന്നു സോഫയിൽ ഇരുന്നു.
Dady. ..let’s have a drink. Please come.
അവർ മുഖാമുഖം ഇരുന്നു ചിയേർസ് പറയുമ്പോൾ മകൻ അയാളെ സൂക്ഷിച്ചു നോക്കി. അച്ഛൻ എന്താ ആലോചിക്കൂന്നത്. എനിക്ക് വൈൻ ഷാപ്പിൽ വെച്ചേ തോന്നിയിരുന്നു. Is there any problem. …
ഏയ്….ഒന്നുമില്ല. ഞാൻ ആ ഫാന്റാ കുപ്പികൾ കണ്ടപ്പോൾ ഒരു പഴയകാര്യം ഓർത്തുപോയി.
അയാൾ വാചാലനാവുകയായിരുന്നു.


കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് ഹൈ സ്കൂളിൽ ആറാംക്ളാസിൽ പഠിക്കുമ്പോഴാണ് ഈ സാധനം ഞങ്ങളുടെ ക്ലാസിലെ ഒരു കുട്ടി എല്ലാവരുടേയും മുന്നിൽ വെച്ചു കുടിക്കുന്നത്. ആ കുട്ടി മിക്ക ദിവസവും കൊണ്ടുവന്നിരുന്നു.
അന്ന് അതിന്റെ രുചിയറിയാൻ വലിയ ആഗ്രഹമായിരുന്നു. ആ കുട്ടി വലിയ പണക്കാരന്റെ മകനായിരുന്നു. അന്ന് അതൂ കുടിക്കാൻ കൊതി തോന്നിയിരുന്നു.
ഒരു ദിവസം ഞാനൊരു പെട്ടിക്കടയിൽ ഈ കുപ്പി കണ്ടു. അതിന്റെ വില ചോദിച്ചു. ഇരുപത്തിയഞ്ചു പൈസയായിരുന്നു അതിന്റെ വില.
അതു കുടിക്കാൻ മോഹം തോന്നിയ ഞാൻ ഒരു പണി ചെയ്തു.


വെസ്റ്റ്ഹില്ലിൽ ആയിരുന്നു അന്ന് താമസിച്ചിരുന്നത്. അവിടെ നിന്ന് സ്കൂളിലേക്ക് 5പൈസയായിരുന്നു കൺസഷൻ ടിക്കറ്റ്. രാവിലെ ബസ്സിലും വൈകുന്നേരം നടന്നുമായിരുന്നു യാത്ര. ഞാൻ അഞ്ചു ദിവസം രാവിലെ റെയിൽവേ ലൈൻ വഴി നടന്നും ഓടിയും സ്കൂളിൽ പോയി ഇരുപത്തി അഞ്ചു പൈസ ഉണ്ടാക്കി. അടുത്ത ദിവസം ആ കടയിൽ പോയി ഫന്റാ വാങ്ങി കുടിച്ചു. അതിന്റെ അന്നത്തെ രുചി ഇന്നും നാവിൻ തുമ്പത്ത്.


ഇതു ഞാൻ അമ്മയോടു പറഞ്ഞപ്പോൾ അമ്മ വഴക്കു പറഞ്ഞു. പിന്നെ അച്ഛൻ വന്നപ്പോൾ അച്ഛന്റെ വക നല്ല സമ്മാനവും കിട്ടീ.
അയാളുടെ കഥ കേട്ട് മകൻ രണ്ടുമൂന്നു കവിൾ വിസ്കി അകത്താക്കി.
അവൻ പറഞ്ഞു.
Greate. അടി കിട്ടിയാലും ആഗ്രഹം നടത്തിയില്ലേ…
അന്നയാൾ രാത്രി സുഖമായി ഉറങ്ങി.
അടുത്ത ദിവസം മകൻ ഓഫീസ് വിട്ടു വരുമ്പോൾ വണ്ടിയിൽ കുറേ കുപ്പികൾ ഉണ്ടായിരുന്നു.


അതുമായി മകൻ വീട്ടിലേക്ക് വരുമ്പോൾ അയാളുടെ കണ്ണിൽ നിന്നൂ രണ്ടിറ്റു കണ്ണുനീർത്തുള്ളി അടർന്നു വീണു.
അതിലൊന്ന് അയാളുടെ അച്ഛനുള്ള അശ്രുപൂജയും ,മറ്റൊന്ന്,മകനോടുള്ള വാത്സല്യവുമായിരുന്നു….

മോഹനൻ താഴത്തേതിൽ

By ivayana