രചന : ഹരികുമാർ കെ പി✍

ഓർമ്മയിൽ ഓണങ്ങൾ ചിത്രം വരച്ചു
ശാരിക പൈതൽ തൻ പൂക്കളം കണ്ടു
മാനത്തു മഴവിൽ മണിവില്ലൊരുക്കി
പൂവിളിയായി പൊൻതുമ്പി പാറി
കാറ്റു വന്നു മെല്ലെ കഥ പറഞ്ഞു
മാവേലി മന്നന്റെ ഓർമ്മകളായ്
ഊഞ്ഞാൽ പാട്ടും കളിയരങ്ങും കണ്ടു
കളകൂജനസ്വരം വേണുമായി
അത്തം
പത്തോണമതുച്ചത്തിൽ
പാടാം
തിരുവാതിരയരങ്ങൊന്നു കാണാം
നല്ലോണമായി നറുതിരി കത്തിച്ച്
നിലവിളക്കിൻ തിരി ഒന്ന് വയ്ക്കാം
പുലരിതൻ പൂങ്കതിരൊന്ന് ചൊല്ലി
ഇന്നല്ലേ ചിങ്ങ തിരുവോണനാൾ
സദ്യ ഒരുക്കേണം അത്തമിളക്കേണം
പൂവേ പൊലി പൂവെന്ന് പാടിടേണം
സന്ധ്യ ഒരുക്കിയ അന്തിനിലാത്തിങ്കൾ
പൊന്നോണമായെന്ന് ചൊല്ലി വീണ്ടും
ആവണിത്തെന്നൽ തൻ കാലൊച്ച കേട്ടെന്റെ
ഓർമ്മയിൽ ഓണമുണർന്നു വീണ്ടും
മഴയുടെ മർമ്മരം മാഞ്ഞ മാനത്ത്
സ്വപ്നശിഖാശീർഷം പൂത്ത രാവിൽ
പുലരികളെന്നും ഓണമായെങ്കിൽ
എന്നൊരുനൂറു വട്ടം കൊതിച്ചു പോയി

ഹരികുമാർ കെ പി

By ivayana