രാമായണ ഗീതം
രാമകഥാ ഗീതം
രാത്രിഞ്ചര ഗർവ്വം
തകരുന്ന ഗീതം !

കാലങ്ങൾക്കപ്പുറം
കാതങ്ങൾക്കപ്പുറം
കടമ്പകളേറെ
കടന്നെന്റെ കാതിൽ

പതിയുന്ന ഗീതം
കനിവിന്റെ ഗീതം
കദനത്തിൻ ഗീതം
കരുത്തിന്റെ ഗീതം

അറിവിന്റെ ഗീതം
അനശ്വര ഗീതം
പ്രകൃതിസംഗീതം
പ്രണവ സംഗീതം

അടരിന്റെ ഗീതം
അമരമാംഗീതം
അകതാരിൽ കത്തും
പൊരുളിന്റെ ഗീതം

ആസേതു ഹിമാചലം
അടവികൾ തോറും
അചലങ്ങൾ തോറും
ആകാശമാർഗ്ഗവും

നദീതടം തോറും
മൺ തരികൾ തോറും
ജനപദം തോറും
ജനമനം തോറും

അടയാളമിട്ട
കൈമുദ്ര ചാർത്തിയ
ശ്രീരാമചന്ദ്രന്റെ
ഇതിഹാസ ഗീതം !

അകതാരിലെങ്ങും
മുഴങ്ങുന്ന ഗീതം
അകതാരിലെങ്ങും
ജ്വലിയ്ക്കുന്ന ദീപം !

അന്തിയ്ക്കു വീടിന്റെ
യുമ്മറത്തിണ്ണയിൽ
നിറദീപ മോടെ
യൊഴുകുന്ന ഗീതം !

അറിവിന്റെ ഗീതം
അമൃത സംഗീതം
അനശ്വര ഗീതം
അദ്ധ്യാത്മിക ഗീതം !!!

By ivayana