രചന : കൃഷ്ണമോഹൻ കെ പി ✍

വാഴയിലയിട്ടു ഓണത്തിൻ സദ്യയ്ക്കായ്,
വായും പൊളിച്ചങ്ങരിന്നുടുമ്പോൾ
വാസനാഭദ്രം വിഭവങ്ങൾ വന്നെത്തി
വായിൽ, സമുദ്രത്തിരകളെത്തീ
ഉപ്പേരി നാലുണ്ട് പപ്പടം കൂട്ടിനായ്
അച്ചാറിൽ മുഖ്യനതിഞ്ചിക്കറി
തൊട്ടടുത്തുണ്ടല്ലോ നാരങ്ങ തൻ കറി
മെച്ചമോടെത്തുന്നു മാങ്ങാക്കറി
തിക്കിത്തിരക്കിയവയ്ക്കൊപ്പമെത്തുന്നു
തക്കാളിയിട്ടൊരു പച്ചടിയും
തന്നുടെ സ്വാരസ്യമേറ്റിനിന്നീടുന്ന
പാവയ്ക്കാ കിച്ചടി, പുഞ്ചിരിച്ചൂ
ഓടാതെ നില്ക്കുന്ന ഓലൻ നിരന്നു, ആ
കാളനുമൊത്തൊന്നു കൂട്ടുകൂടാൻ
അപ്പുറം കൂട്ടുകറിയുണ്ട്പിന്നെ
യത്തോരനും കൂടെയവതരിച്ചൂ..
ഉള്ളവയൊക്കെയും ചേർത്തു ചമച്ചുള്ള
കൃഷ്ണൻ്റെ സ്വന്തം അവിയലുമാ
ഉത്തര ഭാഗത്തു വന്നു നിരന്നു പോയ്
ഉത്സാഹത്തോടോണസദ്യയൂട്ടാൻ
നെയ്യും പരിപ്പും ഇടകലർന്നങ്ങനെ
നിസ്വാർത്ഥരായിട്ടൊരുങ്ങി നില്ക്കേ
രണ്ടു തവിച്ചോറു വന്നിതാ വീഴുന്നു
സന്തോഷമായീ ഇലയ്ക്കു മപ്പോൾ
കൂട്ടിക്കുഴച്ചങ്ങു പപ്പടത്തോടെയാ
നെയ്യും പരിപ്പും കഴിച്ചിടുമ്പോൾ
കൂട്ടായി, സാമ്പാറുകഷ്ണവുമായ് വന്നു
നാവിൻ രുചിയെയളക്കുവാനായ്
കുഴിതന്നിലെത്തിയ കാളനുമായിട്ട് ഓലനെ,
നാക്കിലെടുത്ത ശേഷം
അവശേഷിച്ചുള്ളൊരാ ഉപദംശമൊക്കെയും
അലിയിച്ചു ശേഷമാ,ജിഹ്വതന്നിൽ
അതിരസം കൂട്ടുവാൻ പ്രഥമൻ വരുന്നുണ്ട്
അവനെയാ പഴത്തിൽ കുഴച്ചു നിർത്തി
വിരലാൽ വടിച്ചങ്ങു വായിൽത്തലോടുമ്പോൾ
വരമെന്നീസദ്യയെ ഓർത്തു പോകും
ഓണത്തിന്നൂണുകഴിഞ്ഞവർക്കൊക്കെയും
നാളെപ്പഴങ്കഞ്ഞി കാത്തിരിപ്പൂ
ഓണത്തിന്നൂണുകഴിയ്ക്കാത്തവരെയോർത്ത്
ഞാൻ, കൂടെ നില്ക്കാം വ്രതവുമായി….

കൃഷ്ണമോഹൻ കെ പി

By ivayana