രചന : സതി സതീഷ്✍

ജനങ്ങൾ വെറും
പാവങ്ങൾ…
വെറും പാവകൾ …. ,
ട്രിപ്പീസ് കളിക്കാരനെ പോലെ
യജമാനന്റെ ചാട്ടവാറിന്
കാതോർക്കുമ്പോഴും
അവരിൽ
മനസ്സർപ്പിച്ചും ,
ചോര നീരാക്കിയും
സഹചാരികൾക്ക്
അധികാരത്തിലേറാൻ
ചെമ്മൺ പാതയൊരുക്കിയും;
ചെങ്കോലേറി കിരീടം വെച്ച്
നിയമങ്ങൾ ചില്ലുകൂട്ടിൽ
തളച്ചും
കാക്കിയുടുപ്പിൻ
ചുളിവുമടങ്ങാതെ
കാത്തു സൂക്ഷിച്ച്
ദേവാസുര വേഷങ്ങൾ
തരാതരം പോലെയാടിയും
കണ്ണും കാതും വായും
പൊത്തിയ
കണ്ണുകെട്ടിയ നിയമത്തിന്റെ കാവലാൾക്ക്
ഒന്നുമാത്രമേ അറിയൂ
ചുറ്റിക ഇടയ്ക്കിടയ്ക്ക്
മേശമേൽ തട്ടുവാൻ മാത്രം…
സ്ത്രീകൾ മാനം വിറ്റാൽ
കിടപ്പറ പങ്കിട്ടാൽ ചിത്രങ്ങളാക്കിയാൽ പരസ്യപ്പെടുത്തിയാൽ
പിന്നാലെയോടി
മാനത്തിൻ ചിത്രം പകർത്തി
ചാനൽ മാധ്യമങ്ങൾ
മികവ് തെളിയിക്കും…
തെരുവിലൊരു ഭ്രാന്തിയുടെ
കാളും വയറിൻ വിശപ്പാറ്റീടുവാൻ
കൈ നീട്ടുകിൽ
കാമിച്ച്
ഭോഗിച്ചു കൊന്നുതള്ളുന്ന
വെറി പൂണ്ട സംസ്കാരങ്ങൾ…
” ഭാരത സ്ത്രീകൾ തൻ
ഭാവ ശുദ്ധി “
അവൾക്കു പിന്നാലെ പോവാനാളില്ല…
ചുണ്ടിൽ ചായമോ
മാറ്റിയുടുക്കാൻ ഉടയാടകളോയില്ല അതിനാൽ അവൾക്ക്
പേര്,
കുലട !വ്യഭിചാരിണി…
അഥവാ ഭ്രാന്തി !
കൺതുറന്നു നോക്കുകിൽ
കാണുന്ന
സത്യങ്ങളറിയാതെ
അക്കരപ്പച്ച തേടുന്ന ജനങ്ങളെന്നും കളിപ്പാവകൾ മാത്രം…
വെറും മരപ്പാവകൾ !
നോട്ടുകെട്ടുകൾ ക്കുമുന്നിൽ പകച്ചുപോകുന്ന
അന്ധതയുള്ള
ഭരണങ്ങളുടെ
ചങ്ങലകൊണ്ടു
മുറുക്കപ്പെട്ട
അടിയാളന്മാർ…
വെറുതെയല്ല
ഗാന്ധിയിന്നും
നോട്ടുകളിലിരുന്നു
ചിരിക്കുന്നത്…
പറയാതെ പറയുന്ന
വലിയ സത്യം
ജനങ്ങളെന്നും
വെറും
കോമാളികൾ മാത്രം…
വീണ്ടും ട്രിപ്പീസ് കളിക്കാരന്റെ
യജമാനന്റെ ചാട്ടവാറിന്
ഭയത്തോടെ കാതോർക്കുന്നവർ……
അണിയറയിൽ
ഗീബൽസുമാർ വീണ്ടും തന്ത്രം മെനയുന്നുണ്ട് ….
കാലമേ നീ സാക്ഷി ……
സൂക്ഷിക്കുക …..

സതി സതീഷ്

By ivayana