രചന : സെഹ്റാൻ✍

മടുപ്പ് ഒരു ഇഴജന്തുവെന്നപോൽ
ഏകാന്തതയുടെ പൂപ്പൽ പിടിച്ച
ഭിത്തിയിലൂടെ വഴുതിയിടറി
നീങ്ങുകയാണ്!
ഇരുമ്പുപാളങ്ങളിലൂടെ
തലകീഴായി കുതിക്കുന്ന
തീവണ്ടിയിലിരുന്ന് ഞാനത് കാണുന്നു.
ആകാശച്ചരുവിലെ ഗോതമ്പുപാടങ്ങൾക്ക്
മുഴുവനന്നേരം തീപിടിച്ചിട്ടുണ്ടായിരുന്നു.
കറുത്ത ചെതമ്പലുകളുള്ള നാഗങ്ങൾ
തീനാളങ്ങൾ നൊട്ടിനുണഞ്ഞ്
മേഘപ്പുറ്റുകളിൽ പറ്റിപ്പടർന്ന്
കിടപ്പുണ്ടായിരുന്നു…
ചരൽക്കല്ലുകളിൽ മലർന്നുകിടന്ന്
സ്വപ്നം കാണുകയായിരുന്ന
നക്ഷത്രമത്സ്യങ്ങളുടെ വായിലൂടെ
പുറത്തേക്ക് വമിക്കുന്ന
ഫാക്ടറിപ്പുകയേറ്റ് മുറിയുന്ന
കാഴ്ചയുടെ കണ്ണികൾ.
തിരക്കില്ലാത്ത റെസ്റ്റോറന്റ്.
ചൂടാറിയ ചായക്കപ്പ്.
തണുപ്പ്!
ഉണക്കവിറകുകൾ
ആളിക്കത്തുന്നൊരു
അടുപ്പിനെക്കുറിച്ച് കവിതയെഴുതിയാലെന്തെന്ന്
ചിന്തിക്കുകയാണ് ഞാനിപ്പോൾ.
പുറത്ത് മഴ!
മഴവെള്ളത്തിന്
വെണ്ണീറിന്റെ നിറം.
ഗന്ധം!
നഗരം മുറിച്ചു നടക്കുമ്പോൾ
തെരുവോരത്ത് ഒറ്റയ്ക്ക്
മഴനനഞ്ഞിരിക്കുന്ന വൃദ്ധൻ
നരച്ച താടിരോമങ്ങളുഴിഞ്ഞ്
“മടുപ്പ് ഒരു ഇഴജന്തുവാണെ”ന്ന്
ഗൗരവത്തോടെ മൊഴിഞ്ഞ്
ഒരു തത്വജ്ഞാനിയിലേക്ക്
പരിവർത്തനപ്പെടുന്ന പോൽ
തോന്നിപ്പിച്ചു.

സെഹ്റാൻ

By ivayana