രചന : ലേഖ വാസു✍

എന്തിനാണിന്നും നീ
ഓർമ്മകളുടെ പിന്നാമ്പുറങ്ങളിലേക്ക്
എന്നെയിങ്ങനെ വലിച്ചിഴക്കുന്നത്?
ആർദ്രമാമൊരു നിമിഷം പോലും
ഓർത്തെടുക്കാനില്ലാത്തൊ-
രിടത്തേയ്ക്ക് വീണ്ടുമിങ്ങനെയെത്തിച്ചെന്നിൽ
എന്തിനാണ് പിന്നെയും മടുപ്പിന്റെ
തിരവലയങ്ങൾ സൃഷ്ടിക്കുന്നത്.
ഉറക്കച്ചടവിന്റെ ഓരോ
അവസാനങ്ങളിൽപ്പോലും
നീയെന്തിനാണെന്റെ
ബോധമണ്ഡലത്തെപ്പോലും
കാർന്നുതിന്നില്ലാതാക്കുന്നത്?
എന്നിട്ടുമൊരേ ഓർമ്മകളിലൂടെ
മദഗന്ധമോലുമോരോ രാവുകളിലും
നീയെന്റെ വിയർപ്പുകണങ്ങളിലെ
ഉപ്പൂറ്റിക്കുടിച്ചു മടങ്ങുമ്പോൾ
മാത്രമാണ് ഞാനറിയുന്നത്
മനസ്സുകൊണ്ട് മരിച്ചവരിനിയുമിവിടെ
ഉയർത്തെഴുന്നേൽക്കുമെന്ന്.
അപ്പോഴും എന്നത്തേയുംപോലെ
ശ്‌മശാനഗന്ധം പേറുന്നൊരാ
ശവംനാറിപ്പൂക്കളുടെ
മനംമടുപ്പിക്കുന്ന ഗന്ധമീ
കാറ്റിലെങ്ങും പരക്കുന്നുണ്ടാവും.
അവയെന്റെ നാസികത്തുമ്പിലേയ്ക്ക്
ഇരച്ചുകയറി വീണ്ടുമെന്നെ
മരണത്തിലേയ്ക്ക് തള്ളിയിട്ട്
മടങ്ങിയിട്ടുമുണ്ടാവാം.

ലേഖ വാസു

By ivayana