രചന : ജയരാജ്‌ പുതുമഠം✍

കെ. വി. ബാബുവിന്റെ Retirement വാർത്ത തെല്ല് വിസ്മയത്തോടെയാണ് കാതുകൾ ഏറ്റുവാങ്ങിയത്.Excise Department ൽ വിരമിക്കൽ പ്രായം വെട്ടിച്ചുരുക്കിയോ എന്നൊരു തോന്നലും അവിവേകമായി തലയിൽ കയറാതിരുന്നില്ല.


പൊതുവെ അഴിമതി കഥകൾക്ക് പേരുകേട്ട വിഖ്യാതമായ ചില സർക്കാർവകുപ്പുകളിൽ ഒട്ടും പുറകിലല്ലാത്ത തലയെടുപ്പുള്ള ഒരു വകുപ്പാണ് excise. ജനാധിപത്യ ഭരണം അധികാരം തെളിക്കാൻ തുടങ്ങിയതിനുശേഷം വളർന്ന് പടർന്ന് സ്കൂൾ ക്ലാസ്സ്‌റൂം തലം വരെ എത്തിനിൽക്കുന്ന ലഹരി മാഫിയകളുടെ വേരുകൾ ഏതൊരു നിയമ നിയന്ത്രിതർക്കും അപ്പുറം തലയാട്ടി നിൽക്കുന്ന ഈ കാലഘട്ടത്തിലും, കാക്കിക്കുള്ളിൽ നിന്നുകൊണ്ടുതന്നെ തന്നാലാകുന്ന നീതിയുടെ അസ്ത്രങ്ങൾ തൊടുത്ത് ഈ ദുരിത വ്യാപനത്തെ തടുക്കുവാൻ ബാബു ചെയ്തിട്ടുള്ള സേവനങ്ങളുടെ സ്മാരകങ്ങൾ തീർത്തുകൊണ്ടാണ് മൂന്നര പതീറ്റാണ്ടുകാലത്തെ സർക്കാർ സേവനത്തിൽനിന്ന് ഇദ്ദേഹം വിരമിക്കുന്നത്.


ബാബുവിന്റെ കർമ്മപഥങ്ങളുടെ തിളക്കം നെഞ്ചിലും, ചുമലിലും ചാർത്തിയ ഔദ്യോഗിക മുദ്രകളുടേത് മാത്രമായിരുന്നില്ല.
തന്നിൽ നിക്ഷിപ്തമായിരുന്ന ഉത്തരവാദിത്വങ്ങളോടുള്ള സന്ധിയില്ലാസമീപനങ്ങളുടെ ആന്തരികമേന്മയുടെ വജ്ര ശോഭകൂടിയായിരുന്നു.
ഒരുകാലത്ത് ലഹരിവേട്ടയുടെ വാർത്തകൾ ബാബുവിന്റെ ചിത്രത്തോടുകൂടിയല്ലാതെ വായനക്കാർക്ക് വായിക്കാനാകുമായിരുന്നില്ല. പ്രധാനപ്പെട്ട ഏത് വൻവേട്ടകളുടെയും പിന്നിലെ തന്ത്രരൂപീകരണത്തിലും കർമ്മോത്സുകതയിലും ഒരു ബാബുടച്ച് പ്രകടമായിരുന്നു.


എന്റെ സുഹൃത്തായിരുന്ന അകാലത്തിൽ നിര്യാതനായ എക്സ്സൈസ് സർക്കിൽ ഇൻസ്‌പെക്ടർ കെ.എം.ഇസ്മായിലിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡിലായാലും, തുടർന്നുള്ള സീനിയർ ഓഫീസർമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങളിലായാലും ബാബുരശ്മിയുടെ ഒരു അവിഭാജ്യ സാന്നിധ്യം അവർക്കൊക്കെ അനിവാര്യമായിരുന്നു.
സിനിമാ കഥപോലെ സാഹസികമായി തയ്യാറാക്കിയ തിരക്കഥയിലൂന്നിയ മൽപ്പിടുത്തമുൾപ്പെടെയുള്ള കഞ്ചാവ് വേട്ടകളും, സ്പിരിറ്റ്‌ കടത്ത്, ചാരായം വാറ്റ് തുടങ്ങിയ ഇതര മാഫിയകളെ വരുതിയിലാക്കിയ പ്രഛന്നവേഷധാരിയായ പകർന്നാട്ടങ്ങളിലും സമൂഹത്തോടുള്ള Commitment പൂർണ്ണമായും നിറവേറ്റിയ ബാബുവിനെ തേടി പലപ്പോഴായി പുരസ്‌കാരങ്ങളുടെ തേൻതുള്ളികൾ വർഷിച്ചിട്ടുണ്ട്.
തൊട്ടതെല്ലാം പൊന്നാക്കുന്ന ഒരു രഹസ്യവിദ്യയുടെ അമരക്കാരൻകൂടിയായ ബാബു ബാറ്റ്മിന്റനിൽ സംസ്ഥാനത്തലത്തിൽ എക്സ്സൈസ് ഉദ്യോഗസ്ഥന്മാരെ അമ്പരപ്പിച്ചുകൊണ്ട് രണ്ട് തവണ ജേതാവായിരുന്നിട്ടുണ്ട്.കൂടാതെ അന്തിക്കാടിന്റെ ക്രിക്കറ്റ് ക്ലബ്‌ ക്യാപ്ടനും.


അന്തിക്കാട്ടുകാരുടെ അഭിമാനത്തിന് തൂവലണിയുവാൻ അനവധി പ്രതിഭകൾ സകലമേഖലകളിലും വിരാജിക്കുന്നുണ്ടെങ്കിലും എക്സ്സൈസ് ബാബുവിന്റെ വഴികൾ തികച്ചും വ്യത്യസ്തവും ശാന്തനാദ പ്രകാശിതവുമാണ്.
ബാബുവിന്റെ നിലയ്ക്കാത്ത സ്ഫുരണങ്ങൾ നമുക്കിനി ഏത് നിലവിളക്കിലൂടെയാണ് ദർശിക്കാനാവുക എന്ന് കാത്തിരിക്കാം.

ജയരാജ്‌ പുതുമഠം

By ivayana